രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി ദില്ലി സർക്കാർ. ഒരൊറ്റ ദിവസം കൊണ്ട് കേസുകൾ ഇരട്ടിച്ചതും 22 രോഗികളെ അതീവ ഗുരുതര നിലയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നതും ആണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ ദില്ലി സർക്കാരിനെ പ്രേരിപ്പിച്ചത്.
കൊവിഡിൻെറ വ്യാപനത്തെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച 5000ലെറെ പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത് എങ്കിൽ ബുധനാഴ്ച പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിൽ ഏറെ ആണ്. ഈ സാഹചര്യത്തിൽ ആണ് അവശ്യ സർവീസുകൾ ഒഴികെ ബാക്കിയുള്ളവർക്ക് വാരാന്ത്യങ്ങളിൽ പുറത്ത് ഇറങ്ങുന്നതിന് കർശന നിയന്ത്രണം ദില്ലി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർ, ജഡ്ജിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അഭിഭാഷകർ , ആരോഗ്യ പ്രവർത്തകർ, രോഗികൾ, ഗർഭിണികൾ, ദീർഘദൂര അന്തർ സംസ്ഥാന യാത്രക്കാർ, മാധ്യമ പ്രവർത്തകർ, പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾ എന്നിങ്ങനെ ഉള്ളവർക്കാണ് വാരാന്ത്യങ്ങളിൽ യാത്ര ചെയ്യാൻ അനുമതി ഉള്ളത്. നാഷണൽ മ്യൂസിയവും, പാർക്കുകളും ദില്ലി സർക്കാർ അടച്ചിട്ടുണ്ട്.
ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും 11%ന് മുകളിലേക്ക് ഉയർന്നു. അതേസമയം, സർക്കാർ ഏർപ്പെടുത്തിയ കർഫ്യൂവിൽ അതൃപ്തിയുമായി വ്യാപാരികളും രംഗത്ത് എത്തിയിട്ടുണ്ട്. കർഫ്യൂ നിയന്ത്രണങ്ങൾ പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ രണ്ടായി കുറയ്ക്കും എന്നാണ് വ്യാപാരികൾ പറയുന്നത്. ഇത് വാടക, നികുതി എന്നിവയിൽ കനത്ത ബാധ്യത സൃഷ്ടിക്കും എന്നും വ്യാപാരികൾ ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.