കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞ് അജയ്യക്ക് ഉജ്വല സ്വീകരണമൊരുക്കി ജൻമനാട്. വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ വലിയ തറയ്ക്കൽ ശ്രീജിത്ത്-അശ്വതി ദമ്പതികളുടെ മകളെയാണ് പൊലീസിൻ്റെയും, നാട്ടുകാരുടെയും ജാഗ്രതയോടെയുള്ള ഇടപെടൽ മൂലം സുരക്ഷിതമായി രക്ഷിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് 3 ദിവസം മുൻപാണ് നവജാത ശിശുവിനെ തട്ടികൊണ്ടു പോയി എന്ന വാർത്ത പുറത്ത് വരുന്നത്. എന്നാൽ പൊലീസിൻ്റെയും, നാട്ടുകാരുടെയും ജാഗ്രതയോടെയുള്ള ഇടപെടൽ കുഞ്ഞിനെ തിരികെ അമ്മയുടെ കൈകളിൽ എത്തിച്ചു. കുട്ടിയെ രക്ഷിക്കാൻ മുൻ കൈയെടുത്ത അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ഐ റനീഷ് കുഞ്ഞിന് അജയ്യ എന്ന പേരും നൽകി.
തൻ്റെ സ്വന്തം നാട്ടിൽ എത്തിയ അജയ്യക്ക് വിപുലമായ സ്വീകരണമാണ് ജന്മനാട് ഒരുക്കിയത്. ആരതി ഉഴിഞ്ഞും, മധുരം നൽകിയും നാട്ടുകാർ അജയ്യയുടെ വരവ് ആഘോഷമാക്കി. വീട്ടിൽ എത്തിയ സന്തോഷത്തിലാണ് കുടുംബം.
നിസഹായ നിമിഷത്തിൽ തുണയായ ആളുകളോടുള്ള നന്ദി മാത്രമാണ് മാതാവ് അശ്വതിക്ക് പറയാനുള്ളത്. എന്തെങ്കിലും സംഭവിരുന്നെച്ചെങ്കിൽ എന്ന ആശങ്ക അശ്വതിക്ക് ഇനിയും ബാക്കി.
അജയ്യയെ തൻ്റെ മാതാപിതാക്കളുടെ അരുകിൽ തിരികെ എത്തിച്ചത് മനുഷ്യത്വം മരവിക്കാത്ത മനുഷ്യരുടെ ഇടപെടലിലൂടെയായിരുന്നു. താൻ അതിജീവിച്ച പ്രതിസന്ധികളെ തിരിച്ചറിയാതെ അജയ്യ സ്വന്തം വീട്ടിൽ സുഖമായി കഴിയുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.