ധീരജ് വധം; പിടിയിലായവരെല്ലാം യൂത്ത് കോൺഗ്രസ്- കെ എസ് യു പ്രവർത്തകർ

എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായവരെല്ലാം യൂത്ത് കോൺഗ്രസ് കെഎസ്യു പ്രവർത്തകർ. ജില്ലാ സെക്രട്ടറി, നിഖിൽ പൈലി, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജെറിൻ ജോജോ ഉൾപ്പെടെയുള്ളവരാണ് കസ്റ്റഡിയിലുള്ളത്. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് അക്രമത്തിന് നേതൃത്വം നൽകിയവർ എല്ലാവരും.

നിഖിൽ പൈലിയാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിൻ്റെ നെഞ്ചിൽ കഠാര ആഴ്ത്തി കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തിയ പ്രധാന പ്രതി. കെപിസിസി പ്രസിഡൻ്റ് മുതൽ പ്രതിപക്ഷ നേതാവ് വരെയുള്ളവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാൾ. കഠാരരാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്ന പോസ്റ്റുകളും ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കാണാം.

കൊലപാതകത്തിന് കൂടെ നിന്ന് സഹായം നൽകിയ ജെറിൻ ജോജോ പി.ടിയുടെ ശിഷ്യൻ എന്നാണ് തന്നെ ഫേസ്ബുക്കിൽ വിശേഷിപ്പിക്കുന്നത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ്. മുതിർന്ന കോൺഗ്രസ് നേതാക്കളുമൊത്തുള്ള ചിത്രങ്ങൾ ഇയാളും നവമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

May be an image of 3 people, beard and people standing

പിടിയിലുള്ള മറ്റു നാല് പേർ സജീവ കെ.എസ്.യു പ്രവർത്തകരും നേതാക്കളുമാണ്. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടെ യും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

മകൻ എഞ്ചിനീയറിംഗ് ബിരുദധാരിയായി മടങ്ങിയെത്തുന്നത് കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്കാണ് ധീരജിൻ്റെ ചേതനയറ്റ ശരീരം മാത്രം മടങ്ങി ചെല്ലുന്നത്. അപ്പോഴും അതിന് കാരണക്കാരായവർ മടിയും മറയുമില്ലാതെ ന്യായീകരണം ചമയ്ക്കുന്ന തിരക്കിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here