ഖത്തറില്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; പുതിയ നിയമങ്ങൾ ശനിയാഴ്ച മുതൽ നിലവിൽ വരും

ഖത്തറില്‍ കൊവിഡിന്റെ മൂന്നാം തരംഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഭരണകൂടം. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അസീസ് അല്‍താനിയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

2022 ജനുവരി എട്ട് ശനിയാഴ്ച മുതല്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ പ്രധാന കൊവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ ഇങ്ങനെ:

* എല്ലാ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും അവരുടെ ജോലിസ്ഥലത്ത് നിന്ന് തന്നെ തുടര്‍ന്നും ജോലി ചെയ്യാം. പൂര്‍ണ്ണ വാക്‌സിനേഷന്‍ സ്വീകരിച്ച 15-ല്‍ താഴെ ജീവനക്കാരുമായി മീറ്റിംഗുകള്‍ നടത്താം.

* പൊതുമേഖലയിലും സ്വകാര്യമേഖലയിലും കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത എല്ലാ ജീവനക്കാരും തൊഴിലാളികളും ആഴ്ചയിലൊരിക്കല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയവരും കൊവിഡ് നിന്ന് സുഖം പ്രാപിച്ച ജീവനക്കാരും തൊഴിലാളികളും പരിശോധന നടത്തേണ്ടതില്ല.

* തുറസ്സായ സ്ഥലങ്ങളില്‍ കായിക പരിശീലനം നടത്തുന്നവര്‍ ഒഴികെയുള്ളവര്‍ തുറന്നതും അടച്ചതുമായ എല്ലാ പൊതു സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണം.

* രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും സന്ദര്‍ശകരും ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ സജീവമാക്കണം.

* പള്ളികളില്‍ ദിവസേനയും വെള്ളിയാഴ്ചയും ഉള്ള പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്നതിന് പള്ളികള്‍ തുറന്നു കൊടുക്കും. എന്നാല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. പൊതുജനാരോഗ്യ മന്ത്രാലയവും എന്‍ഡോവ്‌മെന്റ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയവും നിശ്ചയിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ പ്രകാരം പള്ളികളിലെ ടോയ്‌ലറ്റുകളും മറ്റു സൗകര്യങ്ങളും തുറക്കാന്‍ അനുവദിക്കും.

* മജ്‌സിലുകളിലും വീടുകളിലുമുള്ള കൂടിച്ചേരലുകള്‍

അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ക്ക് വാക്‌സിനെടുത്ത 10 പേരെ മാത്രമെ അനുവദിക്കുകയുള്ളു. തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ 15. ഇതില്‍ കുടുംബാംഗങ്ങള്‍ക്ക് ഇളവുണ്ട്.

* ഹോട്ടലുകളിലെയും ഹാളിലെയും കല്യാണ പാര്‍ട്ടികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തികരിച്ച 40 പേരെ മാത്രമെ അനുവദിക്കുകയുള്ളു. തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല. പരമാവധി 80 പേരെ പാടുള്ളു.

* പബ്ലിക് പാര്‍ക്കുകള്‍, ബീച്ച്, കോര്‍ണിഷ് എന്നിവിടങ്ങളില്‍ ഒരേ കുടുംബത്തിലെ ഒത്തുചേരലുകള്‍ക്ക് പരമാവധി 15 പേരെ അനുവദിക്കുകയുള്ളു. ഇവിടങ്ങളിലെ വ്യക്തിഗത കായിക പരിശീലനങ്ങള്‍, നടത്തം, ഓട്ടം, സൈക്ലിംഗ് എന്നിവ അനുവദിനീയമാണ്.

* കാറുകളില്‍ ഡ്രൈവറുള്‍പ്പടെ നാല് പേരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളു. അതേസമയം, ഒരേ കുടുംബത്തിലെ ആളുകള്‍ക്ക് ഇതില്‍ ഇളവുണ്ട്.

* ബസ്സുകളില്‍ 60 ശതമാനം ശേഷിയില്‍ മാത്രമെ ആളുകളെ പ്രവേശിപ്പിക്കുകയുള്ളു. യാത്രക്കാർക്കായി മന്ത്രാലയം പുറപ്പെടുവിച്ച മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതാണ്.

* മെട്രോയും പൊതുഗതാഗത സേവനങ്ങളും 60 ശതമാനം ശേഷിയില്‍ ആഴ്ചയില്‍ പ്രവര്‍ത്തിക്കും. യാത്രക്കിടയില്‍ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

* ഡ്രൈവിംഗ് സ്‌കൂളുകള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. ട്രെയിനര്‍മാരും ഉദ്യോഗാർത്ഥികളും വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം.

* സിനിമ തിയറ്ററുകള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.

* രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ ട്രെയിനിംഗ് സ്ഥാപനങ്ങള്‍, നഴ്‌സറികള്‍ എന്നിവ 50 ശതനാമം ശേഷിയിലെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഒരു ഹാളില്‍ 50-ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല. പ്രത്യേക പരിഗണന വേണ്ടവര്‍ക്കായുള്ള ക്ലാസ്സുകളില്‍ അഞ്ച് പേരില്‍ കൂടുതലാളുകളെ അനുവദിക്കാന്‍ പാടില്ല. ട്രെയിനര്‍മാര്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിവരായിരിക്കണം.

* രാജ്യത്തെ മ്യൂസിയം, ലൈബ്രറി എന്നിവ പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തിക്കും. സന്ദര്‍ശകര്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവാരായിരിക്കണം.

* രാജ്യത്തെ മാളുകളിലെയും വാണിജ്യ സ്ഥാപനങ്ങളും, സൂഖുകളും 75 ശേഷിയിലെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. സന്ദര്‍ശകര്‍ പൂര്‍ണ്ണമായും വാക്‌സിനെടുത്തവരായിരിക്കണം. ഫുഡ് കോര്‍ട്ടുകള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും.

* വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് തുറസ്സായ സ്ഥലങ്ങളിലെ ‘ഖത്തര്‍ ക്ലീന്‍’ സര്‍ട്ടിഫിക്കറ്റുള്ള റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും 75 ശതമാനം ശേഷിയില്‍ ഔട്ട്‌ഡോറില്‍ പ്രവര്‍ത്തിക്കാം. ഇവിടങ്ങളില്‍ ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് 40 ശതമാനം ശേഷിയിലെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു.

അടഞ്ഞ സ്ഥലങ്ങളില്‍ ‘ഖത്തര്‍ ക്ലീന്‍’ സര്‍ട്ടിക്കറ്റുള്ള സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ശേഷിയിലും അല്ലാത്തവര്‍ക്ക് 30 ശതമാനം ശേഷിയിലും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബത്തിനൊപ്പമെ പ്രവേശനം ഉള്ളു. എല്ലാ സ്ഥാപനങ്ങളിലെയും ജോലിക്കാര്‍ വാക്‌സിനെടുത്തവരായിരിക്കണം.

* സലൂണുകള്‍, ജിമ്മുകള്‍ തുടങ്ങിയവയ്ക്ക് 50 ശതമാനം ശേഷിയിലെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. സന്ദര്‍ശകരും ജീവനക്കാരും പൂര്‍ണ്ണമായും വാക്‌സിനെടുത്തവരായിരിക്കണം.

* രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തിക്കും, ജീവനക്കാരെല്ലാം പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം.

എന്നിവയാണ് മന്ത്രിസഭ ഇന്ന് പ്രഖ്യാപിച്ച പ്രധാന കൊവിഡ് നിയന്ത്രണങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here