ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
ശാന്തൻപാറ പേത്തൊട്ടി കോളനിയിലെ തോട്ടം തൊഴിലാളിയുടെ മകനായ അഞ്ചര വയസുകാരനെയാണ് അമ്മ ഭുവനേശ്വരി ക്രൂരമായി ശിക്ഷിച്ചത്. കുട്ടി കുസൃതി കാണിക്കുകയും പറയാതെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിപ്പോവുകയും പതിവായിരുന്നു. രണ്ടു ദിവസം മുമ്പ് അഞ്ചര വയസുകാരൻ അനുവാദമില്ലാതെ കൃഷിയിടത്തിലേക്ക് ഇറങ്ങിയതിനാണ് കുട്ടിയുടെ ശരീരത്തിൽ സ്വന്തം മാതാവ് പൊള്ളലേൽപ്പിച്ചത്.
കുട്ടിയുടെ കുസൃതി കുറയ്ക്കുന്നതിന് വേണ്ടിയാണ് ശിക്ഷാ നടപടിയെന്നായിരുന്നു ഇവർ പോലീസിനോട് വിശദീകരിച്ചത്. കുട്ടിയുടെ കാലിലെ മുറിവ് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു.
പരിശോധനയിൽ കാലിൽ ഗുരുതരമായ് പൊള്ളലേൽക്കുകയും ഒരു കാലിൽ പഴുപ്പ് ബാധിക്കുകയും ചെയ്തതായ് കണ്ടെത്തി. ഇതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി അടിമാലിയിലെ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയിരിക്കുകയാണ്. ഈ കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. മൂന്നര വയസുകാരിയായ സഹോദരിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.