കോണ്‍ഗ്രസിന്റേത് കൊലപാതകത്തിന് പ്രോല്‍സാഹനം നല്‍കുന്ന രീതി: മുഖ്യമന്ത്രി

കോണ്‍ഗ്രസിന്റേത് കൊലപാതകത്തിന് പ്രോല്‍സാഹനം നല്‍കുന്ന രീതിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായി അപലപിച്ചാണ് മുഖ്യമന്ത്രി സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സംസാരിച്ചത്.

ധീരജിന്റെ കൊലപാതകത്തില്‍ മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നുവെന്നും ഇത്തരം കാര്യങ്ങളില്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. സമാധാന അന്തരീക്ഷം തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസും ഭാഗമായി എന്നതാണ് ധീരജിന്റെ മരണത്തിലൂടെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതണ്ടയെന്നും മുഖ്യമന്ത്രി പറഞ്ഞു. ധീരജിന്റെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും നാട് അതിന്റെ കൂടെ നില്‍ക്കണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം ആസൂത്രിതയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ധീരജിന്റെ കുടുംബത്തിന് ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പുറത്ത് നിന്നുള്ളവര്‍ വന്നാണ് കൊലപാതകം നടത്തിയത്. ഗൗരവതരമായ അന്വേഷണം ഗവണ്മെന്റ് ഭാഗത്ത് നിന്ന് സ്വീകരിക്കണം. കൊലപാതകക്കേസിലെ പ്രതി നിഖില്‍ പൈലിക്ക് ഒളിസങ്കേതം എറണാകുളത്ത് ഒരുക്കാന്‍ ശ്രമിച്ചത് ആരെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം പ്രകോപനപരമാണെന്നും ധീരജിനെ ഇനിയും അപമാനിക്കരുതെന്നും കോടിയേരി പറഞ്ഞു. ഇത്തരം പരാമര്‍ശം പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണ്.

ഇത്തരം നിലപാടില്‍ നിന്ന് പിന്‍വാങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ഒരാള്‍ കൊല്ലപ്പെട്ടാല്‍ സന്തോഷിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്നും കോണ്‍ഗ്രസ് സെമി കേഡര്‍ ആകുന്നത് കൊലപാതകം നടത്തിയാണോ എന്നും അദ്ദേഹം ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News