പുത്തൻ കളി നിയമങ്ങൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. സ്ലോ ഓവർ റേറ്റും ഡ്രിംഗ്‌സ് ബ്രേക്കും അടക്കമുള്ള പുതിയ സംവിധാനങ്ങളാണ് ഐസിസി അവതരിപ്പിക്കാൻ പോകുന്നത്. ടി 20 മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്നുണ്ടാകുന്ന പിഴയ്ക്ക് പുറമെ മറ്റൊരു നിയമം കൂടി പാലിക്കണമെന്ന് ഐസിസി നിർദേശിക്കുന്നു.
ഇന്നിങ്‌സിലെ കുറഞ്ഞ ഓവർ നിരക്കിന് ഇനി മുതൽ 30 യാർഡ് സർക്കിളിനു പുറത്ത് ഒരു ഫീൽഡറെ കുറയ്ക്കും. മത്സരം തീരുന്നത് വരെ അനുവദനീയമായ ഫീൽഡർമാരുടെ എണ്ണത്തിൽ ഒരാൾ കുറവിലെ ഫീൽഡ് ചെയ്യാൻ അനുവദിക്കൂ. ഈ മാസം മുതലാണ് പുത്തൻ പരിഷ്‌കാരങ്ങൾ നിലവിൽ വരിക.
ജനുവരി 16 ന് ജമൈക്കയിലെ സബീനപാർക്കിൽ നടക്കുന്ന വെസ്റ്റ്ഇൻഡീസ്-അയർലാന്റ് മത്സരത്തിലാണ് പുത്തൻ നിയമം ആദ്യം പരീക്ഷിക്കുക. ദക്ഷിണാഫ്രിക്കയും വെസ്റ്റ്ഇൻഡീസും തമ്മിലുള്ള സ്ത്രീകളുടെ ആദ്യ മത്സരത്തിലും ഇത് പരീക്ഷിച്ചേക്കും.
കുറഞ്ഞ ഓവർ നിരക്കിന് നിശ്ചയിച്ച ശിക്ഷകൾക്ക് പുറമെയുള്ള പുതിയ നിയമത്തെ കുറിച്ച് പരിശോധിക്കാം. നിഷ്‌കർഷിച്ചിട്ടുള്ള സമയത്തിനനുള്ളിൽ ആദ്യത്തെ പന്തെറിയുകയും അവസാനത്തെ പന്ത് കഴിയുകയും വേണമെന്നതാണ് ഐസിസി പുതുതായി പ്രഖ്യാപിച്ച മറ്റൊരു നിയമം.
പുതിയ മാറ്റങ്ങളുടെ ഭാഗമായി ബൈലാറ്ററൽ ടി 20 മത്സരങ്ങളിൽ ഇന്നിങ്‌സിന്റെ മധ്യത്തിൽ ഓപ്ഷണൽ ഡ്രിങ്ക്‌സ് ബ്രേക്ക് നൽകാനും ഗവേർണിംഗ് ബോഡി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇത് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതത് ടീമുകളാണ്. സാധാരണയായി രണ്ടു മിനിറ്റും 30 സെക്കന്റുമാണ് ഡ്രിംഗ്‌സ് ബ്രേക്കായി നൽകാറുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.