തെരഞ്ഞെടുപ്പ് ചൂട് അടുക്കുന്നു; വിദേശയാത്ര നടത്തി രാഹുൽഗാന്ധി, പാർട്ടിയിൽ അമർഷം പുകയുന്നു

തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വകാര്യ ആവശ്യങ്ങൾക്കായി വിദേശത്താണ്. പ്രചരണ രംഗത്ത് കോൺഗ്രസിനെ പിന്നോട്ടടിക്കുന്ന രാഹുലിൻ്റെ അസാന്നിധ്യത്തിൽ പാർട്ടിക്കുള്ളിൽ കടുത്ത അമർഷമുണ്ട്. പുതുവത്സര രാവിന് ഒരു ദിവസം ശേഷിക്കെ ആണ് രാഹുൽ ഗാന്ധി ഒഴിവ് ദിനങ്ങൾ ചിലവഴിക്കാൻ ഇറ്റലിയിലേക്ക് പോയത്.

പഞ്ചാബ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പ്രചരണം ജനുവരി മൂന്നിന് മോഗയിൽ നിന്ന് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും എന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സ്വകാര്യ ആവശ്യത്തിനായി രാഹുൽ ഗാന്ധി വിദേശത്ത് പോയതോടെ പരിപാടി മാറ്റി വെക്കേണ്ടി വന്നു. വലിയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്ന പഞ്ചാബിൽ പ്രചരണ രംഗത്ത് കോൺഗ്രസ് ഇപ്പോഴും അവസാന സ്ഥാനത്ത് എത്താൻ കാരണം രാഹുൽ ഗാന്ധിയുടെ നിരുത്തരവാദപരമായ നീക്കം ആണെന്ന് കോൺഗ്രസിൽ തന്നെ വിമർശനം ഉയരുന്നുണ്ട്.

പഞ്ചാബ് ഭരണം പിടിച്ചെടുക്കാൻ അമരീന്ദർ സിംഗ് വഴി കോൺഗ്രസിലെ തന്നെ അസംതൃപ്തരായ നേതാക്കളെ കൂടി കൂടെ കൊണ്ട് വരാൻ ബിജെപി ശ്രമിക്കുകയാണ്. കർഷകർ കൂടി മൽസര രംഗത്ത് എത്തിയതോടെ വമ്പൻ പ്രഖ്യാപനങ്ങളുമായി ആംആദ്മി പാർട്ടിയും പ്രചരണം മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. സമാനതകൾ ഇല്ലാത്ത പ്രതിസന്ധി പഞ്ചാബിൽ കോൺഗ്രസ് നേരിടുകയാണ്.

തെരഞ്ഞെടുപ്പ് നടക്കുന്നതിൽ ഭരണം കൈവശമുള്ള ഏക സംസ്ഥാനമായ പഞ്ചാബും കോൺഗ്രസിനെ കൈവിടുമെന്ന ഭയം കോൺഗ്രസ് നേതാക്കൾക്ക് ഉണ്ട്. ഒരുകാലത്ത് കോൺഗ്രസിൻറെ കുത്തക മണ്ഡലമായ അമേഠിയിൽ സാക്ഷാൽ രാഹുൽ ഗാന്ധി തോറ്റത് ബിജെപിയുടെ സ്മൃതി ഇറാനിയോട് ആണ്. വർഗീയത കൊണ്ടും കർഷക രോഷം കൊണ്ടും യോഗി സർക്കാരിന് വലിയ വെല്ലുവിളിയായ യുപിയിൽ ഭരണം പിടിക്കാനോ ശക്തമായ മത്സരം ഉയർത്താനോ തക്ക ശേഷി ഇന്ന് കോൺഗ്രസിന് ഇല്ല. അനുകൂല സാഹചര്യം വോട്ടാക്കാൻ പോലും സ്വന്തം മണ്ഡലം നിലനിൽക്കുന്ന സംസ്ഥാനത്ത് പ്രചരണത്തിന് ഉണ്ടാവേണ്ട രാഹുൽ ഗാന്ധി വിദേശത്തുമാണ് ഉള്ളത്.

സംഘടനാ തലത്തിൽ തർക്കം നിലനിൽക്കുന്ന ഉത്തരാഖണ്ഡിൽ കോൺഗ്രസ് ഹൈക്കമാൻഡിലെ അവസാന വാക്കായ രാഹുൽ ഗാന്ധിയുടെ നിലപാട് ഇപ്പോഴും വ്യക്തമല്ല. തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം ബാക്കി നിൽക്കെ പ്രചരണ രംഗത്ത് കോൺഗ്രസ് ഏറ്റവും പിന്നിൽ ആയതിൻ്റെ ഉത്തരവാദിത്തം രാഹുൽ ഗാന്ധിക്ക് ആണെന്ന ആരോപണം പാർട്ടിക്ക് ഉള്ളിൽ തന്നെ ശക്തമാക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News