ജനാധിപത്യ സംവിധാനങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായ സമത്വം കൈവരിക്കാന്‍ പരിശ്രമിക്കണം: മന്ത്രി കെ. രാധാകൃഷ്ണന്‍

സ്വാതന്ത്ര്യലബ്ധിക്ക്ശേഷം 75 വര്‍ഷം പിന്നിടുമ്പോഴും രാഷ്ട്രീയ സമത്വത്തിന് അപ്പുറം സാമൂഹികവും സാമ്പത്തികവുമായ സമത്വം കൈവരിക്കാനായിട്ടില്ലെന്നും അതിനായുള്ള പരിശ്രമങ്ങള്‍ തുടരണമെന്നും പാര്‍ലമെന്ററികാര്യ, എസ്.സി / എസ്.ടി, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനതല യൂത്ത് ആന്റ് മോഡല്‍ പാര്‍ലമെന്റ് മത്സര വിജയികളുടെ റിപ്പീറ്റ് പെര്‍ഫോമന്‍സും സമ്മാന വിതരണവും സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം തുല്യതയാണ്. എന്നാല്‍ രാഷ്ട്രീയ തുല്യതയ്ക്കപ്പുറം സാമൂഹികവും സാമ്പത്തികവുമായ തുല്യത ഇനിയും രാജ്യം കൈവരിച്ചിട്ടില്ലെന്നും അതിനായി ജനാധിപത്യ സംവിധാനങ്ങള്‍ പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും വിദ്യാഭ്യാസരംഗത്തും കേരളം ബഹുദൂരം മുന്നേറിയിട്ടുണ്ടെന്നും നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ 50 ശതമാനം ജനങ്ങളും ദരിദ്രരായി ജീവിക്കുമ്പോള്‍ കേരളത്തില്‍ ദരിദ്രരുടെ ശതമാനം 0.71 ആണെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനാ തത്വങ്ങള്‍ പാലിക്കപ്പെടണം. നല്ലൊരു സമൂഹം കെട്ടിപ്പടുക്കാനും സാമൂഹിക നന്‍മയ്ക്കായും കൂടുതല്‍ കാര്യക്ഷമമായി ജനാധിപത്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
നിയമ നിര്‍മ്മാണസഭയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയെന്നതും ജനാധിപത്യത്തിന്റെ അടിത്തൂണായ നിയമനിര്‍മ്മാണ സഭകളിലേക്ക് കടന്നുവരാന്‍ യുവതീ യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്നതുമാണ് മോഡല്‍ പാര്‍ലമെന്റ് മത്സരത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പഴയ നിയമസഭാ ഹാളിലെ ചടങ്ങില്‍ പങ്കെടുക്കുകയെന്നത് മത്സര വിജയികളെ സംബന്ധിച്ചെടുത്തോളം അവിസ്മരണീയമായ മുഹൂര്‍ത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനതല യൂത്ത് ആന്റ് മോഡല്‍ പാര്‍ലമെന്റ് മത്സരങ്ങളില്‍ സ്‌കൂള്‍തല ജേതാക്കളായ കണ്ണൂര്‍ ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനും കോളേജ് തലത്തില്‍ വിജയികളായ തൃശ്ശൂര്‍ പുതുക്കാട് പ്രജ്യോതിനികേതന്‍ കോളേജിനും മറ്റ് മത്സരങ്ങളിലെ വിജയികള്‍ക്കും കെ. രാധാകൃഷ്ണന്‍ സമ്മാനം വിതരണം ചെയ്തു.
എം.എല്‍.എ സജീവ് ജോസഫ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ഡോ. ഡിംപി വി ദിവാകരന്‍, ബോര്‍ഡ് ഓഫ് ഗവേണന്‍സ് മെമ്പര്‍ എസ്. ആര്‍ ശക്തിധരന്‍, രജിസ്ട്രാര്‍ രതീഷ് ജി. ആര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here