മുസ്ലിങ്ങളെ സിപിഐ എമ്മിൽ നിന്ന് അകറ്റാനുള്ള ശ്രമം വിലപ്പോകില്ല; ലീഗ് നീക്കത്തിനെതിരെ കോടിയേരി

വഖഫ്‌ വിഷയവുമായി ബന്ധപ്പെട്ട്‌ രണ്ടാം വിമോചന സമരത്തിനാണ്‌ മുസ്ലീംലീഗ്‌ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മുസ്ലീം ബഹുജനങ്ങളെ സിപിഐ എമ്മിൽ നിന്ന് അകറ്റാനുള്ള ശ്രമം വിലപ്പോകില്ല, കേരള രാഷ്‌ട്രീയത്തിൽ മുഖം നഷ്‌ടമായ ലീഗ്‌ കലാപം നടത്തി തിരിച്ചുവരാൻ ശ്രമിക്കയാണെന്നും കാലം മാറിയെന്ന്‌ അവർ മനസിലാക്കണമെന്നും കോടിയേരി പറഞ്ഞു.

”മുസ്ലീം ബഹുജനങ്ങളെ സിപിഐ എമ്മിൽ നിന്ന് അകറ്റാനുള്ള ശ്രമം വിലപ്പോകില്ല. വഖഫ്‌ വിഷയവുമായി ബന്ധപ്പെട്ട്‌ രണ്ടാം വിമോചന സമരത്തിനാണ്‌ മുസ്ലീംലീഗ്‌ ശ്രമിക്കുന്നത്‌. അത്‌ നടക്കാൻ പോകുന്നില്ല. കേരള രാഷ്‌ട്രീയത്തിൽ മുഖം നഷ്‌ടമായ ലീഗ്‌ കലാപം നടത്തി തിരിച്ചുവരാൻ ശ്രമിക്കയാണ്‌. കാലം മാറിയെന്ന്‌ അവർ മനസിലാക്കണം. 1957ലെ കമ്യൂണിസ്‌റ്റ്‌ പാർടിയല്ല ഇന്നുള്ളത്‌.

വിപുലമായ ബഹുജനസ്വാധീനവും വിശ്വാസികളെയടക്കം പിന്തുണയുമുള്ള പാർടിയാണിന്ന്‌ കേരളം ഭരിക്കുന്നത്‌. അതിനാൽ വിമോചനസമര വ്യാമോഹത്തിൽ നിന്ന്‌ ലീഗ്‌ പിന്തിരിയണം. വഖഫ്‌ ബോർഡ്‌ നിയമനം പി എസ്‌സിക്ക്‌ വീടുന്ന കാര്യത്തിൽ എൽഡിഎഫ്‌ സർക്കാരിന്‌ യാതൊരു വാശിയുമില്ല. എല്ലാവരും ചർച്ചനടത്തിയേ നടപ്പാക്കൂവെന്ന്‌ സർക്കാർ വ്യക്തമാക്കിയതുമാണ്‌. ജിഫ്രിമുത്തുക്കോയ തങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും നേതൃത്വം നൽകുന്ന മുസ്ലിംസംഘടനകൾ ലീഗിന്റെ സമരത്തെ പിന്തുണച്ചില്ല. ഒറ്റപ്പെട്ട ലീഗ്‌ ജാള്യം മറക്കാനാണ്‌ കലാപത്തിനും വർഗീയധ്രുവീകരണത്തിനും ശ്രമിക്കുന്നത്‌.

തെരഞ്ഞെടുപ്പിൽ ലീഗ്‌ വഖഫ്‌ പ്രചരണ വിഷയമാക്കിയില്ല. ബില്ലിനെ സഭയിൽ എതിർത്തതുമില്ല. വഖഫ്‌ സ്വത്തുക്കൾ കയ്യടക്കിയത്‌ ലീഗ്‌ നേതാക്കളാണ്‌. അത്‌ തിരിച്ചുപിടിക്കുമെന്ന്‌ വന്നപ്പോഴാണ്‌ എതിർപ്പും കലാപശ്രമവുമെല്ലാം. മതാധിഷ്‌ഠിതപാർടിയായ ലീഗ്‌ ഇസ്ലാം രാഷ്‌ട്രീയവുമായി സന്ധിചെയ്‌തിരിക്കയാണ്‌. അധികാരം നഷട്‌മായ ലീഗിനെ നയിക്കുന്നത്‌ ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്‌ത്രമാണ്‌. ആർഎസ്‌എസ്‌ വെല്ലുവിളി നേരിടാൻ സഹായിക്കുന്നതല്ല ഈ സമീപനം.

മതനിരപേക്ഷത ഉയർത്തുന്നതിന്‌ പകരം തീവ്രവർഗീയതയെ കൂട്ടുപിടിക്കുന്നത്‌ ആർഎസ്‌എസി ന്‌ അധികാരത്തിൽ തുടരാൻ അവസരമൊരുക്കലാണ്‌.
വിശ്വാസികൾക്ക്‌ എതിരാണ്‌ സിപിഐ എം എന്ന്‌ പ്രചരിപ്പിച്ച്‌ മുസ്ലിം ബഹുജനങ്ങളെ പാർടിയിൽ നിന്നകറ്റാൻ സംഘടിത നീക്കമാണ്‌ സംസ്ഥാനത്ത്‌ നടക്കുന്നത്‌. ലീഗിന്റെ പിന്തുണയിലാണിത്തരം നീക്കങ്ങൾ. ജമാഅത്തെ ഇസ്ലാമിയുടെ ആശയസ്വാധീനത്തിലുള്ള പ്രചരണമാണിത്‌.

കമ്യൂണിസ്‌റ്റുകാർ മതത്തെ അംഗീകരിക്കാത്തവർ എന്ന്‌ ഒരു വിഭാഗം പറഞ്ഞു. കമ്യൂണിസ്‌റ്റ്‌ പാർടി മതവിശ്വാസത്തിന്‌ എതിരല്ല. വിശ്വാസികൾക്ക്‌ അംഗത്വം കൊടുക്കുന്ന പാർടിയാണ്‌ സിപിഐ എം. ആരാധനാലയം സംരക്ഷിക്കാൻ ജീവത്യാഗം ചെയ്‌ത സഖാവ് യു കെ കുഞ്ഞിരാമന്റെ പാർടിയാണിത്‌. ദൂരെനിന്ന്‌ സംശയത്തോടെ വീക്ഷിച്ചിരുന്ന ക്രിസ്‌ത്യൻ–മുസ്ലിം ജനവിഭാഗങ്ങൾ സിപിഐ എമ്മിനെ സ്വാഗതംചെയ്യുന്ന സാഹചര്യമാണിന്നുള്ളത്‌. അതിനാൽ വിശ്വാസികളെ തെറ്റിധരിപ്പിക്കാനുള്ള നീക്കം കേരളത്തിൽ വിജയിക്കില്ല”…. കോടിയേരി പറഞ്ഞു.

May be an image of 1 person and text that says "കേരള രാഷ്‌ട്രീയത്തിൽ മുഖം നഷ്ടമായ മുസ്ലീംലീഗ് കലാപം നടത്തി തിരിച്ചുവരാനാണ് ശ്രമിക്കുന്നത് ലീഗിൻ്റെ രണ്ടാം വിമോചന സമര മോഹം വിജയിക്കില്ല സ. കോടിയേരി ബാലകൃഷ്‌ണൻ (സിപിഐ എം സംസ്ഥാന സെക്രട്ടറി) 000O00BO/CPIMKerala. /CPIMKeral"

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here