ബിജെപി സ്ഥാനാർഥിയായി മുൻ ഇ ഡി ഉദ്യോഗസ്ഥൻ

മുൻ കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ ബിജെപി സ്ഥാനാർഥി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആണ് സർവീസിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരം വിരമിച്ച മുൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ജോയിൻ്റ് ഡയറക്ടർ സ്ഥാനാർത്ഥി ആകുന്നത്. ആന്ധാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി, കാർത്തി ചിദംബരം തുടങ്ങി പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് എതിരെയുള്ള കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് മുൻ ജോയിൻ്റ് ഡയറക്ടർ ആയ രാജേശ്വർ സിംഗ്.

കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ബിജെപി ഉപയോഗിക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെ ആണ് ഇഡി ഉദ്യോഗസ്ഥൻ ബിജെപി സ്ഥാനാർഥി ആകുന്നത്. മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ പി ചിദംബരം, മകൻ കാർത്തി ചിദംബരം, ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി വൈ എസ്‌ ജഗൻമോഹൻ റെഡ്ഡി, ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി മധു കോഡ എന്നിവർക്കെതിരായ കേസുകൾ അന്വേഷിച്ചത്‌ രാജേശ്വർസിങ്ങാണ്‌. ഇതിന് പിന്നാലെ ആണ് ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മൽസരിക്കാൻ രാജേശ്വർ സിംഗ് ഒരുങ്ങുന്നത്.

വിരമിക്കാനുള്ള രാജേശ്വർ സിങ്ങിന്റെ അപേക്ഷ കേന്ദ്രസർക്കാർ അംഗീകരിച്ചു. ഷാഹിബാബാദ്‌ മണ്ഡലത്തിൽ നിന്നുമാകും ഇദ്ദേഹം മത്സരിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം. യുപി പൊലീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച രാജേശ്വർ സിംഗ് 2009ലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ഭാഗമാകുന്നത്. ലഖ്‌നൗവിൽ ജോലിചെയ്‌തിരുന്ന അദ്ദേഹം ആറുമാസംമുമ്പാണ്‌ സ്വയംവിരമിക്കലിന്‌ അപേക്ഷിച്ചത്‌. 2018ൽ ദുബായിൽ നിന്നുള്ള സംശയകരമായ ഫോൺകോൾ രാജേശ്വർ സിംഗ് സ്വീകരിച്ചെന്ന്‌ ഇന്റലിജൻസ്‌ ബ്യൂറോ കണ്ടെത്തിയിരുന്നു.

എന്നാൽ, അന്നത്തെ ഇഡി ഡയറക്ടർ രാജേശ്വർ സിംഗിന് ക്ലീൻചിറ്റ്‌ നൽകി. കാൺപുർ പൊലീസ് കമീഷണർ അസിംകുമാർ അരുണും സ്വയം വിരമിച്ച്‌ ബിജെപി സ്ഥാനാർഥിയാകുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്. കനൗജിലെ ബിജെപി സ്ഥാനാർഥിയാകുമെന്നാണ്‌ പുറത്ത് വരുന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News