സൂപ്പറായി ‘സൂപ്പര്‍ ശരണ്യ’; തീയറ്ററുകളില്‍ വീണ്ടും ഓളമുണ്ടാക്കി ‘തണ്ണീര്‍മത്തന്‍’ ടീം

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഗിരീഷ് എഡി സംവിധാനവും രചനയും നിര്‍വ്വഹിച്ച ‘സൂപ്പര്‍ ശരണ്യ’ തീയറ്ററുകളിലെത്തി . ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് സൂപ്പര്‍ ശരണ്യ . അനശ്വര രാജന്‍, മമിത ബൈജു, അര്‍ജ്ജുന്‍ അശോകന്‍, നസ്ലിന്‍ കെ ഗഫൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

പാലക്കാട് നിന്നും എന്‍ജിനിയറിംഗ് പഠനത്തിനായി തൃശൂരിലേക്ക് എത്തുന്ന ശരണ്യയുടെയും സുഹൃത്തുക്കളുടെയും കാഴ്ചകളിലൂടെയാണ് കഥ പോകുന്നത്. സ്വതവേ ഇന്‍ട്രോവേര്‍ട്ടും സെന്‍സറ്റീവുമായ ശരണ്യയ്ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും പ്രണയവും ശരണ്യയിലുണ്ടാകുന്ന മാറ്റങ്ങളും രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ശരണ്യയ്‌ക്കൊപ്പം സ്‌കോര്‍ ചെയ്തു നില്‍ക്കുന്ന മമിത ബൈജു ഉള്‍പ്പെടുന്ന ധാബ ഗേള്‍സ് എന്ന് നാലംഗ സംഘത്തിന്റെ കൂടി കഥയാണ് സൂപ്പര്‍ ശരണ്യയിലൂടെ ഗിരീഷ് എഡി പറയുന്നത് .

കോളേജ് അനുഭവങ്ങളും ഹോസ്റ്റല്‍ ജീവിതവും ആണ്‍കുട്ടികളുടെ ഭാഷയില്‍ കണ്ട പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഗിരീഷ് സമ്മാനിച്ച പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ ട്രെയിലറും പാട്ടുകളും റിലീസായപ്പോള്‍ത്തന്നെ ചര്‍ച്ചയായിരുന്നു. നസ്ലിന്‍ കെ ഗഫൂറും ,വിനീത് വാസുദേവന്റെ അജിത് മേനോനും വിനീത് വിശ്വം ചെയ്ത അരുണ്‍ സാറുമൊക്കെ തീയേറ്ററില്‍ ഓളമുണ്ടാക്കി.

ചിത്രത്തിന്റെ പല ഭാഗത്തും ഒരുപക്ഷേ ശരണ്യയെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് മമിത ബൈജുവിന്റെ സോന എന്ന കഥാപാത്രമാണ്. അസാധ്യമായ പ്രകടനവും ക്യാരക്ടര്‍ ഡെവലപ്മെന്റും ആയിരുന്നു സോനയുടേത്. . കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസില്‍ വന്നു പോകുന്ന കഥാപാത്രങ്ങള്‍ പോലും സിനിമ അവസാനിച്ചതിന് ശേഷവും പ്രേക്ഷകര്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. എന്നതാണ് സിനിമയുടെ വിജയം.

സൂപ്പര്‍ ശരണ്യയിലെ എല്ലാ കഥാപാത്രങ്ങളും എന്‍ഗേജിംഗ് ആയി സിനിമയെ മുന്നോട്ട് പോയതു കൊണ്ട് തിരക്കഥയിലെ പോരായ്മയും സെക്കന്റ് ഹാഫിലെ ലാഗിംഗും ഏറെക്കുറെ മറികടന്നിട്ടുണ്ട്. ജസ്റ്റിന്‍ വര്‍ഗീസിന്റെ ആല്‍ബവും സൂപ്പര്‍ശരണ്യയെ സൂപ്പറാക്കുന്നതില്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. സെക്കന്റ് ഹാഫിലെ ലാഗിനെക്കുറിച്ച് ചിന്തിക്കാതെ പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിക്കുന്നതില്‍ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ പങ്ക് വഹിക്കുന്നുണ്ട്. സിനിമയുടെ ദൈര്‍ഘ്യം രണ്ടേമുക്കാല്‍ മണിക്കൂര്‍ കടന്നു പോയതൊഴിച്ചാല്‍ നന്നായി ആസ്വദിക്കാവുന്ന ഒരു ഫീല്‍ ഗുഡ് ക്യാംപസ് സിനിമയാണ് സൂപ്പര്‍ ശരണ്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here