കസാഖിസ്ഥാനില്‍ ജനങ്ങള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ അനുമതി; ഉത്തരവിറക്കി പ്രസിഡന്റ്

ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ശക്തമായ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ കസാഖിസ്ഥാനില്‍ ജനങ്ങള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ അനുമതി നല്‍കി പ്രസിഡന്റ് കാസിം-ജൊമാര്‍ത് ടൊകയെ.

സുരക്ഷാ സേനക്കാണ് വെടിയുതിര്‍ക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കിയത്.

റഷ്യന്‍ സേന എത്തിയതിന് ശേഷവും അല്‍മാട്ടിയടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധം തുടരുകയും മറ്റിടങ്ങളില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് പ്രസിഡന്റ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

ജനങ്ങള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് തുടരുകയാണെങ്കില്‍ പ്രക്ഷോഭകര്‍ക്ക് അത് നാശമായിരിക്കുമെന്ന രീതിയില്‍ വെള്ളിയാഴ്ച ഒരു ടെലിവിഷന്‍ ചാനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രസിഡന്റ് പറഞ്ഞിരുന്നു.

രാജ്യത്ത് നിയമസംവിധാനം നിലവില്‍ വരുത്താനും സമാധാനം പുനസ്ഥാപിക്കാനും
തീവ്രവാദ-വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു പ്രസിഡന്റ് പറഞ്ഞത്.

പ്രസിഡന്റ് ടൊകയെവിന്റെ അഭ്യര്‍ത്ഥനപ്രകാരം റഷ്യയും കസഖിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് റഷ്യന്‍ സേന കസാഖിസ്ഥാനില്‍ എത്തിയത്.

പെട്രോളിയം ഖനികള്‍ നിറഞ്ഞ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഷനാവോസനില്‍ ആരംഭിച്ച പ്രതിഷേധം കസാഖിസ്ഥാനിലെ മുഴുവന്‍ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും പടരുകയായിരുന്നു. പ്രതിഷേധം ശക്തമായി തുടരുന്ന അല്‍മാറ്റി നഗരത്തിലും പടിഞ്ഞാറന്‍ പ്രവിശ്യയായ മങ്കിസ്റ്റോയിലുമാണ് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here