കേരളത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കണം. നാടിന്റെ വികസനത്തിന് എതിരായി ആരെങ്കിലും രംഗത്തെത്തിയാല്‍ അതിന് വഴിപ്പെടില്ല. പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സര്‍ക്കാര്‍ നയം എന്ന് മുഖ്യമന്ത്രി.സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
നാടിന്റെ മുന്നോട്ട് പോക്കിന് വന്‍ വികസന പദ്ധതികള്‍ അത്യാവശ്യമാണ്. പദ്ധതി നടപ്പാക്കുമ്പോള്‍ പുനരധിവാസം നല്ല രീതിയില്‍ ഉറപ്പ് വരുത്തും. 13265 കോടി നഷ്ടപരിഹാരത്തിന് നീക്കി വച്ചിട്ടുണ്ട്. കെ റെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ കാര്യത്തിലും പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. ഗ്രാമപ്രദേശങ്ങളില്‍ കമ്പോള വിലയുടെ നാലിരട്ടി പട്ടണങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കും.
1730 കോടി പുനരധിവാസത്തിനും, 4460 കോടി വീടുകളുടെ നഷ്ടപരിഹാരത്തിന് മാറ്റി വച്ചു. റയില്‍ ഗതാഗതമാണ് ഏറ്റവും പരിസ്ഥിതി സൗഹൃദം. സില്‍വര്‍ ലൈന്‍ പരിസ്ഥിതിക്ക് വലിയ നേട്ടം ഉണ്ടാകും. സില്‍വര്‍ ലൈനിന്റെ 88 കിലോ മീറ്റര്‍ തൂണുകളിലൂടെയാണ് കടന്ന് പോകുന്നത്. അതിനാല്‍ തന്നെ നെല്‍പ്പാടങ്ങള്‍ക്കും തണ്ണീര്‍തടങ്ങള്‍ക്കും ഒന്നും സംഭവിക്കില്ല. കാര്‍ബണ്‍ ബഹിര്‍ഗമന തോത് ഗണ്യമായി കുറയും.
പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാണ് സില്‍വര്‍ ലൈന്‍. സംസ്ഥാനത്തെ ദേശീയ പാതയുടെ അവസ്ഥ പലയിടത്തും പഴയ പഞ്ചായത്ത് റോഡിനേക്കാള്‍ പരിതാപകരമാണ്. അതുകൊണ്ട് തന്നെ നാടിന്റെ വികസനത്തിന് വലിയ തോതില്‍ ഉപകരിക്കുന്ന പദ്ധതി ഒഴിച്ച് കൂടാനാകാത്തതാണ്.
റെയില്‍ വേ വികസനം പദ്ധതിയ്ക്ക് ബദലാവില്ല. റോഡുകള്‍ വികസിപ്പിക്കുക എന്നതും ജനസാന്ദ്രത ഏറിയ പ്രദേശങ്ങളില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കും.ഇപ്പോള്‍ ഉയരുന്ന അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കില്ല. സില്‍വല്‍ ലൈന്‍ പദ്ധതിക്ക് ആകെ 63941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 56891 കോടി രൂപ അഞ്ച് വര്‍ഷം കൊണ്ട് ചെലവാക്കും. 2025 ല്‍ പദ്ധതി പൂര്‍ത്തിയാക്കും.
രണ്ട് കൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. പദ്ധതി വൈകുംതോറും ചെലവ് വര്‍ധിക്കും. നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യം വികസിക്കണം. സംസ്ഥാനത്തിന് ധനശേഷി കുറവാണ്. ഇത് പരിഹരിക്കാനായി കിഫ്ബി പുനരുജ്ജീവിപ്പിച്ചു. നാടിന്റെ വികസനം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
കേരളത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കണം. നാടിന്റെ വികസനത്തിന് എതിരായി ആരെങ്കിലും രംഗത്തെത്തിയാല്‍ അതിന് വഴിപ്പെടില്ല. പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സര്‍ക്കാര്‍ നയം.
Get real time update about this post categories directly on your device, subscribe now.