നുണ പടച്ചുവിട്ട് ജനകീയ സര്‍ക്കാരിനെ താ‍ഴെയിറക്കാമെന്ന വ്യാമോഹം കേരളം പരാജയപ്പെടുത്തും; കോടിയേരി ബാലകൃഷ്ണൻ

സംസ്ഥാന പൊലീസ് സേനയ്ക്കെതിരായ ചില ഒറ്റപ്പെട്ട ആക്ഷേപങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന ഭരണത്തെയും സിപിഐഎമ്മിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള യുഡിഎഫ്- ബിജെപി- ജമാ അത്തെ ഇസ്ലാമി ഹീനശ്രമം കേരളജനത തള്ളിക്കളയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

നുണ പടച്ചുവിട്ടും വര്‍ഗീയത പടര്‍ത്തിയും ജനകീയ സര്‍ക്കാരിനെ താ‍ഴെയിറക്കാനുള്ള വ്യാമോഹം മതനിരപേക്ഷ- ജനാധിപത്യ കേരളം പരാജയപ്പെടുത്തുമെന്നും കോടിയേരി. ദേശാഭിമാനി പത്രത്തില്‍ ചേര്‍ത്തുവയ്ക്കുന്ന ലേഖനത്തിലാണ് കോടിയേരി സിപിഐഎം നിലപാട് വ്യക്തമാക്കുന്നത്.

സംസ്ഥാന ഭരണം, സിപിഐഎം, കേരളാ പൊലീസ് എന്നിവയെ ബന്ധിപ്പിച്ച് തീയില്ലാതെ പുകസൃഷ്ടിക്കാനാണ് ചില രാഷ്ട്രീയകേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. സിപിഐഎം പ്രതിനിധി സമ്മേളന ചര്‍ച്ചകളെ വളച്ചൊടിച്ച് മാധ്യമങ്ങളും ഈ കുപ്രചാരണങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണ്.

ആഭ്യന്തരഭരണം മോശമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ചുവെന്ന നുണ എ‍ഴുതി വിടാനുള്ള ചങ്കൂറ്റം വരെ കാണിച്ച മാധ്യമങ്ങളുണ്ട്. ഈ ഘട്ടത്തിലാണ് സിപിഐഎം നിലപാട് വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ദേശാഭിമാനി ലേഖനം ചര്‍ച്ചയാകുന്നത്.

തൊ‍ഴിലാളി സമരങ്ങളെ അടിച്ചമര്‍ത്തുകയും സാധാരണ ജനങ്ങളുടെ മേല്‍ കുതിര കയറുകയും ചെയ്യുന്ന തരത്തില്‍ മുതലാളിമാരുടെയും ജന്മിമാരുടെയും ശിങ്കിടികളായിരുന്നു കോണ്‍ഗ്രസ് ഭരണകാലത്തെല്ലാം പൊലീസ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരുടെ ജീവിതം പോലും തകര്‍ക്കുന്ന, വംശഹത്യകള്‍ക്ക് ഒത്താശ ചെയ്യുന്ന സേനയായി മാറിയിരിക്കുന്നു ബിജെപി ഭരണത്തിന്‍ കീ‍ഴിലെ പൊലീസ്.

എന്നാല്‍, പണിയെടുക്കുന്നവരുടെ ന്യായമായ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസ് സേനയെ ഉപയോഗിക്കില്ലെന്ന ഒന്നാം ഇഎംഎസ് സര്‍ക്കാരിന്‍റെ നയമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെയും നയിക്കുന്നത്. പൊലീസ് ജനസേവകരായിരിക്കണമെന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും കോടിയേരി തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ അടിത്തറ തകര്‍ക്കാനായി യുഡിഎഫ്- ബിജെപി- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട് ശ്രമിച്ചുകൊണ്ടിരിക്കുന്നത് കേരളീയ മതനിരപേക്ഷതയുടെ അസ്ഥിവാരം തോണ്ടാനാണ്. വര്‍ഗീയ ശക്തികള്‍ പരസ്പരം തമ്മിലടിച്ച് രംഗം കൊ‍ഴുപ്പിക്കാനും ശ്രമം തുടരുന്നു. എന്നാല്‍, അത്തരം കുറ്റകൃത്യങ്ങള്‍ക്ക് വെഞ്ചാമരം വീശുകയല്ല പൊലീസ് ചെയ്യുന്നത്. പൊലീസിന് നേരെയുണ്ടാകുന്ന ആക്ഷേപങ്ങളിലും സമയോചിത നടപടിയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ക്രമസമാധാനപാലനത്തില്‍ കേരളം ഒന്നാമതെത്തിയത് എല്‍ഡിഎഫിന്‍റെ ജാഗ്രവത്തായ ഇടപെടലുകള്‍ കൊണ്ട് കൂടിയാണ്. എല്‍ഡിഎഫ് ഭരണമാണെന്നുള്ളതുകൊണ്ട് തന്നെ ഈ ജനകീയ സര്‍ക്കാര്‍ എല്ലാ ജനങ്ങളുടേതുമാണ്. ഒരു വകുപ്പിന്‍റെയും ഭരണകുത്തക സിപിഐഎമ്മിനല്ല. പൊലീസിനെയും പൊലീസ് ഭരണത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഹീനനീക്കം കേരളജനത എ‍ഴുതിത്തള്ളുമെന്നും കോടിയേരി ബാലകൃഷ്ണന്‍ തന്‍റെ ദേശാഭിമാനി ലേഖനത്തില്‍ എ‍ഴുതിവയ്ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News