ഐഎസ്ആര്‍ഒയുടെ തലപ്പത്ത് ഇനി മലയാളി; ആരാണ് ഡോ. എസ്. സോമനാഥ് ?

മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വിഎസ്എസ്സി ഡയറക്ടറുമായ ഡോ. എസ്. സോമനാഥ് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ഡോ. എസ്. സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2018ലാണ് ഡോ. എസ്. സോമനാഥ് വിഎസ്എസ്സി ഡയറക്ടര്‍ ആയത്. ജിഎസ്എല്‍വി മാര്‍ക്ക് 3 ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്കു രൂപം നല്‍കിയത് ഡോ. എസ്. സോമനാഥിന്റെ നേതൃത്വത്തിലാണ്.

ഇന്ത്യന്‍ എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്നോളജിസ്റ്റുമാണ് ഡോ. എസ്. സോമനാഥ്. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനു തടസമായ ക്രയോജനിക് എന്‍ജിനിലെ തകരാര്‍ പരിഹരിച്ചത് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദഗ്ധനും മലയാളിയുമായ ഡോ. സോമനാഥാണ്. നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടറാണ്.

തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ യുടെ ലോഞ്ച് വെഹിക്കിള്‍ സിസ്റ്റംസ് എഞ്ചിനീയറിംഗ്, സ്ട്രക്ചറല്‍ ഡിസൈന്‍, സ്ട്രക്ചറല്‍ ഡൈനാമിക്‌സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കൊല്ലത്തെ ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി.

ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം സോമനാഥ് 1985 ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ ചേരുകയും പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) പദ്ധതിയുടെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവുകയും ചെയ്തു.

2015 ജൂണില്‍ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്‍പിഎസ്സി) ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം 2018 ജനുവരി വരെ അവിടെ സേവനമനുഷ്ഠിച്ചു.

2018 ജനുവരിയിലാണ് ഡോ. എസ്. സോമനാഥ് വിഎസ്എസ്‌സി ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. അതിന് മുമ്പ് രണ്ടര വര്‍ഷം തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ മേധാവിയായിരുന്നു.

ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഡോ. എസ്. സോമനാഥ്. 1985ലാണ് സോമനാഥ് ഇസ്രൊയിലെത്തുന്നത്. വിഎസ്എസ്‌സിയില്‍ തന്നെയായിരുന്നു തുടക്കം.

2003ല്‍ ജിഎസ്എല്‍വി വികസന സംഘത്തിന്റെ ഭാഗമായി. 2010 മുതല്‍ 2014 വരെ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ പ്രൊജക്ട് ഡയറക്ടറായിരുന്നു. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയില്‍ രാജ്യത്തെ വിദഗ്ധ ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഡോ. എസ്. സോമനാഥ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here