ദേശീയ ഇ – ഗവേണന്‍സ് അവാര്‍ഡ് കേരള പൊലീസ് സോഷ്യല്‍ മീഡിയ വിഭാഗം ഏറ്റുവാങ്ങി

ഇ – ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ദേശീയ ഇ – ഗവേണന്‍സ് പുരസ്കാരം കേരള പൊലീസിന്‍റെ സോഷ്യല്‍ മീഡിയ വിഭാഗം ഏറ്റുവാങ്ങി. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ എ.ഡി.ജി.പി മനോജ് എബ്രഹാം, സോഷ്യല്‍ മീഡിയ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരായ കമലാനാഥ് കെ.ആര്‍, ബിമല്‍ വി.എസ്, സന്തോഷ്.പി.എസ് എന്നിവര്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക ഐ.ടി വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗില്‍ നിന്ന് പുരസ്കാരം സ്വീകരിച്ചു.

വാര്‍ത്താവിനിമയം, വിവര സാങ്കേതികവിദ്യ എന്നിവയുപയോഗിച്ചു കേരളാ പൊലീസ് സോഷ്യല്‍ മീഡിയ വിഭാഗം നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേരിട്ടുളള നിയന്ത്രണത്തിലാണ് സോഷ്യല്‍ മീഡിയ വിഭാഗം പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ നൂതനവും ജനോപകാരപ്രദവുമായ സേവനങ്ങള്‍ വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഇ-ഗവേണന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമ്പരാഗത പൊതുജനസമ്പര്‍ക്ക രീതികളില്‍ നിന്ന് വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെയുള്ള ജനകീയ ഇടപെടലിന് സോഷ്യല്‍ മീഡിയ വിഭാഗം നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡ് നിര്‍ണയത്തിന് പരിഗണിച്ചു.

ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും രസകരമായ മറുപടികളിലൂടെയും മലയാളി മനസുകളെ കീഴടക്കിയ കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജ് 18 ലക്ഷം ഫോളോവേഴ്സുമായി ലോകത്തെ സ്റ്റേറ്റ് പൊലീസ് ഫേസ്ബുക് പേജുകളില്‍ മുന്‍നിരയിലാണ്.

ഫോട്ടോക്യാപ്ഷന്‍ : ദേശീയ ഇ-ഗവേണന്‍സ് അവാര്‍ഡ് ലഭിച്ച കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്ലിനുവേണ്ടി എ.ഡി.ജി.പി മനോജ് എബ്രഹാം, സോഷ്യല്‍ മീഡിയ സെല്‍ പൊലീസ് ഉദ്യോഗസ്ഥരായ കമലാനാഥ് കെ.ആര്‍, ബിമല്‍ വി.എസ്., സന്തോഷ്.പി .എസ് എന്നിവര്‍ ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക ഐ.ടി വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗില്‍ നിന്ന് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News