ADVERTISEMENT
ഇരുപത്തിയേഴാമത് സംസ്ഥാന ത്രിദിന വനം കായികമേളക്ക് തിരുവനന്തപുരം വേദിയാകുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 10 മുതൽ 12 വരെ നടക്കുന്ന മേളയിൽ 10 വേദികളിലായി 16 മത്സര ഇനങ്ങളിൽ 1200 കായികതാരങ്ങൾ മാറ്റുരയ്ക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ജനുവരി 10ന് രാവിലെ വനംവകുപ്പ് ആസ്ഥാനത്ത് നിന്ന് കനകക്കുന്നിലേക്ക് കൂട്ട ഓട്ടം സംഘടിപ്പിക്കും. ദേശീയ വനം കായികമേളയിൽ എന്നും അനിഷേധ്യ സാന്നിധ്യമാണ് കേരളം.
നിലവിൽ മൂന്നാം സ്ഥാനത്തു നിന്നും ഇത്തവണ ഒന്നാം സ്ഥാനത്തെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് വേദിയിലെത്തുന്നതെന്നും മന്ത്രി പറഞ്ഞു. മേളയുടെ ലോഗോയും തീം സോങ്ങും മന്ത്രി പ്രകാശനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും മേള നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം 11ന് രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. ഗതാഗതവകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ശശി തരൂർ എം പി മുഖ്യാതിഥിയാകും.
വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ, മുഖ്യവനം മേധാവി പി കെ കേശവൻ, കൗൺസിലർമാരായ പാളയം രാജൻ, രാഖി രവികുമാർ, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. വനം വകുപ്പിന്റെ അഞ്ച് സർക്കിളുകൾക്കു പുറമേ, കെ എഫ് ഡി സി, കെ എഫ് ആർ ഐ, ഫോറസ്റ്റ് സെക്രട്ടേറിയറ്റ് എന്നീ മേഖലകളിലുള്ള കായികതാരങ്ങളാണ് മേളയിൽ പങ്കെടുക്കുക.
യൂണിവേഴ്സിറ്റി സ്റ്റേഡിയം (അത്ലറ്റിക്സ്(ട്രാക്ക് &ഫീൽഡ്), ജിമ്മി ജോർജ്ജ് സ്റ്റേഡിയം (ബാഡ്മിന്റൺ, നീന്തൽ), ഐ എച്ച് ആർ ഡി ഹോസ്റ്റൽ, പി ടി പി നഗർ ( വെയിറ്റ് ലിഫ്റ്റിംഗ് & പവർ ലിഫ്റ്റിംഗ്), ടെന്നിസ് കോർട്ട് കുമാരപുരം (ലോൺ ടെന്നിസ്), വനശ്രീ ഓഡിറ്റോറിയം വനം വകുപ്പ് ആസ്ഥാനം (ചെസ്, കാരംസ്), റൈഫിൾ ഷൂട്ടിംഗ് സെന്റർ വട്ടിയൂർക്കാവ് (ടേബിൾ ടെന്നിസ്), മെഡിക്കൽ കോളേജ് ഗ്രൗണ്ട് (ക്രിക്കറ്റ്), സെൻട്രൽ സ്റ്റേഡിയം (കബഡി, ഫുട്ബാൾ, ആർച്ചറി), ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം പാളയം (വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ), എസ് എ പി ക്യാമ്പ് (റൈഫിൾ ഷൂട്ടിംഗ്) എന്നീ വേദികളിലാണ് മത്സരങ്ങൾ നടക്കുക.
കൂടുതൽ ഉയരത്തിൽ, കൂടുതൽ ദൂരത്തിൽ എന്നു തുടങ്ങുന്ന മേളയുടെ തീം സോംഗിന് വരികൾ എഴുതിയിരിക്കുന്നത് സുതീഷ്ണ ബി.കെയും സംഗീതം നൽകിയിരിക്കുന്നത് പിന്നണി ഗായിക പ്രമീളയുമാണ്. മിന്ന എന്ന ആനക്കുട്ടിയാണ് മേളയുടെ ഔദ്യോഗിക ചിഹ്നം. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ ആനക്കുട്ടിയാണ് മിന്ന.
വനം വകുപ്പിൽ ഡി എഫ് ഒ ആയ ബി എൻ നാഗരാജാണ് മേളയുടെ ലോഗോ ഡിസൈൻ തയാറാക്കിയത്. മേളയോടനുബന്ധിച്ച് ജനുവരി 11 വൈകുന്നേരം 6.30ന് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ ചലച്ചിത്ര പിന്നണിഗായിക പ്രമീള നയിക്കുന്ന ഗാനമേളയും സംഘടിപ്പിക്കും. വിജയികൾ ദേശീയ വനം കായികമേളയിൽ കേരളത്തെ പ്രതിനിധീകരിക്കും.
മുൻ വർഷങ്ങളിൽ ദേശീയ വനം കായികമേളകളിൽ ശ്രദ്ധേയമായ പ്രകടനമാണ് കേരളം കാഴ്ചവയ്ക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ചിരുന്ന സംസ്ഥാന വനം കായികമേളയുടെ നിലവിലെ ചാമ്പ്യൻമാർ ഈസ്റ്റേൺ സർക്കിളാണ്. മീറ്റ് 12ന് സമാപിക്കും. മുഖ്യ വനം മേധാവി പി കെ കേശവൻ, എ പി സി സി എഫ് രാജേഷ് രവീന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.