സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ 60 ലക്ഷം ഉല്‍പ്പാദനം പിന്നിട്ടു

ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ 60 ലക്ഷം ഉല്‍പ്പാദനം പിന്നിട്ടു ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കമ്പനിയുടെ ഫാക്ടറിയിലെ ഉല്‍പ്പാദന നിരയില്‍ നിന്നാണ് 60 ലക്ഷം എന്ന എണ്ണം തികച്ച ഇരുചക്ര വാഹനം പുറത്തിറക്കിയത്. പുതിയ സുസുക്കി അവെനിസ് 125 ആണ് കമ്പനിയുടെ ഉല്‍പ്പാദന നിരയില്‍ നിന്ന് പുറത്തിറങ്ങുന്ന 60 ലക്ഷം എന്ന മാന്ത്രിക സംഖ്യയുടെ ഉടമയായ ഇരുചക്രവാഹനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

1982 നും 2001 നും ഇടയില്‍ 19 വര്‍ഷം നീണ്ടുനിന്ന ടിവിഎസുമായുള്ള സംയുക്ത സംരംഭത്തിന് ശേഷം, 2006 ഫെബ്രുവരിയില്‍ ആണ് സുസുക്കി കമ്പനി ഇന്ത്യന്‍ വിപണിയില്‍ സ്വതന്ത്ര പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന് 15 വര്‍ഷത്തിന് ശേഷമാണ് ഈ നാഴികക്കല്ല് വരുന്നത്. പുതിയ പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 5,40,000 യൂണിറ്റാണ്.

കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആക്സസ് 125 സ്‌കൂട്ടര്‍, ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ജിക്സര്‍ 150, 250 സീരീസ്, അടുത്തിടെ പുറത്തിറക്കിയ അവെനിസ് 125 സ്‌കൂട്ടര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളാണ് ഈ പ്ലാന്റില്‍ നിന്നും പുറത്തിറങ്ങുന്നത്. അവെനിസ് 2021 നവംബറിലാണ് അവതരിപ്പിച്ചത്.

”ഈ വര്‍ഷം സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ രാജ്യത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഞങ്ങളുടെ ഗുരുഗ്രാം പ്ലാന്റില്‍ നിന്ന് ഇന്ത്യയിലെ ഞങ്ങളുടെ ആറ് ദശലക്ഷം തികിച്ച സുസുക്കി ഇരുചക്രവാഹന ഉല്‍പ്പന്നം പുറത്തിറക്കി എന്ന് പ്രഖ്യാപിക്കാന്‍ സാധിക്കുക എന്നത് തീര്‍ച്ചയായും സന്തോഷകരമാണ്..’ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ എംഡി സതോഷി ഉചിദ പറയുന്നു. ‘ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും ബ്രാന്‍ഡില്‍ അവര്‍ കാണിച്ച വിശ്വാസത്തിനും വിശ്വസ്തതയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. കൊവിഡ് വ്യാപനവും ലോകമെമ്പാടുമുള്ള ആഗോള അര്‍ദ്ധചാലക ദൗര്‍ലഭ്യവും ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും ഈ നാഴികക്കല്ലില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.. ‘ ഉചിദ കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന ആക്സസ് 125, 2021 ഏപ്രിലിനും ഒക്ടോബറിനുമിടയില്‍ 2,82,000 യൂണിറ്റുകള്‍ വിറ്റു. വര്‍ഷാവര്‍ഷം ഈ മോഡല്‍ 49 ശതമാനം വര്‍ധന രേഖപ്പെടുത്തുകയും സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ വില്‍പനയുടെ 83 ശതമാനവും ആദ്യഘട്ടത്തില്‍ അതായത് 2022 സാമ്പത്തിക വര്‍ഷത്തിലെ ഏഴ് മാസത്തിനകം രേഖപ്പെടുത്തുകയും ചെയ്തു. 2020 ഏപ്രിലിനും ഒക്ടോബറിനും ഇടയില്‍ വിറ്റ 2,27,721 യൂണിറ്റുകളേക്കാള്‍ 48 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി, ഹോണ്ടയ്ക്കും ടിവിഎസ് മോട്ടോര്‍ കമ്പനിക്കും ശേഷം സ്‌കൂട്ടര്‍ വില്‍പ്പനയില്‍ സുസുക്കി മൂന്നാം സ്ഥാനം നിലനിര്‍ത്തി.

അതേസമയം സുസുക്കി ഇന്ത്യയുടെ ഏറ്റവും പുതിയ മോഡലായ അവെനിസിനെപ്പറ്റി പറയുകയാണെങ്കില്‍, പുതിയ സുസുക്കി അവെനിസിന്റെ രാജ്യത്തെ എക്സ് ഷോറൂം വില 86,700 രൂപ മുതല്‍ 87,000 വരെയാണ്. ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്പോര്‍ട്ടി സ്‌കൂട്ടറുകളുടെ നേരിട്ടുള്ള എതിരാളിയായാണ് സുസുക്കി അവെനിസ് എത്തുന്നത്. എഫ്ഐ സാങ്കേതികവിദ്യയുള്ള 125 സിസി എഞ്ചിനിലാണ് ഇത് വരുന്നത്. ഈ എഞ്ചിന്‍ 6,750 rpm-ല്‍ 8.7 PS പരമാവധി പവര്‍ നല്‍കുന്നു. 5,500 rpm-ല്‍ 10Nm പീക്ക് ടോര്‍ക്കും ഉയര്‍ന്ന കരുത്തും കുറഞ്ഞ കര്‍ബ് മാസ്സും സ്‌കൂട്ടറിന് ത്രില്ലിംഗ് റൈഡ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്‌കൂട്ടറിന്റെ ഭാരം 106 കിലോ മാത്രമാണ്.

ടെക്നോളജിയും ഫീച്ചറുകളുമായാണ് സ്‌കൂട്ടര്‍ എത്തുന്നത്. സുസുക്കി റൈഡ് കണക്ട് ഫീച്ചറിനൊപ്പം കമ്പനിയുടെ പേറ്റന്റ് SEP ടെക്‌നോളജിയും ഇതിന് ലഭിക്കുന്നു. അതിന്റെ പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കോക്ക്പിറ്റ് ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നു. കൂടാതെ കണക്റ്റു ചെയ്ത നിരവധി സവിശേഷതകള്‍ അണ്‍ലോക്ക് ചെയ്യുന്ന ഒരു സ്മാര്‍ട്ട്ഫോണുമായി ഇത് കണക്റ്റു ചെയ്യാന്‍ റൈഡറെ അനുവദിക്കുന്നു. മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ / മെറ്റാലിക് ലഷ് ഗ്രീന്‍, പേള്‍ ബ്ലേസ് ഓറഞ്ച് / ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ബ്ലാക്ക് / ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ മിറേജ് വൈറ്റ് / മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ എന്നിവയുള്‍പ്പെടെ നിരവധി വര്‍ണ്ണ ഓപ്ഷനുകളിലാണ് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here