കെ റെയിലിനെ കുറിച്ചുള്ള ശ്രീനിവാസന്‍റെ പരാമര്‍ശം; കിടിലന്‍ പ്രതികരണവുമായി ശ്രീകാന്ത് 

കെ റെയിലിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ നടന്‍ ശ്രീനിവാസന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ശ്രീകാന്ത് പി കെ. സോഷ്യല്‍മീഡിയയിലൂടെയാണ് അദ്ദേഹം ശ്രീനിവാസന് മറുപടി നല്‍കിയത്. കെ റെയില്‍ ഇല്ലെങ്കില്‍ ആരും ചാവുകയുമൊന്നുമില്ല എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. ഇതിനാണ് ശ്രീകാന്ത് സോഷ്യല്‍മീഡിയയിലൂടെ മറുപടി നല്‍കിയത്.

ശ്രീനിവാസന്റെ മകന്‍ വിനീതിനെ പോലെ ഞാനും തമിഴ്നാട്ടില്‍ നിന്നാണ് എഞ്ചിനിയറിങ് പഠിച്ചത്. ഞങ്ങള്‍ രണ്ടു പേരും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്താണ് സ്വദേശം. കൈരളി ടി വി യില്‍ ശ്രീനിവാസനും കുടുംബവുമൊത്തുള്ള പഴയ ഇന്റര്‍വ്യൂ ഈയിടെ യൂ ട്യൂബിലും ഫെയ്സ് ബുക്കിലും ഹിറ്റായിരുന്നു.ടീനേജ് പ്രായത്തിലെ വിനീതും കുട്ടി ധ്യാനുമൊക്കെയുള്ള കേള്‍ക്കാനും കാണാനും രസമുള്ള ഇന്റര്‍വ്യൂ ആണ്.

ആ വീഡിയോയില്‍ ശ്രീനിവാസന്റെ ഭാര്യയായ ശ്രീമതി വിമല പറയുന്നുണ്ട് സ്‌കൂള്‍ അധ്യാപികയായ അവര്‍ ലീവെടുത്ത് വിനീത് മോന്റെ ആഗ്രഹ പ്രകാരം ചെന്നൈയിലെത്തി അവിടെ ഒന്നിച്ചു നില്‍ക്കലാണെന്ന്.അച്ചന്‍ ശ്രീനിവാസന്‍ സിനിമാ തിരക്കുകളില്‍ സജീവമാകുമ്പോള്‍ മക്കളുടെ കാര്യത്തിനും മറ്റുമായി സ്വന്തം ഇഷ്ടപ്രകാരം അവര്‍ ലീവെടുത്ത് നില്‍ക്കുവാണ്.അച്ഛന്‍ ശ്രീനി മക്കളെ കാണാന്‍ ഇടക്ക് കൊച്ചിയില്‍ നിന്ന് വിമാനം കേറിയങ്ങ് വരും.

ഇവരുടേയും തിരിച്ചു നാട്ടിലേക്കുള്ള യാത്ര വിമാന മാര്‍ഗ്ഗമായിരിക്കുമെന്ന് തീര്‍ച്ച. ഇളയ മകന്‍ ധ്യാന്‍ എഞ്ചിനിയറിങ് ഡ്രോപ്പ് ചെയ്താണ് സിനിമയുടെ പുറകെ പോയത്.തീര്‍ച്ചയായും അങ്ങനെ തന്നെ വേണം.നമ്മുടെ പാഷന് പുറകെ തന്നെ പോകണം.അമ്മ അവരുടെ സന്തോഷം അതാണെങ്കില്‍ ജോലി ഉപേക്ഷിച്ചു മക്കളുടെ കൂടെ നില്‍ക്കണം.അച്ഛന്‍ ഇടക്കിടെ മക്കളേയും ഭാര്യയേയും കാണാന്‍ പറന്നെത്തണം.
സേലത്ത് എഞ്ചിനിയറിങ് കോളേജില്‍ ചേര്‍ന്ന് ആദ്യ ആഴ്ചകളില്‍ മുടിഞ്ഞ റാഗിംഗും ഹോം സിക്‌നെസും കാരണം ഞാന്‍ ഡെയിലി വീട്ടില്‍ വിളിച്ചു കരയുമായിരുന്നു.കൂടെ ചേര്‍ന്ന കുട്ടികളില്‍ നാലഞ്ചു പേര് നിര്‍ത്തി പോയതാണ് പ്രചോദനം.

എന്നെ കൊണ്ട് പറ്റുന്നില്ല, ഭക്ഷണം പിടിക്കുന്നില്ല, ഹോസ്റ്റലില്‍ പ്രശ്‌നം,റാഗിങ്,എന്നൊക്കെ പലതും പറഞ്ഞു കരഞ്ഞു നോക്കി.അച്ഛന്‍ പറഞ്ഞത് നിര്‍ത്തി വരുന്നുണ്ടേല്‍ വന്നോ പിന്നെ നാട്ടില്‍ എവിടേം വേറെ കോഴ്സിന് പഠിപ്പിക്കില്ല അച്ഛന്റെ കൂടെ പണിക്ക് പോകണം എന്നാണ്,അല്ലേല്‍ നാട്ടില്‍ വന്ന് റബ്ബര്‍ ടാപ്പിംഗ് ചെയ്തോളാന്‍.വിനീത് ശ്രീനിവാസന്റെ അമ്മയെ പോലെ എന്റെ അമ്മയോടും ജോലിയില്‍ നിന്ന് ലീവെടുത്ത് കൂടെ വന്ന് നില്‍ക്കാന്‍ പറയാന്‍ ആഗ്രഹമുണ്ടായിരുന്നു.പക്ഷേ പഠിപ്പിക്കാന്‍ എടുത്ത ലോണ് പിന്നെ ഞാന്‍ കിഡ്‌നി വിറ്റ് അടക്കേണ്ടി വരും.

അന്ന് സേലത്ത് നിന്ന് മലബാറിലേക്ക് വൈകിട്ട് കഴിഞ്ഞാല്‍ രണ്ടേ രണ്ട് വണ്ടികളാണ് . രാത്രി 9.30 മണിക്ക് ചെന്നൈ – മംഗലാപുരം സൂപ്പര്‍ ഫാസ്റ്റും,പുലര്‍ച്ചെ 12.15 – ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസും.ഇതില്‍ 9.30 ന്റെ വണ്ടി ആഴ്ചയില്‍ 2 ദിവസം മാത്രമായിരുന്നു.
സേലത്തും കോയമ്പത്തൂരുമൊക്കെ ബസ് സ്റ്റോപ് കണക്കിനാണ് എഞ്ചിനിയറിങ് കോളേജുകള്‍.

ഓണം,ദീപാവലി,പൊങ്കല്‍ പോലുള്ള ലീവ് സമയങ്ങളില്‍ റെയില്‍വേ സ്റ്റേഷന്‍ തൃശൂര്‍ പൂരം പോലെയായിരിക്കും.ആകെയുള്ള ഒരു വണ്ടിയില്‍ കയറി പറ്റുക എന്നത് ഓണം ബംബര്‍ അടിക്കുന്ന പോലെയൊരു സംഭവമാണ്. കയറി പറ്റിയാല്‍ തന്നെ ഏതാണ്ട് പാലക്കാട് കഴിയും വരെ ചിലപ്പോ നിന്ന നില്‍പ്പില്‍ നിന്ന് അനങ്ങാന്‍ പോലും പറ്റിയെന്ന് വരില്ല.കോഴിക്കോട് വരെ 7 മണിക്കൂറൊക്കെ പലപ്പോഴും ഒരേ നില്‍പ്പ് നിന്നിട്ടുണ്ട്.

കെ.റെയിലോ അത് പോലുള്ള സമാന ഗതാഗത അടിസ്ഥാന സൗകര്യങ്ങളോ വന്നാലും ഇല്ലേലും ശ്രീനിവാസന്മാര്‍ക്ക് പ്രത്യേകിച്ചു മാറ്റമൊന്നും വരാന്‍ പോകുന്നില്ല.രണ്ട് മക്കളും അവരുടെ ജീവിതത്തില്‍ ഇന്നുവരെ ഒരു ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ട്രെയിനില്‍ കക്കൂസിന് അരിക് പറ്റി പത്തു മിനിറ്റ് യാത്ര ചെയ്തിട്ടുണ്ടാകില്ല.പ്രിവിലേജിന്റെ അങ്ങേ തലയും സമ്പത്തിന്റെ ഇങ്ങേ തലയും ഒരുമിച്ചു കൂട്ടി മുട്ടുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന കൊണവതിയാരമാണ് അതിവേഗ റെയില്‍വേ വന്നില്ലെങ്കില്‍ ആരും ചത്തു പോകില്ലെന്നൊക്കെ പറയുന്നത്. ആരും എന്നതിന് ഞാനും എന്നെ പോലുള്ളവരും എന്നെ അര്‍ത്ഥമുള്ളൂ.

ചക്ക തിന്നാല്‍ ക്യാന്‍സര്‍ മാറുമെന്നും കമ്പനി ഭരണമാണ് നാടിനാവശ്യമെന്നും യാതൊരു ഫാക്ട് ആന്‍ഡ് ഫിഗേഴ്സുമില്ലാതെ വായില്‍ തോന്നുന്നതു കോതക്ക് പാടുന്ന ഇത്തരം പ്രിവിലേജ്ഡ് പാഴുകളുടെ മുന്നിലേക്ക് മൈക്കും കൊണ്ട് ഓടുന്ന മാധ്യമ തൊഴിലാളികള്‍ ആ മൈക്ക് പരശുറാം എക്‌സ്പ്രസില്‍ രാവിലെ കയറി പറ്റാന്‍ ശ്രമിക്കുന്ന ആയിര കണക്കിന് മനുഷ്യരോടും അന്യ നാട്ടില്‍ വിദ്യാഭ്യാസവും തൊഴിലും ചെയ്യുന്ന യുവാക്കള്‍ക്കുമൊക്കെ നീട്ടി നോക്ക്. അവര്‍ പറഞ്ഞു തരും ശ്രീനിവാസന്മാര്‍ക്കുള്ള മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News