കെ കെ രാഗേഷിന്‍റെ ഭാര്യക്കെതിരായ മനോരമയുടെ വ്യാജ വാര്‍ത്ത പൊളിയുന്നു

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെതിരെ വ്യാജ വാര്‍ത്ത നല്‍കാന്‍ സുപ്രീംകാടതി തെറ്റായി ഉദ്ധരിച്ച് മനോരമ ദിനപത്രം. 2004 ലെ റീഡര്‍ തസ്തികയിലേക്ക് നടന്ന നിയമനവുമായി ബന്ധപ്പെട്ട കോടതിവിധിയാണ് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ബാധകമെന്ന പേരില്‍ മനോരമ ദിനപത്രം തെറ്റായി ഉദ്ധരിച്ചത്. കോടതി വിധിക്ക് ശേഷം 2018 ല്‍ യുജിസി പുറത്തിറക്കിയ അധ്യാപക നിയമനത്തിന്റെ ഗൈഡ് ലൈന്‍ മറച്ച് വെച്ചാണ് വാര്‍ത്ത. ഇതിനായി വിവരാവകാശരേഖയും തെറ്റായി ഉദ്ധരിച്ചു. രേഖകളും തെളിവുകളും കൈരളി ന്യൂസിന് ലഭിച്ചു.

ഒറ്റ നോട്ടത്തില്‍ മനോരമ വാര്‍ത്ത വായിച്ചാല്‍ സുപ്രീംകോടതി വിധി നിലനില്‍ക്കെ മതിയായ യോഗ്യതയില്ലാത്ത പ്രിയാ വര്‍ഗ്ഗീസ് തെറ്റായി നിയമനം നേടാന്‍ ശ്രമിക്കുന്നു എന്നേ തോന്നു. എന്നാല്‍ ഇതിന്റെ വസ്തുത എന്തെന്ന് നോക്കാം. 2004 ലെ റീഡര്‍ തസ്തികയിലേക്ക് നടന്ന നിയമനവുമായി ബന്ധപ്പെട്ട കോടതിവിധി ഉണ്ടായിരുന്നു എന്ന വാര്‍ത്തയിലെ ആ ഭാഗം ശരിയാണ് .

എന്നാല്‍ 2010 ല്‍ റീഡര്‍ തസ്തിക ഇല്ലാതായി പകരം അസോസിയേറ്റ് പ്രൊഫസര്‍ എന്ന പുതിയ തസ്തിക നിലവില്‍ വന്നു.

2010 ലും 2018 ലും ഇറക്കിയ യുജിസി റെഗുലേഷന്‍ പ്രകാരം എല്ലാം യോഗ്യതയും പ്രിയവര്‍ഗ്ഗീസിന് ഉണ്ട്. 2018 ല്‍ യുജിസി പുറത്തിറക്കിയ ഗൈഡ് ലൈന്‍ ആണിത്. ഇതിലെ 59 പേജിലെ പോയിന്റ് നമ്പര്‍ 3.11 എന്ന ക്ലോസ് വായിക്കുക.

അസോസിയേറ്റ് പ്രൊഫസറായി ഒരാളെ നിയമിക്കുമ്പോള്‍ ആ അധ്യാപകന്റെ അതുവരെയുളള പരിചയം എങ്ങനെ കണക്കാക്കണം എന്ന് കൃത്യമായി ഇതില്‍ പറയുന്നു. 8 വര്‍ഷത്തിലധികം അധ്യാപക മേഖലയിലോ ഗവേഷണ മേഖലയിലോ പ്രവൃത്തി പരിചയം ഉളള ഒരാള്‍ക്ക് അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതില്‍ തടസമില്ലെന്നാണ് യുജിസി ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നത്.

പി.എച്ച്.ഡി. എടുക്കുന്നതിന് വേണ്ടി എടുത്ത സമയം ടീച്ചിങ്ങ് / ഗവേഷണ പരിചയമായി കണക്കാക്കരുത് എന്ന് ആദ്യവാചകത്തില്‍ പറയുന്നണ്ടെങ്കിലും ” അവധിയെടുക്കാതെ അധ്യാപന ചുമതലയ്‌ക്കൊപ്പം ഗവേഷണ ബിരുദം നേടുന്നതിനായി ചെലവഴിച്ച കാലയളവും നിയമനത്തിനും / പ്രൊമോഷനുമുള്ള പരിചയമായി കണക്കാക്കും”എന്ന് വ്യക്തമായി പറയുന്നുണ്ട്.

സര്‍വ്വീസിലിരിക്കുന്ന അധ്യാപകര്‍ക്ക് സര്‍വ്വകലാശാല ചട്ടപ്രകാരം ലീവെടുത്തും യു.ജി.സി.യുടെ ടീച്ചര്‍ ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായും ഗവേഷണ ബിരുദം നേടാം. ഡോ. പ്രിയാവര്‍ഗീസ് ലീവെടുത്തല്ല ഗവേഷണം നടത്തിയത്.

സര്‍വ്വീസിലിരിക്കെ അവധിയെടുക്കാതെയുള്ള ഗവേഷണകാലയളവ് അധ്യാപന പരിചയമായി കണക്കാക്കുമെന്ന യുജിസിയുടെ വ്യവസ്ഥ ബോധപൂര്‍വ്വം മറച്ചുവെച്ചാണ് മനോരമ ദുഷ്പ്രചരണം നടത്തിയത്.

2001 മുതല്‍ 2003 വരെയും തുടര്‍ന്ന് 2012 മാര്‍ച്ച് 14 മുതല്‍ 2015 ജൂലൈ വരെയും 2018 ഫെബ്രുവരി മുതല്‍ 2021 ജൂണ്‍ വരെയും അധ്യാപിക എന്ന നിലയില്‍ പ്രവര്‍ത്തിച്ച പ്രിയ വര്‍ഗ്ഗീസിന് 8 വര്‍ഷവും ഏഴ് മാസവും അധ്യാപക പരിചയം ഉണ്ട്.

അധ്യാപകരായ വ്യക്തികള്‍ക്ക് സര്‍വ്വീസില്‍ തുടര്‍ന്ന് കൊണ്ട് ഗവേഷണം ചെയ്യാന്‍ കഴിയുന്ന ഫാക്കല്‍റ്റി ഡെവലപ്പ്‌മെന്റ് പ്രോഗാം വഴി 2 വര്‍ഷവും 6 മാസവും 10 ദിവസവും കൊണ്ട് ഡോക്ടറേറ്റ് ബിരുദവും പ്രിയ വര്‍ഗ്ഗീസ് സമ്പാദിച്ചു . ഇതാകെ കൂട്ടുമ്പോള്‍ 11 വര്‍ഷത്തിലധികം അധ്യാപക പരിചയം ഉളള പ്രിയ വര്‍ഗ്ഗീസിന് ഒരു മാസം മാത്രേമേ ടീച്ചിംഗ് എക്‌സിപീരിയന്‍സ് ഉളളു എന്ന വിചിത്ര കണ്ടെത്തിലും പത്രം നടത്തിയിട്ടുണ്ട്. .ഡെപ്യൂട്ടേഷന്‍ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്നതാണ് രണ്ടാമത്തെ ആക്ഷേപം. യു.ജി.സി. റഗുലേഷന്‍ 6.1ല്‍ അധ്യാപകരുടെ പ്രമോഷനും നിയമനത്തിനും ബാധകമാക്കുന്ന വ്യവസ്ഥകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

റഗുലേഷനില്‍ അനുബന്ധമായി ചേര്‍ത്ത അനുബന്ധം II ല്‍ ഡെപ്യൂട്ടേഷന്‍ കാലയളവ് പ്രൊമോഷനുള്ള കാലയളവായി കണക്കാക്കുന്നത് പോലെ നിയമനത്തിനുള്ള അധ്യാപകപരിചയമായും കണക്കാക്കുമെന്ന് യു.ജി.സി. റഗുലേഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കോണ്‍ട്രാക്റ്റ് പീരീഡില്‍ ജോലി ചെയ്ത കാലയളവും അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുളള സ്ഥാന കയറ്റത്തിന് കണക്കാക്കാവുന്നതാണെന്ന് റെഗുലേഷനില്‍ എടുത്ത് പറയുന്നു.

ഏത് തരം മാനദണ്ഡത്തിലൂടെ അളന്നാലും മതിയായ യോഗ്യതകള്‍ ഉളള പ്രിയവര്‍ഗ്ഗീസിനെയും ഭര്‍ത്താവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷിനെയും പൊതുജനമധ്യത്തില്‍ താറടിക്കുന്നതിന് വേണ്ടിയാണ് മനോരമ ഇത്തരത്തില്‍ വിവരാവാകാശ രേഖയും കോടതി വിധിയും തെറ്റായി ചൂണ്ടിക്കാട്ടി വാര്‍ത്ത നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here