ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം ഇന്ന് കൊച്ചിയില്‍

ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11നാണ് യോഗം.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ വിശദീകരണ യോഗമാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്.

രാവിലെ 11ന് ടിഡിഎം ഹാളിലാണ് ജന സമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം. പരിപാടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരില്‍ നിന്ന് മുഖ്യമന്ത്രി അഭിപ്രായങ്ങള്‍ ആരായും. ഇതോടൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് സംശയ നിവാരണം നടത്തും. യോഗത്തില്‍ മന്ത്രി പി.രാജീവ് അധ്യക്ഷനാകും.

പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കാന്‍ പോകുന്ന സമഗ്രവും ആകര്‍ഷകവുമായ നഷ്ട പരിഹാര പാക്കേജിനെക്കുറിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ആദ്യ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. പദ്ധതിയ്ക്കായി സ്ഥലം വിട്ടുകൊടുക്കുന്ന ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഭൂമി വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരമായി നല്‍കുമെന്നതടക്കമുള്ള പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്ന് ഒന്നര മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം വരെയുള്ള യാത്രയാണ് സാധ്യമാകുക. കൊച്ചിയില്‍ നിന്ന് കോഴിക്കോട് എത്താന്‍ 75 മിനിറ്റ് മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രാനിരക്ക്. അതായത് കൊച്ചിയില്‍ നിന്ന് 540 രൂപയ്ക്ക് തിരുവന്തപുരത്തെത്താനാകും. എറണാകുളം ജില്ലയില്‍ കൊച്ചി വിമാനത്താവളത്തിലും കാക്കനാടുമാണ് സ്റ്റേഷനുകളുണ്ടാവുക.

11 ജില്ലകളിലൂടെ കടന്നുപോകും വിധമാണ് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് തയാറാക്കിയിരിക്കുന്നത്. 529.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍വര്‍ ലൈനില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിനുകള്‍ സഞ്ചരിക്കുക. 1435 എംഎം സ്റ്റാന്‍ഡേഡ് ഗേജിലാണ് പാതയുടെ നിര്‍മ്മാണം. കേരളത്തിന്റെ തെക്ക് നിന്നു വടക്കേ അറ്റം വരെ യാത്ര ചെയ്യുന്നതിന് നിലവില്‍ പത്തു മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയുള്ള സമയം എന്നത് സില്‍വര്‍ ലൈന്‍ വഴിയാണെങ്കില്‍ അത് നാലുമണിക്കൂറായി ചുരുങ്ങും.സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കെ-റെയില്‍ കമ്പനിയാണു പദ്ധതിയുടെ നിര്‍മാണം നടത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.v

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News