രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; യോഗിക്ക് ഉത്തർപ്രദേശ് കൈവിട്ടുപോകുമോ?

വരാനിരിക്കുന്ന നാളുകളിൽ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. കർഷകസമരം, കൊവിഡ്, വിലക്കയറ്റം തുടങ്ങി ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾക്ക് പുറമെ പഞ്ചാബിലേയും ഉത്തരാഖണ്ഡിലേയും മുഖ്യമന്ത്രിമാരുടെ മാറ്റം അടക്കം നിരവധി പ്രദേശിക വിഷയങ്ങളും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകും. രണ്ടാം തവണയും അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാരിന്റെ ജനപിന്തുണ അളക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാകുമിത്.

ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശ് അടക്കം 5 സംസ്ഥാനങ്ങളിലെ ജനകീയ വിധിയെഴുത്ത് ദേശീയ രാഷ്ടീയത്തിലും വലിയ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബിജെപി ഉൾപ്പെടുന്ന സഖ്യമാണ് അധികാരത്തിലുള്ളത്.

യോഗീ ആദിത്യനാഥ് ഭരണത്തെ ഉത്തർപ്രദേശിലെ ജനങ്ങൾ വീണ്ടും അംഗീകരിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കുന്നത്. വീണ്ടും വിജയിച്ചാൽ അടുത്ത മോദിയാകും യോഗിയെന്ന് ബിജെപി ക്കുള്ളിൽ തന്നെ അഭിപ്രായമുയരുന്നുണ്ട്. എക്കാലത്തേയും തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന രാമക്ഷേത്ര നിർമ്മാണം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ്. ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞ കോൺഗ്രസ് പ്രചാരണ പരിപാടികൾ നേരത്തെ തുടങ്ങിയിരുന്നു.

എസ്.പിയും ബി.എസ്.പി യും ചെലുത്തുന്ന സ്വാധീനത്തിനനുസരിച്ചാകും യു.പി യിലെ ഫലം. കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ അടക്കം പ്രതിപക്ഷം ഉയർത്തിക്കാട്ടുമ്പോൾ പ്രധാനമന്ത്രിയെ പല തവണ നേരിട്ടെത്തിച്ചും കേന്ദ്രപദ്ധതികൾ കൊണ്ടും പ്രതിരോധം തീർക്കുകയാണ് ബി ജെ പി. എന്നാല് ലഖിം പൂർ ഖേരി ഉൾപ്പടെ കർഷകരുടെ ജീവനും ജീവിതവും താരുമാറാക്കിയ ബിജെപിയോട് ജനങ്ങൾ ക്ഷമിക്കാൻ ഉള്ള സാധ്യത നന്നേ കുറവാണ്. പശ്ചിമ യുപി ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ ന്യൂനപക്ഷ വേട്ടകൾ നടക്കുന്നതും ഭരണകക്ഷിക്ക് തിരിച്ചടിയാകും.

അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ് . ഭരണം നിലനിർത്താൻ തീവ്ര പരിശ്രമം കോൺഗ്രസ് നടത്തുമ്പോൾ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പുതിയ പാർട്ടിയുമായി കൈകോർത്താണ് ബിജെപി തെരഞ്ഞെടുപ്പ് നേരിടാൻ ഇറങ്ങുന്നത്. കാർഷിക വിഷയം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നതും പഞ്ചാബിലാകും. കർഷക സംഘടനകൾ കൂടി തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ പിന്തുണയുമായി ആംആദ്മി പാർട്ടിയും രംഗത്തുണ്ട്.

അഞ്ചു വർഷത്തിനിടയിൽ മൂന്നാമത്തെ മുഖ്യമന്ത്രിയുമായാണ് ബിജെപി ഉത്താരാഖണ്ഡിൽ തെരെഞ്ഞെടുപ്പിലേക്ക് പോകുന്നത്.ബിജെപിയും കോൺഗ്രസും നേർക്കുനേർ മൽസരിക്കുന്ന സംസ്ഥാനത്ത് ആഭ്യന്തര തർക്കങ്ങളാണ് ഇരു പാർട്ടികൾക്കും വെല്ലുവിളിയാകുന്നത്.

മണിപ്പൂരിൽ ബിജെപിയും കോൺഗ്രസും പ്രധാനകക്ഷികളാണെങ്കിലും എൻപിപിയും എൻപിഎഫും ആരു ഭരിക്കുമെന്നതിൽ നിർണായക ഘടകമാകും. ബിജെപിയിലും കോൺഗ്രസിലും ആഭ്യന്തര കലഹം തലവേദനയാകുന്ന ഗോവയിൽ ഇത്തവണ തൃണമൂൽ കോൺഗ്രസിന്റെ സാന്നിധ്യവും ചർച്ചയാകും. പ്രചരണത്തിന് ഇറങ്ങിയ മമതയെ നേരിടാൻ കോൺഗ്രസിൻ്റെ പ്രിയങ്ക എന്ന തുറുപ്പ് ചീട്ടിന് സാധിക്കുമോ എന്നതിനും ഗോവയിൽ ദേശീയ രാഷ്ട്രീയം സാക്ഷ്യം വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here