ഇന്ധന വിലവര്‍ധനവ്; കസാഖിസ്ഥാനില്‍ രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ശക്തമായ ജനകീയ പ്രക്ഷോഭം തുടരുന്ന കസാഖിസ്ഥാനില്‍ രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രാജിവെച്ചിരുന്നു. ഉപപ്രധാനമന്ത്രി അലിഖാന്‍ സ്‌മൈലോവിനെ ഇടക്കാല പ്രധാനമന്ത്രിയായിനിയമിച്ചു.

പെട്രോളിയം ഖനികള്‍ നിറഞ്ഞ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഷനാവോസനില്‍ ആരംഭിച്ച പ്രതിഷേധം കസാഖിസ്ഥാനിലെ മുഴുവന്‍ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും പടരുകയായിരുന്നു. പ്രതിഷേധം ശക്തമായി തുടരുന്ന അല്‍മാറ്റി നഗരത്തിലും പടിഞ്ഞാറന്‍ പ്രവിശ്യയായ മങ്കിസ്റ്റോയിലുമാണ് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ രാത്രി കര്‍ഫ്യുവും തുടരും. കസാഖിസ്ഥാനിലാകെ ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്.

കസാഖിസ്ഥാനില്‍ നേരത്തെ തന്നെ ദാരിദ്ര്യവും അസമത്വവും അഴിമതിയും കടുത്ത പ്രതി്‌ഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പെട്രോളിയം ഖനനം നിലനില്‍ക്കുന്ന രാജ്യത്ത് പെട്രോള്‍, എല്‍പിജി വില കൂടി ഇരട്ടിയായതോടെയാണ് ജനങ്ങള്‍ സമരവുമായി തെരുവില്‍ അണിനിരന്നത്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍പിജിയുടെ വിലനിയന്ത്രണം സര്‍ക്കാര്‍ അടുത്തിടെ എടുത്തുകളഞ്ഞിരുന്നു.

പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജി വച്ചിരുന്നു. രാജി അംഗീകരിച്ചതായി അറിയിച്ച പ്രസിഡന്റ് കാസിം ജോമാര്‍ത്ത് ടൊകയേവ് ഉപപ്രധാനമന്ത്രി അലിഖാന്‍ സ്‌മൈലോവിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. പുതിയ സര്‍ക്കാര്‍ നിലവില്‍ വരും വരെ പഴയ മന്ത്രിമാര്‍ ചുമതലയില്‍ തുടരും. രാജ്യത്ത് കുറഞ്ഞ ഇന്ധനവില പുനഃസ്ഥാപിക്കുമെന്ന് പ്രസിഡന്റ് ഉറപ്പുനല്‍കിയിട്ടുണ്ട്.

പെട്രോളിയം ഖനനവും പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണാധികാരവും അന്താരാഷ്ട്ര കുത്തകകള്‍ക്ക് എഴുതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രക്ഷോഭം നടക്കുന്ന ആദ്യ രാജ്യമല്ല കസാഖിസ്ഥാന്‍. പെട്രോള്‍ വില ഇരട്ടിയായതോടെ അര ഡോളറാണ് നിലവില്‍ കസാഖിസ്ഥാനിലെ പെട്രോള്‍ വില.

പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുന്ന ഇന്ത്യപോലുള്ള രാജ്യങ്ങളിലും ജനത അസംതൃപ്തരാണ്. പ്രക്ഷോഭക്കാരെ ആക്രമിച്ചും ജനാധിപത്യത്തെ തകര്‍ത്തെറിഞ്ഞും പ്രതിഷേധങ്ങളെ വഴിതിരിച്ചുവിട്ടും ശിങ്കിടിമുതലാളിത്തം തുടരുകയാണ് വലതുപക്ഷ ഭരണകൂടങ്ങളെല്ലാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News