പി മോഹനൻ മൂന്നാമതും കോഴിക്കോട്‌ ജില്ലാ സെക്രട്ടറി

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. കോഴിക്കോട്‌ സമുദ്ര ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു.

എളമരം കരീംമിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ കമ്മിറ്റിയോഗമാണ്‌ പി മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌. ജില്ലാ കമ്മിറ്റിയിൽ 15പേർ പുതുമുഖങ്ങളാണ്.

യുവജനപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത്‌ സജീവമായ പി മോഹനൻ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. 2015–ൽ വടകര സമ്മേളനത്തിലാണ്‌ ആദ്യമായി സെക്രട്ടറിയായത്‌. ടി പി ചന്ദ്രശേഖരൻ സംഭവത്തിൽ രാഷ്‌ട്രീയ പകപോക്കിനിരയായി കളളക്കേസിൽ കുടുക്കി 673 ദിവസം ജയിലിലടച്ച മോഹനനെ നിരപരാധിയെന്ന്‌ കണ്ടെത്തി കോടതി വിട്ടയക്കുകയായിരുന്നു.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ – നിലകളിൽ പ്രവർത്തിച്ച്‌ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിച്ചു. അഴിമതിക്കെതിരെ മന്ത്രിമാരെ തടയൽ സമരത്തിൽ പങ്കെടുത്തതിന്‌ ക്രൂരമായ പൊലീസ് മർദനത്തിനിരയായി.

ആദ്യമായി രൂപീകരിച്ച ജില്ലാകൗൺസിലിലെ അംഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ തിളങ്ങി. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാസമിതി അംഗമാണ്. 49വർഷമായി പാർട്ടി അംഗമാണ്‌.

1991 മുതൽ ജില്ലാകമ്മിറ്റി അംഗം. 2015 മുതൽ സംസ്ഥാനകമ്മിറ്റി അംഗമാണ്‌. സിപിഐ എം ജില്ലാ കമ്മിറ്റിഅംഗവും സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റുമായ കെ കെ ലതികയാണ്‌ ഭാര്യ. മക്കൾ: ജൂലിയസ്‌ നികിദാസ്‌, ജൂലിയസ്‌ മിർഷാദ്‌. മരുമക്കൾ: സാനിയോ, ഡോ. ശിൽപ്പ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here