രാത്രിയില്‍ കിടന്ന ഉടന്‍തന്നെ ഉറങ്ങണോ ? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…

രാത്രിയില്‍ കിടന്ന ഉടന്‍തന്നെ ഉറങ്ങുക എന്നതാണ് നമ്മുടെ ഏവരുടേയും ആഗ്രഹം. ഒരൽപം ചൂടുള്ള പാൽ, അല്ലെങ്കിൽ ചെറുചൂടുവെള്ളത്തിൽ കിടക്കും മുൻപ് ഒരു കുളി. ഇതെല്ലാം ഉറക്കം വരാനുള്ള വഴികളാണെന്ന് നമുക്കെല്ലാം അറിയാം.

എന്നാലും ചിലപ്പോൾ ഇതെല്ലാം പരീക്ഷിച്ചാലും ഒരുപക്ഷേ, ഉറക്കം വരാൻ ബുദ്ധിമുട്ടും. തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടി വരാറുണ്ടോ? എങ്കിൽ ഈ പറയുന്ന വഴികൾ ഒന്നു പരീക്ഷിച്ചു നോക്കൂ.

ഇടതു മൂക്കിലൂടെ ശ്വാസം എടുക്കുക

ഇതൊരു യോഗ പരിശീലന മുറയാണ്. യോഗയിൽ ഇക്കാര്യം പറയുന്നുണ്ട്. രക്തസമ്മർദം കുറയ്ക്കാനും ശരീരത്തെയും മനസിനെയും ശാന്തമാക്കാനും ഈ മാർഗം സഹായിക്കും. ചെയ്യേണ്ടത് ഇങ്ങനെ. ഇടതുവശം ചെരിഞ്ഞ് കിടക്കുക. ഒരു കൈവിരൽ കൊണ്ട് വലതു മൂക്ക് പൊത്തിപ്പിടിക്കുക. എന്നിട്ട് പതുക്കെ ദീർഘമായി ഇടത്തേ നാസാദ്വാരത്തിലൂടെ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. അമിതമായ ചൂടോ സ്ത്രീകളിൽ ആർത്തവവിരാമ സമയത്തോ ഉറക്കം ലഭിക്കാതാകുമ്പോൾ ഈ മാർഗം പരീക്ഷിച്ചാൽ മതി.

മസിലുകൾ അയച്ച് ശരീരം റിലാക്‌സ് ആക്കുക

മസിലുകൾ അയച്ച് കിടക്കുന്നത് ഉറക്കം വരാൻ സഹായിക്കുമെന്നാണ് സ്ലീപ് തെറാപ്പിസ്റ്റുകൾ പറയുന്നത്. മലർന്നു കിടന്ന് പതുക്കെ മൂക്കിലൂടെ ദീർഘശ്വാസം എടുക്കുക. അതേസമയം തന്നെ കാലുകൾ വലിച്ചു പിടിക്കുക. പിന്നീട് മസിലുകൾ അയച്ചുപിടിക്കുക. പിന്നീട് വീണ്ടും പതുക്കെ ശ്വാസം എടുത്ത് കാലുകൾ മുട്ടുവരെ ചുരുക്കുക. എന്നിട്ട് വീണ്ടും നിവർത്തുക. വീണ്ടും ശ്വാസം എടുത്ത് കാൽവണ്ണ, തുടകൾ, അടിവയർ, നെഞ്ച്, കൈകൾ അങ്ങനെ എല്ലാ മസിലുകളും സങ്കോചിപ്പിക്കുക. എല്ലാ മസിലുകളും വലിച്ചുപിടിച്ച് പതുക്കെ ഓരോന്നായി അയച്ചുവിടുക. ഇതെല്ലാം ചെയ്തു കഴിയുമ്പോൾ ശ്വസനഗതി നേരെയായിട്ടുണ്ടാകും. ഉറക്കം പതുക്കെ നിങ്ങളെ അനുഗ്രഹിക്കും.

ഉണർന്നിരിക്കാൻ ശ്രദ്ധിക്കുക

ഉറങ്ങാതെ ഉണർന്നിരിക്കാൻ ശ്രമിക്കുക. അതിനായി മനസ്സിനെ വെല്ലുവിളിക്കുക. അപ്പോൾ മനസ്സ് തിരിച്ചു പ്രതികരിക്കും. സ്ലീപ് പാരഡോക്‌സ് എന്നാണ് ഇതിനെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. കണ്ണുകൾ തുറന്നു പിടിക്കുക. ഞാൻ ഉറങ്ങില്ലെന്നു ആവർത്തിച്ചു സ്വയം പറഞ്ഞു കൊണ്ടേയിരിക്കുക. അതായത് തലച്ചോർ എല്ലായ്‌പ്പോഴും നെഗറ്റീവ് കാര്യങ്ങൾ പ്രോത്സാഹിപ്പിക്കില്ല. അപ്പോൾ കണ്ണിന്റെ മസിലുകൾ ക്ഷീണിക്കുകയും സ്വയം ഉറങ്ങാനുള്ള നിർദേശം തലച്ചോറിന് ലഭിക്കുകയും ചെയ്യുന്നു.

ദൈനംദിന കാര്യങ്ങൾ ഓർത്തെടുക്കുക

ഒരുദിവസം നടന്ന കാര്യങ്ങൾ തലതിരിച്ച് ആലോചിച്ചു കഴിഞ്ഞാൽ പതുക്കെ ഓർമ ക്ലിയർ ചെയ്യാൻ സാധിക്കും. അങ്ങനെ അന്നു നടന്ന എല്ലാ കാര്യങ്ങളും ഓർത്തെടുക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. നടന്ന സംഭാഷണങ്ങൾ, കണ്ട സ്ഥലങ്ങൾ, ശബ്ദങ്ങൾ അങ്ങനെ എല്ലാം. ഇത് ഉറങ്ങാൻ മനസ്സിനെ ശീലിപ്പിക്കും.

കണ്ണുകൾ വട്ടം കറക്കുക

കിടന്ന ശേഷം കണ്ണുകൾ അടയ്ക്കുകയും കൺ ഗോളങ്ങൾ മൂന്നുതവണ വട്ടം കറക്കുകയും ചെയ്യുക. ഇത് ഉറക്കത്തിന്റെ ഹോർമോണിനെ വർധിപ്പിക്കുകയും ഉറക്കം വേഗത്തിൽ വരാൻ സഹായിക്കുകയും ചെയ്യും.

സങ്കൽപിക്കുക

സ്വയം ഓരോന്നു സങ്കൽപിച്ചു കൂട്ടുക എന്നതാണ് അർത്ഥമാക്കുന്നത്. സ്വയം ഒരു സ്വർഗത്തിലാണെന്ന് സങ്കൽപിക്കുക. അവിടെ നിങ്ങൾ സ്വന്തം സന്തോഷത്തിന്റെ സ്ഥലം കണ്ടെത്തുകയും പൂക്കളെ ആസ്വദിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാൽപാദങ്ങൾക്ക് താഴെ അപ്പോൾ പുൽചെടികൾ ഉണ്ടാകും. അങ്ങനെ വൈകാതെ സ്വയം റിലാക്‌സ് ആയി തോന്നുകയും എളുപ്പത്തിൽ ഉറങ്ങുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here