മോദിയുടേത് ജനങ്ങളുടെ സിംപതി നേടാനുള്ള കേവലം തരംതാഴ്ന്ന പ്രവൃത്തി ; രാകേഷ് ടികായത്

കഴിഞ്ഞ ദിവസം പഞ്ചാബിൽ കണ്ടത് പൊതുജനത്തിന്റെ ശ്രദ്ധയാകർഷിക്കാനും സിംപതി നേടാനും മോദി നടത്തിയ നാടകമാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. വാർത്താ ഏജൻസിയായ എ.എൻ.ഐയോടായിരുന്നു ടികായത്തിന്റെ പ്രതികരണം.

‘പ്രധാനമന്ത്രി പഞ്ചാബിൽ വരുമ്പോൾ സുരക്ഷയുമായി ബന്ധപ്പെട്ട് എന്ത് ക്രമീകരണങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്? ഒരു പ്രശ്‌നവും കൂടാതെ അദ്ദേഹം തിരിച്ചെത്തിയെന്ന വാർത്തകൾ ഇത് മുൻകൂട്ടി പദ്ധതിയിട്ടതാണെന്ന് വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ ദിവസം പഞ്ചാബിൽ കണ്ടത് ജനങ്ങളുടെ സിംപതി നേടാനുള്ള കേവലം തരംതാഴ്ന്ന പ്രവൃത്തി മാത്രമാണ്,’ ടികായത് പറയുന്നു.

പ്രധാനമന്ത്രി പഞ്ചാബിലേക്ക് പോകാൻ പാടില്ലായിരുന്നെന്നും ടികായത് കൂട്ടിച്ചേർത്തു. ‘പഞ്ചാബിൽ സുരക്ഷാപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

റാലിയിൽ ആളില്ലാത്തതുകൊണ്ടാണ് നരേന്ദ്ര മോദി പഞ്ചാബിൽ നിന്നും മടങ്ങിയതെന്ന് പഞ്ചാബ് സർക്കാരും പറയുന്നു. ഇരുവരും സ്വയം പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഒരിക്കലും പഞ്ചാബിലേക്ക് പോകരുതായിരുന്നു,’ ടികായത് പറയുന്നു.

പഞ്ചാബിൽ സംഭവിച്ചത് സുരക്ഷാവീഴ്ചയാണോ അതോ കർഷകർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചതാണോ എന്ന കാര്യം അന്വേഷിക്കണമെന്നും ടികായത് പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ ജനങ്ങളാരും പങ്കെടുക്കാത്തതിന്റെ നാണക്കേട് മറയ്ക്കുന്നതിനായാണ് ബി.ജെ.പി സുരക്ഷാവിഴ്ചയെന്ന വിഷയം ഉയർത്തിക്കാട്ടുന്നതെന്നായിരുന്നു പഞ്ചാബ് പി.സി.സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here