മരണവും, രോഗാവസ്ഥയുമൊക്കെയുമുള്ള കുറേ മനുഷ്യരാണ് അവിടെയും ജീവിക്കുന്നത്;

കെ- റെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തില്‍ കാസര്‍ഗോഡ്കാരനായ മാധ്യമപ്രവർത്തകൻ അഭിജിത്ത് പി ജെയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

ഏത് പദ്ധതിയെയും ആര്‍ക്കും എതിര്‍ക്കുകയോ അനുകൂലിക്കുകയോ ഒക്കെ ചെയ്യാം. പക്ഷെ വടക്കോട്ട് നോക്കീട്ട് അങ്ങോട്ടെന്തിനാ ഇതൊക്കെ എന്ന വെടക്ക് ചോദ്യം അരുത്. മരണവും, രോഗാവസ്ഥയും അത്യാവശ്യങ്ങളുമൊക്കെ മറ്റാരെപ്പോലെയുമുള്ള കുറേ മനുഷ്യരാണ് അവിടെയും ജീവിക്കുന്നതെന്ന ഓര്‍മപ്പെടുത്തലാണ് അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്

അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇവിടെയിപ്പൊ ആര്‍ക്കാ വേഗം കാസര്‍ഗോഡ് പോകേണ്ടത്?’
പതിനഞ്ചാമതൊരു ജില്ല ഇല്ലാത്തതുകൊണ്ട് വികസനത്തിലെ പതിനാലാം സ്ഥാനത്തിന്റെ ‘സുഖം’ അനുഭവിക്കുന്ന കുറേ മനുഷ്യരുണ്ട് അവിടെ. ഒരു രോഗം വന്നാല്‍, ഒരു ജോലി അഭിമുഖത്തിന്, ഒരു കോടതി ആവശ്യത്തിന് , ഒരു കടലാസ് ശരിയാക്കണമെങ്കില്‍ എല്ലാം പത്തും പതിനഞ്ചും മണിക്കൂര്‍ ട്രെയ്‌നില്‍ ഇരുന്നും കിടന്നുമൊക്കെ വരുന്നവര്‍. തത്കാലോ പ്രീമിയം തത്കാലോ ഏജന്റിന്റെ കൊള്ളലാഭമോ ഒക്കെ കൊടുത്ത് ചിലര്‍, കാലുകുത്താന്‍ പോലുമാകാത്ത ജനറല്‍ കോച്ചില്‍ ഉറക്കം തൂങ്ങിയിരുന്ന് വരുന്ന അധികം പാങ്ങില്ലാത്ത വേറെ ചിലര്‍. യാത്ര പെട്ടന്ന് തീരുമാനിച്ചതെങ്കില്‍ എത്ര പാങ്ങില്ലാത്തവരും ഈ ‘ജനറല്‍’സുഖം അനുഭവിക്കും. രാവിലെ എട്ടുമണി കഴിഞ്ഞാല്‍ പിന്നെ വൈകിട്ടാണ് തലസ്ഥാനത്തേക്കുള്ള തീവണ്ടി, തലസ്ഥാനത്ത് നിന്നും തിരിച്ചും ഇങ്ങനെ തന്നെ. അതിലോ നൂറും നൂറ്റമ്പതും വരെ നീളുന്ന വെയ്റ്റിംഗ് ലിസ്റ്റും. ഓടിത്തുടങ്ങീട്ട് 25 കൊല്ലത്തോളം വേണ്ടിവന്നു, രാജധാനി എക്‌സ്പ്രസിന് ഒരു സ്റ്റോപ്പ് അനുവദിച്ചുകിട്ടാന്‍

ട്രെയ്‌നും ബസുമെല്ലാം തെക്കുനിന്നും പാഞ്ഞെത്തുക നൂറ് കിലോമീറ്റര്‍ അകലെയുള്ള അയല്‍ ജില്ലയുടെ ആസ്ഥാനത്തേക്ക്. കണ്ണൂരില്‍ രാത്രി പതിനൊന്നിനെത്തുന്ന തീവണ്ടിയില്‍ നിന്ന് നിര്‍ത്തും മുന്‍പ് ചാടണം, പുറത്ത് ആദ്യം ഓടിയെത്തുന്നവന് അവസാന ബസിന് നിന്നെങ്കിലും പോകാം.. കുറച്ചാള്‍ക്ക് തൂങ്ങിനില്‍ക്കാം, ചില ദിവസം അതും പ്രശ്‌നമാണ്. സന്ധ്യ കഴിഞ്ഞാല്‍ അതാണ് ഏക ബസ്, പിന്നെ ഒന്നിന് നേരം വെളുക്കണം.
ഏത് പദ്ധതിയെയും ആര്‍ക്കും എതിര്‍ക്കുകയോ അനുകൂലിക്കുകയോ ഒക്കെ ചെയ്യാം. പക്ഷെ വടക്കോട്ട് നോക്കീട്ട് അങ്ങോട്ടെന്തിനാ ഇതൊക്കെ എന്ന വെടക്ക് ചോദ്യം അരുത്. മരണവും, രോഗാവസ്ഥയും അത്യാവശ്യങ്ങളുമൊക്കെ മറ്റാരെപ്പോലെയുമുള്ള കുറേ മനുഷ്യരാണ് അവിടെയും ജീവിക്കുന്നത്. ഞങ്ങളുമൊക്കെയും ഈ നാട്ടിലെ പൗരന്മാരാണ് സര്‍, അത് മറക്കരുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News