പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കരുത്; മന്ത്രി വി.ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കർമ്മ പദ്ധതിയുമായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ഡിപിഐ ഓഫീസിൽ നേരിട്ടെത്തി മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ഏതാണ്ട് പതിനയ്യായിരത്തോളം ഫയലുകളാണ് ഡിപിഐ ഓഫീസിൽ കെട്ടിക്കിടക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ 6,000 ഫയലുകൾ ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ബാക്കിയുള്ളവയിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കണം.

കെട്ടിക്കിടക്കുന്ന ചില ഫയലുകൾ മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ജീവനക്കാരുടെ പെൻഷനുകളിന്മേൽ 1,271 ഫയലുകളിൽ നടപടി പൂർത്തിയാക്കേണ്ടതുണ്ട്.

അധ്യാപക പുനർവിന്യാസം, സംരക്ഷണം എന്നിവയുടെ 918 ഫയലുകൾ കെട്ടിക്കിടക്കുകയാണ്. അധ്യാപകരുടെ നിയമന, അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ട 5,088 ഫയലുകളിൽ ഇനിയും തീർപ്പാക്കാനുണ്ട്.

എയിഡഡ് /എൽ പി / യു പി അധ്യാപക – അധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാരം സംബന്ധിച്ച അപ്പീലുകളിൽ 1881 ഫയലുകൾ ഉണ്ട്. വിജിലൻസ് സെക്ഷൻ ഫയലുകളിൽ 1204 എണ്ണം ബാക്കിയുണ്ട്. മെഡിക്കൽ റീഇമ്പേഴ്സ്മെന്റുമായി ബന്ധപ്പെട്ട 666 ഫയലുകൾ ഉണ്ട്. ഒരു വർഷത്തിനു മേലെ അഞ്ചുവർഷത്തിനകം ഏതാണ്ട് 576 ഓഡിറ്റ് ഫയലുകളിൽ നടപടി സ്വീകരിച്ചു പൂർത്തിയാക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കണം എന്നതാണ് സർക്കാർ നിലപാട്. പ്രീ പ്രൈമറി തലം മുതൽ സ്കൂളിൽ എത്തിച്ചേരുന്ന വിദ്യാർഥികൾക്ക് പന്ത്രണ്ടാം ക്ലാസ് വരെ കാര്യക്ഷമമായ പഠനം നടത്തുന്നതിന് സാഹചര്യമൊരുക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ഓരോ ജീവനക്കാരനും ജീവനക്കാരിയും ബാധ്യസ്ഥരാണ്.

സ്കൂളുകളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും ഡയറക്ടറേറ്റിന്റെ പ്രവർത്തനം പരമപ്രാധാന്യം അർഹിക്കുന്നു. ഓഫീസിൽ സമയബന്ധിതമായി ഫയലുകൾ തീർപ്പാക്കേണ്ടതുണ്ട്. ഭരണതലത്തിലെ പ്രശ്നങ്ങളുണ്ടെങ്കിൽ തന്റെ ഓഫീസിന്റെ ഇടപെടലിലൂടെ അത് പരിഹരിക്കാൻ നടപടിയെടുക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.

വകുപ്പിന്റെ ഏകോപനം സംബന്ധിച്ച് അധ്യാപക-അനധ്യാപക ജീവനക്കാരുടെ സംഘടനകളുടെയും മാനേജ്മെന്റുകളുടെയും യോഗം ചേരുകയുണ്ടായി. ഫയൽ അദാലത്തുകൾ, ഫ്രണ്ട് ഓഫീസ് സംവിധാനം, ലാൻഡ്ഫോൺ സംവിധാനം എന്നിവ സംഘടിപ്പിക്കുമെന്ന് യോഗത്തിൽ അറിയിച്ചിട്ടുണ്ട്.

താഴെത്തട്ടിലെ ഓഫീസുകളിൽ അദാലത്തും മറ്റു സംവിധാനങ്ങളും അദാലത്തിനെ തുടർന്നുള്ള പരിശോധനയും നടപടിക്രമങ്ങളും സ്വീകരിക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ തികച്ചും കാര്യക്ഷമമായും അഴിമതിരഹിതമായും പ്രവർത്തിക്കണമെന്ന് മന്ത്രി വ്യക്തമാക്കി .

ഓഫീസുകളിലെ ഹാജർ സംബന്ധിച്ച പരിശോധന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാര്യക്ഷമമായി നിർവഹിക്കണം. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ചുമണി വരെ അന്നേദിവസം ഹാജർ രേഖപ്പെടുത്തിയ ഓരോ ജീവനക്കാരനും ജീവനക്കാരിയും അവരവരുടെ സീറ്റുകളിൽ ഇരുന്ന് കാര്യക്ഷമമായി ജോലികൾ നിർവഹിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News