ഏഴുപേർക്ക് ജീവിതം തുന്നിച്ചേർക്കാൻ അവയവങ്ങൾ ദാനം ചെയ്ത കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ് വിനോദി(54)ന് മെഡിക്കൽ കോളേജ് അധികൃതരുടെയും ജീവനക്കാരുടെയും യാത്രാമൊഴി.
പോസ്റ്റുമോർട്ടത്തിനു ശേഷം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെത്തിച്ച വിനോദിന്റെ ഭൗതികശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ഡോക്ടർമാരും നേഴ്സുമാരും മൃതസഞ്ജീവനി ജീവനക്കാരും നേഴ്സിംഗ് വിദ്യാർത്ഥികളും സെക്യൂരിറ്റി ജീവനക്കാരുമെല്ലാം എത്തിയിരുന്നു.
ഏഴുപേർക്ക് അവയവം ദാനം ചെയ്ത് വിസ്മൃതിയിലേയ്ക്ക് മറഞ്ഞ വിനോദിന് പുഷ്പങ്ങളും ഒരു തുള്ളി കണ്ണീരുമർപ്പിച്ച് തൊഴുകൈകളോടെ അവർ നടന്നുനീങ്ങുമ്പോൾ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയത് അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച സ്വകാര്യബസിടിച്ചാണ് ബൈക്ക് യാത്രക്കാരനായ എസ് വിനോദി(54)ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിനോദിന് ചൊവ്വ രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.
ഹൃദയവും കരളും വൃക്കകളും കൈകളും നേത്രപടലവുമടക്കം എട്ട് അവയവങ്ങൾ ഏഴുപേർക്കായി ദാനം ചെയ്താണ് വിനോദ് യാത്രയായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.