പശ്ചിമ ബംഗാളില്‍ ബിജെപിയ്ക്ക് വീണ്ടും അടിപതറുന്നു

പശ്ചിമ ബംഗാളില്‍ ബിജെപിയ്ക്ക് വീണ്ടും അടിപതറുന്നു. കേന്ദ്രമന്ത്രി ശന്തനു താക്കൂറിന്റെ അപ്രതീക്ഷിത നീക്കങ്ങളാണ് തെരഞ്ഞെടുപ്പിലെ തോല്‍വികള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്.

പുനഃസംഘടനയിൽ മതുവ സമുദായത്തെ ബിജെപി അവഗണിച്ചതിന് പിന്നാലെയാണ് ശന്തനു താക്കൂർ ഇടഞ്ഞത്. തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് സഹമന്ത്രിയായ ശന്തനു  ബിജെപിയുടെ എല്ലാ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നും ഒഴിവായി.

അടുത്തിടെ നടന്ന സംസ്ഥാന പുനസംഘടനയില്‍ കേന്ദ്രമന്ത്രി ശന്തനു  താക്കൂർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.  മതുവ സമുദായത്തിന്  അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ബിജെപി നടപടി തന്റെ സമുദായത്തോടുള്ള അവഗണനയാണെന്നാണ് മന്ത്രിയുടെ വിമർശനം.

പുനസംഘടനയില്‍ സുഖന്ത മജുംദാറിനെ അധ്യക്ഷനാക്കി നിയമിച്ചിരുന്നു. ദിലീപ് ഘോഷിന് പകരക്കാരനായാണ് സുഖന്തയെ നിയമിച്ചത്. മതുവ സമുദായത്തില്‍ പ്രധാനപ്പെട്ട നേതാക്കള്‍ക്കാര്‍ക്കും പുനഃസംഘടനയില്‍ പ്രധാനസ്ഥാനം ലഭിച്ചിരുന്നില്ല. പുനസംഘടനയെ ചൊല്ലി മറ്റ് ചില കോണുകളില്‍ നിന്നും അതൃപ്തി ഉയരുന്നുണ്ട്. അഞ്ച് എംഎല്‍എമാര്‍ ഇതിനോടകം നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

മുകുത് മോണി അധികാരി, സുബ്രതാ താക്കൂര്‍, അംബിക റോയ്. അശോക് കിര്‍താനിയ, അസിം സര്‍ക്കാര്‍ എന്നിവരാണ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുള്ളത്. പുനസംഘടനയില്‍ ഇവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് മാറ്റിയിരുന്നു. ഇതോടെ പ്രതിഷേധ സൂചകമെന്നോണം ബിജെപി എംഎല്‍എമാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും ഇവര്‍ പുറത്തുപോയിട്ടുണ്ട്.

അഞ്ച് എംഎല്‍എമാരും കഴിഞ്ഞ ദിവസം ശന്തനു താക്കൂറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കിൽ  അടുത്ത നടപടി കൈക്കൊള്ളുമെന്നാണ് ഇവരുടെ നിലപാട്.

നിലവിൽ വലിയ ഭിന്നതകൾ നിലനിൽക്കുന്നതിനിടെ മതുവ സമുദായത്തെ കൂടി പിണക്കിയാൽ വലിയ തിരിച്ചടിയാകും ബിജെപിക്ക് ലഭിക്കുക. ബിജെപിയുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നും ശന്തനു ഒഴിവായതോടെ പാർട്ടി വിട്ടേക്കുമെന്ന സൂചനയും ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News