കേരള ജനതയ്ക്ക് നേരെ അട്ടഹാസവും വെല്ലുവിളിയും ഭീഷണിയുമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഷ; തോമസ് ഐസക്

കഷ്ടിച്ച് കൗമാരം കടന്ന ഒരു വിദ്യാര്‍ത്ഥിയെ ഒരു പ്രകോപനവുമില്ലാതെ കുത്തിക്കൊന്നിരിക്കുകയാണ് കേരളത്തിലെന്നും എല്‍ഡിഎഫിനെ തുടര്‍ഭരണമേല്‍പ്പിച്ച കേരള ജനതയ്ക്കു നേരെ അട്ടഹാസവും വെല്ലുവിളിയും ഭീഷണിയുമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഷയെന്നും മുന്‍ മന്ത്രി തോമസ് ഐസക്.

തെരഞ്ഞെടുപ്പു തോല്‍വിയ്ക്ക് തെരുവില്‍ ചോരയൊഴുക്കി പ്രതികാരം ചെയ്യാനിറങ്ങുകയാണവരെന്നും വിദൂരഭൂതകാലത്തിലെന്നോ കത്തിയും മടക്കി മാളത്തിലൊളിച്ച കോണ്‍ഗ്രസിന്റെ ക്രിമിനലുകളെ മുഴുവന്‍ തെരുവിലിറക്കുകയാണ് തന്റെ ദൗത്യം എന്നു വിശ്വസിക്കുന്ന ഒരാളാണ് ആ പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കഷ്ടിച്ച് കൗമാരം കടന്ന ഒരു വിദ്യാര്‍ത്ഥിയെ ഒരു പ്രകോപനവുമില്ലാതെ കുത്തിക്കൊന്നിരിക്കുകയാണ് കേരളത്തില്‍. കൊന്നത് കോണ്‍ഗ്രസ് ക്രിമിനലുകള്‍. കൊല ചെയ്യപ്പെട്ടത് എസ്എഫ്‌ഐയുടെ സഖാവ്. ഈ അരുംകൊല കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടന്ന സംഘര്‍ഷത്തിനിടയില്‍ സംഭവിച്ചുപോയതല്ല. പുറത്തു നിന്നെത്തിയ ക്രിമിനലുകളുടെ കഠാരയാണ് ആ പിഞ്ചു ജീവന്‍ കവര്‍ന്നത്.

ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് ഇടയാക്കുന്നതരത്തുിലുള്ള ഒരു സംഘര്‍ഷവും കോളേജില്‍ ഉണ്ടായിരുന്നില്ലയെന്നാണ് ഇടുക്കിയിലെ സഖാക്കള്‍ പറഞ്ഞത്. നിസാരമായ രാഷ്ട്രീയ വഴക്കുകള്‍ കത്തിയും വടിവാളും കൊണ്ട് കൈകാര്യം ചെയ്യാന്‍ വീണ്ടും കോണ്‍ഗ്രസ് രംഗത്തിറങ്ങുകയാണ്. എല്‍ഡിഎഫിനെ തുടര്‍ഭരണമേല്‍പ്പിച്ച കേരള ജനതയ്ക്കു നേരെ അട്ടഹാസവും വെല്ലുവിളിയും ഭീഷണിയുമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഷ. തെരഞ്ഞെടുപ്പു തോല്‍വിയ്ക്ക് തെരുവില്‍ ചോരയൊഴുക്കി പ്രതികാരം ചെയ്യാനിറങ്ങുകയാണവര്‍.

തോറ്റുപോയതിന്റെ പക വീട്ടുന്നത് നാടിന്റെ സ്വസ്ഥത നശിപ്പിച്ചുകൊണ്ടാണ്. വിദൂരഭൂതകാലത്തിലെന്നോ കത്തിയും മടക്കി മാളത്തിലൊളിച്ച കോണ്‍ഗ്രസിന്റെ ക്രിമിനലുകളെ മുഴുവന്‍ തെരുവിലിറക്കുകയാണ് തന്റെ ദൗത്യം എന്നു വിശ്വസിക്കുന്ന ഒരാളാണ് ആ പാര്‍ടിയെ ഇപ്പോള്‍ നയിക്കുന്നത്. ആര്‍എസ്എസിന്റെയും എസ് ഡിപിഐയുടെയും കൊലയാളി സംഘങ്ങളുടെ ചോരക്കൊതി കണ്ട് കോണ്‍ഗ്രസ് ക്രിമിനലുകളും നാവു നുണയുകയാണ്. എല്ലാവരുടെയും ലക്ഷ്യം സിപിഐഎമ്മാണ്. ആറു വര്‍ഷം കൊണ്ട് 21 സഖാക്കളുടെ ജീവനാണ് നമുക്കു നഷ്ടപ്പെട്ടത്.

അതേ ഭാഷയിലും ശൈലിയിലും പാര്‍ടി തിരിച്ചടിച്ചിരുന്നെങ്കിലോ. കൊലയാളികളുടെ ആവശ്യവും അതാണ്. നിരപരാധികളുടെ ജീവന്‍ പൊലിയുന്ന കൊലപാതക പരമ്പരകള്‍ സ്വപ്നം കണ്ട്, ഉന്മത്തതയുടെ അങ്ങേയറ്റത്തു നിന്ന് ഉറഞ്ഞു തുള്ളുകയാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. ഈ തീക്കളി അവസാനിപ്പിക്കാന്‍ വിവേകത്തിന്റെ തരിമ്പെങ്കിലും അവശേഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സഹപ്രവര്‍ത്തകരെ ഉപദേശിക്കണം.

ഒരുകാലത്ത് കേരളത്തിലെ കലാലയങ്ങളെ കുരുതിക്കളമാക്കിയവരാണ് കെഎസ് യുക്കാര്‍. കൗമാരം വിടാത്ത എത്രയോ കുട്ടികളെ അവര്‍ കൊലക്കത്തിയ്ക്ക് ഇരയാക്കിയിട്ടുണ്ട്. അതുകൊണ്ടൊന്നും എസ്എഫ്‌ഐ തകര്‍ന്നുപോയില്ല. പക്ഷേ, കൊലക്കത്തിയുമായി കലാലയങ്ങള്‍ അടക്കി ഭരിക്കാമെന്നു കരുതിയ കെഎസ് യുവിനെ കാമ്പസുകള്‍ തൂത്തെറിയുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ പ്രസ്ഥാനം വളര്‍ന്നപ്പോള്‍, കൊലയാളികളുടെ സംഘടന നശിച്ചു നാറാണക്കല്ലെടുത്തു. പണ്ടു താഴെ വെച്ച കൊലക്കത്തി കെഎസ് യു വീണ്ടും കൈയിലെടുക്കുകയാണ്. അതനുവദിച്ചു കൂടാ.

ഇനിയൊരു ജീവന്‍ കാമ്പസില്‍ പൊലിഞ്ഞു കൂടാ. അതിന് ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്തണം. പുറത്തു നിന്നുള്ള ഗുണ്ടകളെയും അക്രമികളെയും ഉപയോഗിച്ച് കാമ്പസിനെ വരുതിയ്ക്കു നിര്‍ത്താനുള്ള ശ്രമത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറണം.
സ. ധീരജിനൊപ്പം മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ട്. സാരമായ പരിക്കുണ്ടെന്നാണ് വാര്‍ത്തകള്‍. ഒന്നിലധികം പേരെ കെഎസ് യു ക്രിമിനലുകള്‍ ലക്ഷ്യം വെച്ചിട്ടുണ്ട് എന്നാണ് ഇതില്‍ നിന്ന് മനസിലാക്കുന്നത്.

പ്രധാന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവരെയും ഉടന്‍ കസ്റ്റഡിയിലെടുക്കണം. കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കണം. സഖാവ് ധീരജിന്റെ കുടുംബവും സുഹൃത്തുക്കളും സഖാക്കളും അസഹ്യമായ വേദനയിലൂടെയാണ് കടന്നുപോകുന്നത്. അവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. പ്രിയ സഖാവിന്റെ കുടുംബത്തിന്റെയും സഹപാഠികളുടെയും സഖാക്കളുടെയും തീരാവേദനയില്‍ പങ്കുചേരുന്നു.
ലാല്‍സലാം സഖാവേ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News