ആദിവാസി മേഖലയിൽ വിദ്യാർത്ഥികൾക്ക് തുടർപഠനം ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾക്ക് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം

ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനം ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾക്കായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടൽ. ഇക്കാര്യത്തിൽ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിക്ക് മന്ത്രി നിർദ്ദേശം നൽകി.

കൊവിഡ് വ്യാപനം മൂലം 2020 മാർച്ച് 10ന് സ്കൂളുകൾ അടച്ചതിനുശേഷം 2021 നവംബർ ഒന്നിനാണ് സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചത്. രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂളുകളിൽ എത്തണമെന്ന നിർദ്ദേശമാണ് പൊതുവിദ്യാഭ്യാസവകുപ്പ് നൽകിയത്. ഈ പശ്ചാത്തലത്തിൽ പല കുട്ടികളും നേരിട്ട് സ്കൂളിൽ എത്താതെ ഓൺലൈൻ പഠനത്തിലൂടെ അധ്യയന പ്രക്രിയയുടെ ഭാഗമാകുന്നുണ്ട്.

സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ അഞ്ച് ജില്ലകളിലായി ആറ് ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മൂന്നെണ്ണം നവംബർ മാസം മുതൽ തുറന്നു പ്രവർത്തിക്കുന്നു. ബാക്കിയുള്ളവ ഈ മാസം തന്നെ തുറന്നു പ്രവർത്തിക്കും.

ഇടുക്കി ജില്ലയിലെ മറയൂർ,അടിമാലി, മലപ്പുറം ജില്ലയിലെ നിലമ്പൂർ എന്നീ സ്ഥലങ്ങളിലായി വനാന്തർ ഭാഗത്തുള്ള ഗോത്ര വിഭാഗങ്ങളിലെ ആൺകുട്ടികൾക്കായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.

റെഗുലർ ക്ലാസിൽ ഹാജരാകാത്തവരും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാത്തവരുമായ കുട്ടികളുടെ കണക്കെടുപ്പ് നടത്തുകയാണ്. ഇതുവരെ സ്കൂളിൽ ഹാജരാകാതിരുന്ന കുട്ടികളുടെ എണ്ണം കണക്കാക്കുന്നതിന് ട്രെയിനർമാർ, സി.ആർ. സി. സി.മാർ തുടങ്ങിയവർ സ്കൂളുകൾ സന്ദർശിച്ച് ക്ലാസ് ടീച്ചറുമായി സംസാരിച്ച് കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് പട്ടിക തയ്യാറാക്കുന്നതിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.

2020 – 21 ലെ സർവേയിലൂടെ കണ്ടെത്തിയ ഔട്ട് ഓഫ് സ്കൂൾ കുട്ടികളെ എല്ലാം ഈ വർഷം വിദ്യാലയത്തിൽ വയസിന് അനുസൃതമായി ക്ലാസുകളിൽ ചേർത്തിട്ടുണ്ട്. 2021- 22 ലെ ഔട്ട് ഓഫ് സ്കൂളായി കണ്ടെത്തുന്ന കുട്ടികളെ സ്പെഷ്യൽ ട്രെയിനിങ്ങിലൂടെ സ്കൂളിൽ എത്തിക്കുന്ന പദ്ധതികൾ നടപ്പാക്കി വരുന്നു.

ഗതാഗതസൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽനിന്ന് ദിവസേന വിദ്യാലയങ്ങളിൽ വന്നു പഠിക്കുന്ന കുട്ടികൾക്ക് യാത്രാസൗകര്യം നൽകുന്നതിനായി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 9080 കുട്ടികൾക്കാണ് ഈ വർഷത്തിൽ സൗകര്യം ലഭിക്കുന്നത്.

കൊഴിഞ്ഞുപോയ വിദ്യാർത്ഥികളുടെ വിവരശേഖരണം നടത്താൻ തീരുമാനിച്ചു. ബി.ആർ.സി. തല മീറ്റിംഗ് കൂടുകയും അതത് ബി. ആർ. സി.യുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോയ കുട്ടികളെ കണ്ടെത്താനും നടപടിയുണ്ടാകും.

അതത് ബി ആർ സി യുടെ കീഴിലുള്ള പി. ഇ. സി.മീറ്റിംഗ് നടത്തുകയും വിദ്യാലയങ്ങളിൽ മാസ് പ്രോഗ്രാം നടത്തി വിവരശേഖരണം നടത്തി കണ്ടെത്തിയ കുട്ടികളുടെ വീട് സന്ദർശിക്കുന്നതിന് പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിലെയും ഊരുവിദ്യാകേന്ദ്രങ്ങളിലെയും വിദ്യാഭ്യാസ വളണ്ടിയർമാർ, എസ് ടി പ്രൊമോട്ടർമാർ, വാർഡ് മെമ്പർ,ജനമൈത്രി പോലീസ്, എക്സൈസ് തുടങ്ങിയ വിവിധ മേഖലകളിലെ ആളുകളെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് രൂപപ്പെടുത്തിയിട്ടുണ്ട്.

വീടുകളിൽ വിദ്യാഭ്യാസ വളണ്ടിയർമാർ, വാർഡ് മെമ്പർ, ജനമൈത്രി പോലീസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുകയാണ്. വിദ്യാർത്ഥികളെ സ്കൂളുകളിൽ എത്തിക്കാൻ അതിജീവനം എന്ന പേരിൽ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു. ഊരുകൾ കേന്ദ്രീകരിച്ചുള്ള പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിലും ഊരുവിദ്യാകേന്ദ്രങ്ങളിലും അവസ്ഥാ പഠനം നടത്തുകയും പഠന വിടവ് നേരിടുന്ന മേഖലകൾക്ക് ഊന്നൽ നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആദിവാസി മേഖലകളിലും തീരദേശ മേഖലകളിലും കോവിഡിനു ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികൾ സ്കൂളിൽ എത്തുന്നതിൽ കുറവുണ്ടാവാൻ കാരണം പല കുട്ടികളും ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നു എന്നതുകൊണ്ടാണ്. 698 പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ,48 ഊരുവിദ്യാകേന്ദ്രങ്ങൾ 126 സ്പെഷ്യൽ ട്രെയിനിങ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലൂടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നുണ്ട്. മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും കൊഴിഞ്ഞുപോയ കുട്ടികളുടെ കണക്കെടുപ്പ് സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News