ധീരജ് രാജേന്ദ്രന്‍റെ കൊലപാതകം ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു

എസ്എഫ്ഐ പ്രവര്‍ത്തകനായ ധീരജ് രാജേന്ദ്രന്‍റെ കൊലപാതകം ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു. കൊലപാതകത്തിലും അതിന് ശേഷം നടന്ന പ്രതികരണങ്ങളിലും കോണ്‍ഗ്രസ് തിരക്കഥ വ്യക്തം. കൊലപാതക ആസൂത്രണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

കൃത്യത്തില്‍ നേരിട്ട പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്‍റെ അതേ ശരീരഭാഷയായിരുന്നു ഇന്നലെ കെ സുധാകരന്. കോണ്‍ഗ്രസ് നടത്തിയ കൊലപാതകത്തെ അപലപിക്കാന്‍ മടിച്ച കെപിസിസി പ്രസിഡന്‍റ് എസ്എഫ്ഐക്കും സിപിഐഎമ്മിനും നേരെ ആക്ഷേപങ്ങള‍ഴിച്ചുവിടാനാണ് ശ്രമിച്ചതും.

എന്നാല്‍, നിരന്തരമായി വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ കൊലപാതകം നടത്തി രണ്ടാം ദിനം അനുശോചനം രേഖപ്പെടുത്തിയ സുധാകരന്‍ വിഷയത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു. കെഎസ് ബ്രിഗേഡാണോ കൊലപാതകത്തിന് പിന്നിലെന്ന ചോദ്യത്തിന് സുധാകരന് മറുപടിയുണ്ടായില്ല.

കൊലപാതകത്തെ അപലപിക്കുന്ന സതീശന്‍ എന്നാല്‍ അക്രമരാഷ്ട്രീയത്തെ പിന്തുടരുന്ന സുധാകരനെ തള്ളിപ്പറയാനും ധൈര്യപ്പെട്ടില്ല. പെട്ടെന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാദം. കൊലപാതകത്തെ ന്യായീകരിച്ചില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനും നേരെ വ‍ഴിതിരിച്ചുവിടാനായിരുന്നു ചെന്നിത്തലയുടെയും ഉദ്ദേശം.

അക്രമങ്ങൾ തടയുന്നതിൽ പോലീസിൻറെ അലംഭാവം ഒരിക്കൽ കൂടി വ്യക്തമായി എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാര്‍ത്താക്കുറിപ്പ്. ഒരുപടികൂടി കടന്ന് കെ.സുധാകരനെ അക്രമിക്കാൻ വന്നാൽ സി.പി.ഐ എമ്മിനെ ഒറ്റക്കെട്ടായി നേരിടുമെന്നായിരുന്നു കെ.മുരളീധരൻറെ പ്രതികരണം. നിരന്തരം സംഘർഷം നടക്കുന്ന കാമ്പസാണതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലും വാദിച്ചു.

അതേസമയം, എസ്എഫ്ഐ പ്രവര്‍ത്തകനായ ധീരജിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന സൂചന ബലപ്പെടുകയാണ്. കൊലപാതകത്തിലും അതിന് ശേഷം നടന്ന പ്രതികരണങ്ങളിലും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ പ്രതീതിയുണ്ടായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനെ യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍സംഘം കൊലപ്പെടുത്തി.

അതിന് ശേഷം സിപിഐഎമ്മിനെയും സര്‍ക്കാരിനെയും ആക്രമിച്ചുകൊണ്ട് കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവന. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനുദ്ദേശിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുപ്രചാരണം.

സോഷ്യല്‍മീഡിയയിലെ ഇത്തരം കുപ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാക്കളാണെന്നുള്ളതുകൊണ്ട്  കൊലപാതക ആസൂത്രണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പങ്കും സംശയിക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News