മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളിൽ കുതിച്ചുചാട്ടം; ആശങ്കയോടെ മഹാനഗരം

മഹാരാഷ്ട്രയിൽ 18,466 പുതിയ കേസുകളുമായി കൊവിഡ് കേസുകളിൽ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 51 ശതമാനം വർധനവ് രേഖപ്പെടുത്തിയതോടെ ആശങ്ക ഇരട്ടിച്ചിരിക്കയാണ്.

മുംബൈയിലും 10,860 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ 34 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. സർക്കാർ പൊതു സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളിൽ ദിവസേന യാത്ര ചെയ്യുന്നത് ലക്ഷക്കണക്കിന് യാത്രക്കാരാണ് വീണ്ടും ആശങ്കയിലായിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20 കൊവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ പുതിയതായി സ്ഥിരീകരിച്ച കേസുകളിൽ, 834 രോഗികൾക്ക് ആശുപത്രി പ്രവേശനം അനിവാര്യമാണ്. ഇതിൽ 52 രോഗികൾക്ക് മെഡിക്കൽ ഓക്സിജനും ആവശ്യമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊവിഡ് കേസുകളിൽ മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ കുതിച്ചുചാട്ടത്തിന് പിന്നിൽ പുതിയ വകഭേദമായ ഒമൈക്രോണിന്റെ സാന്നിധ്യമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

മഹാരാഷ്ട്രയിൽ ഇതുവരെ 653 പേർക്ക് ഒമൈക്രോൺ ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അവരിൽ ഭൂരിഭാഗവും മുംബൈയിൽ നിന്നുള്ളവരാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 70 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് നിലവിൽ 3,98,391 പേർ ഹോം ക്വാറന്റീനിലാണെന്ന് പ്രതിദിന ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

കൊവിഡ് കേസുകളുടെ “സുനാമി” പോലും നേരിടാൻ രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനം തയ്യാറാണെന്ന് മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് നടപടികൾ കൈക്കൊള്ളുന്നതെന്നും മേയർ വ്യക്തമാക്കി. ജംബോ ക്വാറന്റൈൻ കേന്ദ്രങ്ങൾ തയ്യാറാണെന്നും കിഷോരി പെഡ്‌നേക്കർ പറഞ്ഞു.

രണ്ടാം കൊവിഡ് തരംഗത്തിനിടെ ആശുപത്രി കിടക്കകളുടെയും മെഡിക്കൽ ഓക്‌സിജന്റെയും അഭാവം നേരിട്ടിരുന്നെന്നും അത് കൊണ്ട് തന്നെ മൂന്നാം തരംഗത്തെ നേരിടാനുള്ള പ്രാരംഭ നടപടികൾ ഇതിനകം സജ്ജമാണെന്നും മേയർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News