ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയാണ് കോൺഗ്രസിൻ്റെ ക്രിമിനൽ രാഷ്ട്രീയത്തിലൂടെ ഇല്ലാതായത്; മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് കെ എസ് യു-യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കൊലപ്പെടുത്തിയ ധീരജിൻ്റെ രക്തസാക്ഷിത്വത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തിലെ പാലക്കുളങ്ങര സ്വദേശിയാണ് ധീരജ്. നന്നായി പഠിക്കുകയും നല്ല രീതിയിൽ സമൂഹത്തിൽ ഇടപഴകി, നല്ലൊരു വിദ്യാർത്ഥിയും മനുഷ്യനുമായി നാട്ടുകാരുടെയെല്ലാം പ്രതീക്ഷയായി വളർന്ന കുട്ടിയായിരുന്നു ധീരജ്. ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയാണ് കോൺഗ്രസിൻ്റെ ക്രിമിനൽ രാഷ്ട്രീയത്തിലൂടെ ഇല്ലാതാക്കിയത് മന്ത്രി പറഞ്ഞു.

പഠിക്കാനും പോരാടാനുമുള്ള മനുഷ്യപക്ഷ രാഷ്ട്രീയം തെരഞ്ഞെടുത്തവരെ കപട സമാധാനത്തിന്റെ വാഗ്ധോരണികളിലൂടെ തോൽപ്പിക്കാനാവില്ലെന്ന വേവലാതിയിൽ നിന്നാണ് ഈ നിഷ്ഠൂരമായ കൊലപാതകം ഉണ്ടായത്. ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വം അക്രമത്തിൻ്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ആർ എസ്എസ് ഫാസിസത്തെ അനുകരിച്ച് ഗാന്ധിസത്തെ വലിച്ചെറിഞ്ഞ് നഗ്നരായി നിൽക്കുന്ന കോൺഗ്രസിനെയാണ് ഇവിടെ കാണാനാവുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എസ്എഫ്ഐയുടെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാൻ തുനിയുന്ന കെഎസ്‌യു – യൂത്ത് കോൺഗ്രസ് രാഷ്ട്രീയം. പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. ഈ ക്രിമിനലുകളെ സമൂഹം ഒറ്റപ്പെടുത്തും. കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള കർശന നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here