കോഴിക്കോട് ദേശീയപാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു

കോഴിക്കോട് ജില്ലയിൽ ദേശീയപാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഭൂമി വിട്ടു നൽകിയ 90 ശതമാനത്തിലധികം പേർക്ക് നഷ്ടപരിഹാര തുക കൈമാറി. പദ്ധതിയെ എതിർത്ത് സമരത്തിനിറങ്ങിയവരും മതിയായ ധനസഹായം ലഭിച്ചതിൽ പൂർണ്ണ സംതൃപ്തിയിലാണ്.

മുടങ്ങിക്കിടന്ന അഴിയൂർ – വെങ്ങളം റീച്ചിനായുള്ള ഭൂമി ഏറ്റെടുക്കലും പൂർത്തീകരിച്ചതോടെ  കോഴിക്കോട്  ജില്ലയിൽ ദേശീയപാത 66 ൻ്റെ പ്രവൃത്തി ഊർജിതമായി. വൈകിയെങ്കിലും രാമനാട്ടുകര – വെങ്ങളം ദേശീയപാത ബൈപ്പാസ് നിർമ്മാണവും കരാർ കമ്പനി ആരംഭിച്ചു.

എറ്റെടുക്കേണ്ട 108.41 ഹെക്ടർ സ്വകാര്യ ഭൂമി മുഴുവനായും ഏറ്റെടുത്തു. നഷ്ടപരിഹാരമായി ഇതിനകം 1478 കോടിയിൽപ്പരം രൂപ കൈമാറി. ദേശീയപാത വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയവർ നഷ്ടപരിഹാര പാക്കേജിൽ സംതൃപ്തരാണെന്ന് വടകര കൈനാട്ടി സ്വദേശികളായ കരിമ്പിൽ കുഞ്ഞികൃഷ്ണൻ, സദാനന്ദൻ എന്നിവരുടെ വാക്കുകളിൽ നിന്ന് വ്യക്തം.

രണ്ട് വർഷത്തിനകം ജില്ലയിൽ 6 വരി പാതയുടെ നിർമ്മാണം പൂർത്തീകരിക്കാനാവുമെന്ന് ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. മൂരാട്, പാലോളി പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു.

മേൽപ്പാലങ്ങളുടെ പ്രാഥമിക പ്രവൃത്തികൾ തുടങ്ങി. ചെങ്ങോട്ട്കാവ് മുതൽ കൊയിലാണ്ടി നന്തി വരെയുള്ള  ബൈപ്പാസും
ദേശീയപാതയുടെ ഭാഗമായി യാഥാർത്ഥ്യമാകും

മതിയായ നഷ്ടപരിഹാരം നൽകി ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ  ജില്ലയിൽ ദേശീയ പാത വികസനം മുന്നേറുകയാണ്. ഭൂമി കൈമാറ്റം പൂർത്തിയായതോടെ പരമാവധി വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് കരാർ ഏറ്റെടുത്തവർ ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here