പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ വ്യവസായ വകുപ്പിന് കേന്ദ്രീകൃത ഓൺലൈൻ നിരീക്ഷണ സംവിധാനം

വ്യവസായ, കയർ വകുപ്പുകളുടേയും വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുടേയും സ്ഥാപനങ്ങളുടേയും പദ്ധതികൾ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത ഓൺലൈൻ സംവിധാനം
നിലവിൽ വന്നു. പദ്ധതികളുടെ പുരോഗതി തൽസമയം നിരീക്ഷിക്കുന്നതിനും
ആവശ്യമായ ഇടപെടൽ നടത്തി നിർവ്വഹണം സുഗമമാക്കുന്നതിനുമുള്ള സൗകര്യമാണ് കേന്ദ്രീകൃത നിരീക്ഷണ സംവിധാനത്തിലുള്ളത്.

തിരുവനന്തപുരം ഹോട്ടൽ റസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് പി.എം.എസ് ഉദ്ഘാടനം ചെയ്തു.വകുപ്പിലെ പദ്ധതികളുടെ മേൽനോട്ടം വഹിക്കുകയും പദ്ധതിനിർവഹണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയുമാണ്

ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായവും അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ സർവ്വകലാശാലയെ പി.എം.എസിന്റെ രൂപകൽപന ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതികൾ ഈ പ്രോജക്ട് മാനേജ്മെൻറ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരും. കേന്ദ്രീകൃത ആക്ടിവിറ്റി കലണ്ടർ മുഖേന ഇവ ബന്ധിപ്പിക്കും.

പദ്ധതികളുടെ സാമ്പത്തിക പുരോഗതി, ഭൗതിക പുരോഗതി, നേട്ടങ്ങൾ എന്നിവ തൽസമയം നിരീക്ഷിക്കാൻ ഇത് അവസരമൊരുക്കും. നിർവഹണ ഉദ്യോഗസ്ഥർക്ക് പദ്ധതി നടപ്പാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും പരാതികളും റിപ്പോർട്ട് ചെയ്യുന്നതിനും ഇതിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലും മന്ത്രി തലത്തിലും പരിഹാരം കാണേണ്ട പ്രശ്നങ്ങൾക്ക് അതത് തലത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുള്ള സൗകര്യവുമുണ്ട്.
പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കൽ, സ്ഥലം അനുവദിക്കൽ, നിർമ്മാണജോലികൾ,സംരംഭക വർഷത്തിന്റെ ഭാഗമായുള്ള ഒരു ലക്ഷം സംരംഭങ്ങളുടെ രൂപീകരണം, മീറ്റ് ദ മിനിസ്റ്റർ പരിപാടിയുടെ തുടർ നടപടികൾ എന്നിവയുടെ തത്സമയ സ്ഥിതി ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാനാകും.

മൊബൈൽ ആപ്പും ഇതോടൊപ്പം പുറത്തിറക്കും. പദ്ധതികളുടെ വിശദാംശങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് അപ്പ് ലോഡ് ചെയ്യുന്നതിനും, നിർമ്മാണ പുരോഗതിയുടെ ചിത്രങ്ങളും വീഡിയോയും ശേഖരിച്ച് പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതിനും ആപ്പിലൂടെ കഴിയും. എം.ഐ എസ് സംവിധാനം, അനലിറ്റിക്സ്‌ ഡാഷ്ബോർഡുകൾ എന്നിവ കൂടി ഉൾപ്പെടുന്നതാണ് പ്രോജക്റ്റ് മാനേജ്മെന്റ് സിസ്റ്റം.

കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് പി.എം.എസ് തയ്യാറാക്കിയത്. ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഡിജിറ്റൽ ഇന്നവേഷൻ ആന്റ് പ്രോഡക്ട് ഡെവലപ്പ്മെന്റ് സെന്ററാണ് ഇത് വികസിപ്പിച്ചത്.

കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്യം, ഡിജിറ്റൽ സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് , വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കയർ വികസന വകുപ്പ് ഡയറക്ടർ വി.ആർ. വിനോദ്, റിയാബ് മെമ്പർ സെക്രട്ടറി കെ.പദ്മകുമാർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here