ആശങ്കകൾക്ക് അടിസ്ഥാനമില്ല; ദീർഘ വീക്ഷണത്തിന്റെ രജത രേഖയാണ് കെ റെയിൽ, മുരളി തുമ്മാരുകുടി

ദീര്‍ഘ വീക്ഷണത്തിന്‍റെ രജത രേഖയാണ് കെ റെയിലെന്ന് യുഎന്‍ ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുരളി തുമ്മാരുകുടി. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അഭിമാനപദ്ധതി ജനസമക്ഷം ചര്‍ച്ചയാകുമ്പോള്‍ കൂടിയാണ് പദ്ധതിക്ക് തുമ്മാരുകുടിയുടെ അഭിവാദ്യം.

അതിവേഗതയിൽ സഞ്ചരിക്കാൻ സാധ്യതയുള്ള റെയിൽവേ സംവിധാനം കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ലോകത്തിൽ ഉള്ളതാണ്. കേരളത്തിൽ എവിടെയും വേഗത്തിൽ എത്താവുന്ന സാഹചര്യം വന്നാല്‍ അത് കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ സമസ്‌ത തലങ്ങളേയും ഉണർത്തും. അതുകൊണ്ട് തന്നെ ട്രെയിനിന്റെ വേഗത ഇരുന്നൂറ് കിലോമീറ്റർ വരുന്ന സെമി ഹൈ സ്പീഡ് റെയിൽ വേണോ എന്നത് ഒരു തർക്ക വിഷയം പോലും ആകരുതെന്നാണ് കേരള ജനതയോടുള്ള മുരളി തുമ്മാരുകുടിയുടെ അഭ്യര്‍ത്ഥന.

ജപ്പാൻ ഹൈ സ്പീഡ് റെയിൽ ഉണ്ടാക്കിയ കാലഘട്ടവും നമ്മൾ സെമി ഹൈ സ്പീഡ് റെയിൽ ഉണ്ടാക്കുന്ന കാലഘട്ടവും മനസ്സിൽ വയ്ക്കണം. ലോകയുദ്ധാനന്തരം നടന്ന പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നല്‍കി. അത് വിവിധ സമ്പദ് വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുകയും പിൽക്കാല ജീവനാഡിയാകുകയും ചെയ്തു. കേരളത്തിലാണെങ്കില്‍, പ്രോജക്ടുകൾ നടത്തുന്നതും അതിൽ അഴിമതി ഉണ്ടാകുന്നതും അനന്തമായി നീളുന്നതും ഒക്കെ നാട്ടുകാർ കണ്ടിട്ടുണ്ട്. അതിനാല്‍, മുഖ്യമന്ത്രി തന്നെ നേരിട്ട് ആളുകളുടെ ആശങ്ക അകറ്റാനും സംശയങ്ങൾ ദൂരീകരിക്കാനുമായി ജനസമ്പർക്കം നടത്തുന്നത് ശരിയായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. എന്നാല്‍, അറിഞ്ഞോ അറിയാതെയോ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പ്രോജക്ടിന്റെ അല്ല, അതിനെ എതിർക്കുന്നവരുടെ ക്രെഡിബിലിറ്റിയാണ് കളയുന്നത്.

മാറേണ്ടത് നാം മാറില്ല എന്ന ചിന്താഗതിയാണ്. ഏറ്റവും മോശം നിലയില്‍ നില്‍ക്കുമ്പോ‍ഴും വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ജപ്പാന്‍റെ കരുത്താകണം മാതൃക. വേഗമേറുന്ന കാലത്ത് ദീര്‍ഘദൂരം കാണാന്‍ ക‍ഴിയുകയും അവിടേക്ക് അളുകളെ നയിക്കുകയും ചെയ്യുന്നവരെയാണ് നാം നേതാക്കളെന്ന് വിളിക്കുക. മഹാപ്രളയത്തിലും മഹാമാരിയിലും വരുമാനസ്രോതസ്സുകള്‍ അടഞ്ഞപ്പോള്‍, ജനതയെ ചേര്‍ത്തുനിര്‍ത്താനും പുനര്‍ജനിക്കാനുമുള്ള ക‍ഴിവുള്ള നേതൃത്വം അത് മാതൃകയാക്കുമെന്നാണ് പ്രതീക്ഷയെന്നും മുരളി തുമ്മാരുകുടി വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here