കെ എസ് ടി എ മുപ്പത്തിയൊന്നാം തിരുവനന്തപുരം ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരളത്തിലെ പൊരുതുന്ന അധ്യാപക പ്രസ്ഥാനം എന്ന് കെ എസ് ടി എ യെ വിളിക്കാൻ ആണ് എനിക്കിഷ്ടം. ആ പോരാട്ടം രണ്ട് തരത്തിലാണ്. ഒന്ന്‌ അധ്യാപകരുടെ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടം മറ്റൊന്ന് വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനുള്ള പോരാട്ടം. പിറവി തൊട്ട് ഈ രണ്ട് പോരാട്ടങ്ങളും കെ എസ് ടി എ ഏറ്റെടുത്തിട്ടുണ്ട്.

സ്‌കൂളുകളുടെ നിലവാരവും അക്കാദമിക നിലവാരവും മെച്ചപ്പെടുത്താൻ കെ എസ് ടി എ നൽകിയിട്ടുള്ള സംഭാവന ഏറെ വലുതാണ്. വിദ്യാർത്ഥികളുടെ ഉന്നമനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ സർക്കാരുകളുമായും മികച്ച രീതിയിൽ ചേർന്ന് പ്രവർത്തിച്ച അധ്യാപക സംഘടനയാണ് കെ എസ് ടി എ. ദുരന്ത കാലങ്ങളിൽ സ്വജീവിതം മറന്ന് സമൂഹത്തിനു വേണ്ടിയും സ്‌കൂളിന് വേണ്ടിയും വിദ്യാർത്ഥികൾക്ക് വേണ്ടിയും ത്യാഗം നിറഞ്ഞ നിരവധി പ്രവർത്തനങ്ങൾ കെ എസ് ടി എ ഏറ്റെടുത്തിട്ടുണ്ട്.

കോവിഡ് കാലത്ത് ലോകമാകെ സ്കൂളുകൾ അടഞ്ഞു കിടന്നു. വിദ്യാഭ്യാസ പ്രക്രിയ സ്തംഭിച്ചു. പഠിക്കുകയും കളിക്കുകയും ചെയ്യേണ്ട കുട്ടികൾ വീടുകളുടെ ചുവരുകൾക്കുള്ളിൽ കഴിഞ്ഞു. ലോകമാകെ പകച്ചു നിന്ന കാലഘട്ടം ആയിരുന്നു അത്. വേറിട്ട് എന്ത് ചെയ്യാൻ ആകും എന്ന ചിന്തയിൽ ആയിരുന്നു കേരളം.

ആ ചിന്തയിൽ നിന്നാണ് കൈറ്റ് – വിക്ട്ടേഴ്‌സ് ചാനലിലൂടെ നാം ഡിജിറ്റൽ ക്ലാസ് ആരംഭിക്കുന്നത്. ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസം സംബന്ധിച്ച് വിപ്ലവകരമായ തീരുമാനം ആയിരുന്നു അത്. ഇങ്ങനെ ഒരു പഠനക്രമത്തിലേക്ക് നീങ്ങുമ്പോൾ സർക്കാരിന് വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. ആ ആത്മവിശ്വാസത്തിനു കാരണം നമ്മുടെ അധ്യാപകർ ആയിരുന്നു. ശീലമില്ലാത്ത പലതിലൂടെയും കടന്നുപോയിട്ടും ഒരു മുറു മുറുപ്പ് പോലും ഇല്ലാതെ അധ്യാപകർ ഈ പ്രക്രിയയുടെ ഭാഗമായി നിന്നു. അവർ അഭിനയിച്ചു, പാട്ടുപാടി, അതിലൂടെ പഠിപ്പിച്ചു.

ഡിജിറ്റൽ ക്‌ളാസിന്റെ പരിമിതികൾ തിരിച്ചറിഞ്ഞ് നാം ഓൺലൈൻ ക്ലാസിലേക്ക് നീങ്ങിയപ്പോൾ പഠനനോപകരണങ്ങളുടെ പ്രാപ്യതാ പ്രശ്നം വന്നു. താൻ പഠിപ്പിക്കുന്ന കുട്ടിക്ക് മൊബൈൽ, ടാബ് അല്ലെങ്കിൽ ലാപ്ടോപ് ഇല്ലെന്ന് അറിഞ്ഞാൽ സ്വന്തം കയ്യിൽ നിന്നു പണം മുടക്കി അവ വാങ്ങി നൽകുന്ന നിരവധി അധ്യാപകരെ എനിക്കറിയാം.

കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് പുതിയ സാങ്കേതങ്ങളെ ഒരു എതിർപ്പുമില്ലാതെ പഠിച്ചെടുത്തവരാണ് നിങ്ങൾ. അത് അറിവ് പകർന്ന് നൽകുന്നതിൽ ഉപയോഗിച്ചവരാണ് നിങ്ങൾ. എനിക്ക് അഭിമാനമുണ്ട് ഇത് നിങ്ങളുടെ മുമ്പിൽ പറയുമ്പോൾ.

പഠനം പോലെ തന്നെ പ്രധാനമാണ് വിലയിരുത്തലുകളും. പരീക്ഷ നടത്തണം എന്ന് സർക്കാർ സാഹചര്യം വിലയിരുത്തി തീരുമാനിച്ചപ്പോൾ മുറുമുറുപ്പ് ഉണ്ടായി. ആ മുറുമുറുപ്പ് അധ്യാപകരിൽ നിന്നല്ല ഉണ്ടായത് എന്ന് ഞാൻ പറയട്ടെ. കാരണം പരീക്ഷയുടെ വില അധ്യാപകർക്കറിയാം. കോവിഡ് മാഹാമാരിക്കാലത്ത് പരീക്ഷ നടത്താനും മികച്ച രീതിയിൽ മൂല്യനിർണയം നടത്താനും ഫലം പ്രഖ്യാപിക്കാനും നമുക്കല്ലാതെ വേറെ ആർക്ക് കഴിയും!

സ്കൂൾ തുറക്കാൻ സാഹചര്യം ഉണ്ടായപ്പോൾ നാം സ്കൂൾ തുറന്നു. ആ പ്രക്രിയയുടെ കേന്ദ്ര ബിന്ദുവായി പ്രവർത്തിച്ചത് നിങ്ങൾ അധ്യാപകർ ആണ്. നാട്ടുകാരെ കൂടെക്കൂട്ടി; തദ്ദേശ ഭരണ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്ത് ഒരു പരാതി പോലും ഇല്ലാതെ സ്കൂളുകൾ തുറക്കാനും മികച്ച രീതിയിൽ ക്ളാസുകൾ തുടരാനും കേരളത്തിൽ സാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റിന്റെ വലിയൊരു ശതമാനം നിങ്ങൾ അധ്യാപകർക്ക് തന്നെയാണെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

കെ എസ് ടി എ അടക്കമുള്ള അധ്യാപക സംഘടനകളുടെ സഹായം ഇനിയും ഏറെ വേണ്ട കാലഘട്ടം ആണിത്. കോവിഡ് മഹാമാരി നമുക്ക് ശീലമില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നമ്മെ കൊണ്ട് പോകുന്നത്. ഈ ഘട്ടത്തിൽ സ്‌കൂളുകളിൽ കുട്ടികളുടെ ആരോഗ്യ സുരക്ഷ ഒരുക്കുന്നതിൽ അധ്യാപക സംഘടനകൾക്ക് വലിയ പങ്കുണ്ട്. ഈ മേഖലയിലെ നിർണായക സ്വാധീനം ഉള്ള സംഘടന എന്ന നിലയിൽ കെ എസ് ടി എ തുടർന്നും മികച്ച പ്രവർത്തനം തുടരുമെന്നതിൽ തർക്കമില്ല.

വിദ്യാഭ്യാസ മേഖലയിൽ ഇനിയുണ്ടാകുന്ന പരിഷ്കരണങ്ങളിൽ സർക്കാരിനൊപ്പം കെ എസ് ടി എ അടക്കമുള്ള സംഘടനകൾ ഉണ്ടാകണം. നമ്മുടെ കുഞ്ഞുങ്ങൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് പരമ പ്രധാനം, അത് തന്നെയാണ് നമ്മുടെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here