കെ സുധാകരൻ നയിക്കുന്ന കോൺഗ്രസ്സ് മുമ്പത്തേക്കാൾ അക്രമാസക്തമായ ശൈലി സ്വീകരിക്കുന്നു; എം എ ബേബി

ഇടുക്കിയിലെ പൈനാവ് എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയറ്റ് അംഗം ധീരജിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് എം എ ബേബി. കെ. സുധാകരൻ നയിക്കുന്ന കോൺഗ്രസ്സ് മുമ്പത്തേക്കാൾ അക്രമാസക്തമായ ശൈലി സ്വീകരിക്കുന്നതാണ് ഇവിടെകാണുന്നതെന്ന് എംഎ ബേബി പ്രതികരിച്ചു.

എം എ ബേബിയുടെ കുറിപ്പ്

കേരളത്തിലെ ഒരു കോളേജിൽ ഒരു വിദ്യാർത്ഥി കൂടെ കൊല്ലപ്പെട്ട കാര്യം വളരെ വേദനയോടെയും അമർഷത്തോടെയുമാണ് കേട്ടത്. ഇങ്ങനെ ഒരു പിഞ്ചുജീവൻ എടുത്ത്, ഒരു കുടുംബത്തെയും ബന്ധുമിത്രാദികളെയും സഖാക്കളെയും നിത്യദുഃഖത്തിൽ വീഴ്ത്താനും വേണ്ടി സംഘർഷാത്മക രാഷ്ട്രീയ സ്ഥിതിയൊന്നും എവിടെയും ഉണ്ടായിരുന്നില്ല. ഒരു യുവവിദ്യാർത്ഥിയെ ഒരു പ്രകോപനവുമില്ലാതെ കുത്തിക്കൊല്ലുക! ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒന്നാണിത്.

ഇടുക്കിയിലെ പൈനാവ് എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയറ്റ് അംഗം സഖാവ് ധീരജിനാണ് യൂത്ത് കോൺഗ്രസ്സ്- കെ എസ് യു അക്രമി സംഘത്തിന്റെ കഠാരിക്കുത്തേറ്റത്. സഖാവിനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണമടയുകയായിരുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ നടക്കുന്നതിനിടയിലാണ് യാതൊരുപ്രകോപനവും കൂടാതെ ഈ അരും കൊല. ധീരജിനൊപ്പം മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് കൂടി ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

രാഷ്ട്രീയത്തിലെ നിസ്സാര അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ കോൺഗ്രസുകാർ വീണ്ടും യുവാക്കളെ കൊല്ലാൻ തുടങ്ങിയിരിക്കുന്നു എന്നുവേണം കരുതാൻ. കെ. സുധാകരൻ നയിക്കുന്ന കോൺഗ്രസ്സ് മുമ്പത്തേക്കാൾഅക്രമാസക്തമായശൈലി സ്വീകരിക്കുന്നതാണ് ഇവിടെകാണുന്നത്.

കേരളത്തിൽ കൊലപാതകപരമ്പരകൾ കെട്ടഴിച്ചുവിടുവാൻ ആർ എസ്സ് എസ്സ് – എസ് ഡി പി ഐ അക്രമിസംഘങ്ങൾ മുന്നോട്ടു വരുമ്പോൾ അവരോടൊപ്പം ചേർന്ന് കൊലപാതക രാഷ്ട്രീയം വ്യാപിപ്പിക്കാനാണ് കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വംമുതിരുന്നത്. ഇക്കാര്യത്തിൽ ഇവർക്കിടയിൽ അലിഖിതമായ ഒരുപരസ്പര കരാർ ഉള്ളതുപോലെയാണ് അക്രമപരമ്പരകൾ സംഘടിപ്പിക്കപ്പെടുന്നത്.

ഇത്തരത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ 21സഖാക്കൾ രക്തസാക്ഷികളാവുന്നസ്ഥിതി ഇക്കൂട്ടർ ചേർന്ന് സൃഷ്ടിച്ചിരിക്കയാണ്. ഇതിനെയെല്ലാം രാഷ്ട്രീയമായി തുറന്നുകാണിച്ച് എതിർക്കുന്ന സമീപനമാണ് സി പി ഐ എം പിന്തുടരുന്നത്.

മറിച്ച് ചോരക്കുചോര എന്ന പ്രതികരണമായിരുന്നു എങ്കിൽ കേരളം കുരുതിക്കളമായിമാറുമായിരുന്നു എന്നത് മറന്നുകൂടാ. ഇടതുപക്ഷ ജനാധിപത്യമുന്നണിസർക്കാർ ഇന്നത്തെ സാഹചര്യത്തിൽ സാദ്ധ്യമായത്രമികച്ച ക്രമസമാധാന പരിപാലനത്തിനു ശ്രമിക്കുമ്പോൾ അത് അട്ടിമറിക്കുക എന്ന നിഗൂഢലക്ഷ്യവും അക്രമരാഷ്ട്രീയക്കാർക്കുണ്ട്.ഈ നിന്ദ്യ നീക്കത്തിനെതിരേ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഞാനൊക്കെ വിദ്യാർത്ഥികൾ ആയിരുന്ന കാലത്ത് കെ എസ് യുക്കാർ നിരവധി വിദ്യാർത്ഥികളെ നിഷ്കരുണം കൊന്നിട്ടുണ്ട്. ഇടയ്ക്ക് അത് ഒന്നു കുറഞ്ഞതാണ്. വീണ്ടും ആ രീതിയിലേക്ക് മടങ്ങരുതെന്ന് എല്ലാ കോൺഗ്രസുകാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. അക്രമത്തിലൂടെ എസ് എഫ് ഐയെ ഇല്ലാതാക്കാനാവില്ല എന്നത് കെ എസ് യുക്കാർ ചരിത്രത്തിൽ നിന്നു പഠിക്കണം.

പ്രിയ സഖാവിൻറെ കുടുംബത്തിന്റെയും സഹപാഠികളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News