ഒമൈക്രോണ്‍ ഭീതി; റിലീസ് മാറ്റി വച്ച് വമ്പന്‍ ചിത്രങ്ങള്‍

രാജ്യത്ത് ഒമൈക്രോണ്‍ ഭീതിയില്‍ റിലീസ് മാറ്റി വച്ച് വമ്പന്‍ ചിത്രങ്ങള്‍. ജനുവരിയില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് റിലീസ് മാറ്റിവച്ചത്. എന്നാല്‍ മലയാള ചിത്രങ്ങളായ മേപ്പടിയാനും സല്യൂട്ടും ജനുവരി 14ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്

ഷാഹിദ് കപൂര്‍ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ജേഴ്‌സിയാണ് റിലീസ് മാറ്റിവച്ച ആദ്യ ചിത്രം. നാനി നായകനായെത്തിയ തെലുങ്ക് ചിത്രം ജേഴ്‌സിയുടെ റീമേയ്ക്ക് ആണിത്. ഗൗതം ടിന്നാന്നൂരി സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 31നാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്.

എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ ആണ് ഇതിന് പിന്നാലെ റിലീസ് മാറ്റി വച്ചത്. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രം ജനുവരി ഏഴിനാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണം ശക്തമാവുകയും തീയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കും.

പ്രഭാസ് നായകനായെത്തുന്ന ബഹുഭാഷാ ചിത്രം രാധേ ശ്യാമും ജനുവരി 14 ലെ റിലീസ് മാറ്റിവച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

അജിത് കുമാര്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘വലിമൈ’യുടെ റിലീസും നീട്ടിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കോവിഡ് സാഹചര്യം മൂലം മാറ്റിവച്ചത്. എച്ച്.വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകരുടെ തിയറ്റര്‍ അനുഭവത്തിനായി തങ്ങളും കാത്തിരിപ്പിലായിരുന്നെന്നും എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെതന്നെ സുരക്ഷയെ കരുതി റിലീസ് നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ‘വലിമൈ’ ടീം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. പുതിയ തീയതി പിന്നീട് അറിയിക്കും.

അക്ഷയ് കുമാര്‍ നായകനായെത്തുന്ന പൃഥ്വിരാജ് ആണ് ജനുവരി റിലീസ് മാറ്റി വച്ച മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്ര. യഷ് രാജ് ഫിലിംസ് ഒരുക്കുന്ന ചിത്രം ജനുവരി 21നാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News