എഎസ്ഐയെ കുത്തിയ സംഭവം; പ്രതി പൾസർ സുനിയുടെ സഹ തടവുകാരൻ

കൊച്ചിയില്‍ എഎസ്ഐയെ കുത്തിയ പ്രതി വിഷ്ണു നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനെന്ന് പൊലീസ്. പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയതും ജയിലില്‍ നിന്നും ദിലീപിന് എഴുതിയ കത്തുമായി പോയതും വിഷ്ണുവായിരുന്നു. അമ്പതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണിയാള്‍.

ഇടപ്പളളി മെട്രോ സ്റ്റേഷന് സമീപം എളമക്കര എഎസ്ഐ ഗിരീഷ് കുമാറിനെ കുത്തിയ സംഭവത്തിലാണ് വിഷ്ണുവിനെ പൊലീസ് പിടികൂടുന്നത്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയായിരുന്നു ആക്രമണം. കളമശേരി എച്ച്എംടി സ്വദേശിയായ വിഷ്ണു നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

കാക്കനാട്ട് ജയിലില്‍ കഴിയുമ്പോഴായിരുന്നു പള്‍സര്‍ സുനിയും വിഷ്ണുവും സഹതടവുകാരായത്. ജയിലില്‍ വച്ച് നടന്‍ ദിലീപിന് വേണ്ടി എഴുതിയ കത്ത് ഏല്‍പ്പിക്കാന്‍ പള്‍സര്‍ സുനി കൊടുത്തു വിട്ടത് വിഷ്ണുവിന്‍റ പക്കലായിരുന്നു. വിഷ്ണു കത്തുമായി ദിലീപിന്‍റെ വീട്ടിലെത്തിയെങ്കിലും ആ സമയം അവിടെയില്ലാത്തതിനാല്‍ സഹോദരന്‍ അനൂപിന് കൈമാറി. ജയിലില്‍ നിന്നും പുറത്തിറങ്ങിയ വിഷ്ണു, ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെയും സഹോദരന്‍ അനൂപിനെയും കണ്ടതിന്‍റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. കൂടാതെ ദിലീപിന്‍റെ സുഹൃത്തായ നാദിര്‍ഷയെയും വിഷ്ണു നിരവധി തവണ വിളിച്ചതിന്‍റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതോടൊപ്പം പള്‍സര്‍ സുനിക്ക് ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയതും വിഷ്ണുവായിരുന്നു. സ്പോര്‍ട്സ് ഷൂവിനുളളില്‍ ഒളിപ്പിച്ചാണ് ഇയാൾ സുനിക്ക് മൊബൈല്‍ എത്തിച്ച് നല്‍കിയത്. കേസില്‍ ഇയാള്‍ പത്താം പ്രതിയാണെങ്കിലും പിന്നീട് പ്രോസിക്യൂഷന്‍ മാപ്പുസാക്ഷിയാക്കി.

മോഷണം, മാലപറിക്കല്‍, പിടിച്ചുപറി തുടങ്ങീ അമ്പതിലധികം കേസുകളില്‍ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം കുറ്റവാളിയായ ഇയാള്‍ നിലവില്‍ എഎസ്ഐയെ കുത്തിയ കേസില്‍ റിമാന്‍ഡിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News