വിസ്‌മയ കേസ്‌ വിചാരണ തുടങ്ങി; പിതാവിൻ്റെ സാക്ഷിവിസ്താരം ഇന്നും തുടരും

വിസ്മയ കേസ് വിചാരണ തുടങ്ങി. കിരണിന്റെ ക്രൂരതകൾ അക്കമിട്ടു നിരത്തിയ വിസ്‌മയയുടെ അച്ഛന്റെ മൊഴിയും വിസ്മയയുടെ ഫോൺ സംഭാഷണവുമാണ് ആദ്യ ദിനത്തെ വിചാരണ.വിസ്മയയുടെ പിതാവിൻ്റെ സാക്ഷിവിസ്താരം ഇന്നും തുടരും.

കൊല്ലം പോരുവഴി യിലെ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ വിസ്മയ മരിച്ച കേസിൽ അതിവേഗത്തിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. ഇന്നലെ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരുടെയും, സഹോദരൻ വിജിത്ത് വി നായരുടെയും സാക്ഷിവിസ്താരം ആയിരുന്നു തീരുമാനിച്ചിരുന്നത്. സഹോദരൻ വിജിത്ത് നാട്ടിൽ ഇല്ലാത്തതിനാൽ കോടതിയിൽ ഹാജരായില്ല. അച്ഛൻ ത്രിവിക്രമൻ നായരുടെ സാക്ഷിവിസ്താരം വൈകുന്നേരം വരെ നീണ്ടു.

സാക്ഷി വിസ്താരത്തിനിടയിൽ വിസ്മയയുടെയും, കിരണിൻ്റെയും, ത്രിവിക്രമൻ നായരുടെയും ഫോൺ സംഭാഷണം കേൾപ്പിച്ചു. ശബ്ദങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞു. കിരൺകുമാറിൻ്റെ ഫോണിൽ റെക്കോർഡായ സംഭാഷണങ്ങളാണ് കോടതി കേൾപ്പിച്ചത്. സ്ത്രീധനത്തെ ചൊല്ലി നിരന്തരം ഭർതൃവീട്ടിൽ പീഡനം നേരിടുന്നു എന്ന് വിസ്മയ പറയുന്ന തെളിവുകൾ അടങ്ങിയതാണ് സംഭാഷണം. സ്ത്രീധനത്തെ ചൊല്ലി കിരൺകുമാർ കലഹിക്കുന്നതും ഫോൺ സംഭാഷണങ്ങളിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട് തർക്കങ്ങളാണ് വിസ്മയയുടെ മരണത്തിന് കാരണമായതെന്ന് അച്ഛൻ മൊഴിനൽകി.

ത്രിവിക്രമൻ നായരെയും വിസ്മയയുടെ അമ്മ, സഹോദരൻ്റെ ഭാര്യ എന്നിവരെയും ഇന്ന് കോടതി വിസ്തരിക്കും. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്ത് മുൻപാകെയാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്.അതെ സമയം വാദിഭാഗവും പ്രതിഭാഗവും ശബ്ദരേഖകൾ കൊണ്ടുള്ള നിയമ യുദ്ധത്തിന് ഒരുങ്ങുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News