മുംബൈ കലാപമാണ് നഗരമുപേക്ഷിക്കാൻ പ്രേരിപ്പിച്ച ഘടകമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

മുംബൈ കലാപമാണ് നഗരമുപേക്ഷിച്ച് പോകാൻ തന്നെ  പ്രേരിപ്പിച്ച ഘടകമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കലാപത്തിന്റെ ദൃശ്യങ്ങൾ നേരിൽ കാണേണ്ടി വന്ന ദുരവസ്ഥ ഏറെ വേദനിപ്പിച്ചുവെന്നും പ്രവാസകാലത്തെ ഓർമ്മകൾ അയവിറക്കി മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. മുംബൈയിൽ കോവിഡ് മുന്നണിപ്പോരാളികളെ  ആദരിച്ച ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കേരള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി.

മുംബൈയിലെ മുൻകാല സാമൂഹിക  സാംസ്ക്കാരിക പ്രവർത്തകനായ  മന്ത്രി അഹമദ് ദേവർകോവിൽ നഗര ജീവിതത്തിലെ ഓർമ്മകൾ പങ്ക് വച്ചാണ് മഹാ നഗരത്തിലെ മലയാളികൾ നിർബാധം നടത്തി വരുന്ന സേവനങ്ങളെ  പ്രകീർത്തിച്ചത് .

മഹാമാരിക്ക് മുന്നിൽ നഗരം വിറങ്ങലിച്ച് നിന്നപ്പോൾ സഹജീവികളെ ചേർത്ത് പിടിച്ച  നഗരത്തിലെ കോവിഡ് മുന്നണിപ്പോരാളികളെ  ആദരിച്ച ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കേരള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി.

വാഷി കേരള ഹൌസിൽ സംഘടിപ്പിച്ച ചടങ്ങിൽ  മുംബൈയിലെ മലയാളി ഡോക്ടർമാരെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു.

മന്ത്രിയുടെ സാന്നിധ്യവും  വാക്കുകളും മുന്നണിപ്പോരാളികൾക്ക് പ്രചോദനമേകുന്നതായിരുന്നു.  ഇത്തരമൊരു സമാദരം ഇനിയുള്ള തുടർ പ്രവർത്തനങ്ങൾക്ക്  ഊർജ്ജം പകരുമെന്ന്  മന്ത്രി അഹമദ് ദേവർകോവിൽ പറഞ്ഞു.

കേരള സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ വിവരങ്ങളും സംസ്ഥാനത്തിൻ്റെ പൈതൃകമുറങ്ങുന്ന മ്യൂസിയങ്ങളുടെ ക്രിയാത്മകമായ നടത്തിപ്പിനെക്കുറിച്ചും മന്ത്രി പരാമർശിച്ചു.

മുംബൈയിൽ കോറോണക്കാലത്ത് നിരവധി മലയാളി സമാജങ്ങളും, സംഘടനകളും വാട്ട്സപ്പ് കൂട്ടായ്മകളും സജീവമായി രംഗത്തുണ്ടായിരുന്നു. ഹെൽപ്പ് ലൈൻ സേവനങ്ങളിലൂടെയും മറ്റും ഇവരെല്ലാം നൽകിയ സേവനങ്ങൾ സ്തുത്യർഹമാണ്.

നാളിത് വരെ കാണാത്ത മഹാമാരി നഗരത്തിൻ്റെ നട്ടെല്ല് തകർത്തപ്പോൾ സഹജീവികളുടെ ദു:ഖത്തിൽ താങ്ങും തണലുമായി നിന്ന  വ്യക്തികളേയും സംഘടനകളെയുമാണ് കഴിഞ്ഞ ദിവസം ആദരിച്ചത്. അടച്ചിരുന്ന കാലത്തും ദുരിതമനുഭവിക്കുന്നവരുടെ വാർത്തകളോട് പ്രതികരിച്ച് സഹായങ്ങൾ എത്തിച്ചു നൽകിയവർക്ക് തിരികെ നൽകിയ സ്നേഹോപകാരത്തിനാണ് ചടങ്ങ് സാക്ഷ്യം വഹിച്ചത്.

ചടങ്ങിൽ പങ്കെടുത്ത പ്രഗത്ഭനായ ഡോ. ബിജോയ് കുട്ടി  വേഗത്തിൽ പടർന്നു പിടിക്കുന്ന ഒമിക്രോൺ വൈറസ്സിൻ്റെ സാഹചര്യത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട മര്യാദകളെ കുറിച്ചും നിലനിർത്തേണ്ട മാനസിക സന്തുലനത്തിനെ പറ്റിയും  വിശദീകരിച്ചു.

കൂട്ടായ പ്രവർത്തനത്തിൻ്റെ പ്രാധാന്യത്തെ ഉദ്ഘോഷിച്ചും മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ വെല്ലുവിളികളെക്കുറിച്ചും  കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ  ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ  ഡോ ശ്രീജിത്ത് പണിക്കർ അനുഭവങ്ങൾ പങ്ക് വച്ചു .

കോവിഡ് കാലത്തു മഹാനഗരത്തെ കരുതലോടെ ചേർത്ത് പിടിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ അനുഭവങ്ങൾ പങ്ക് വച്ച് മാധ്യമ പ്രവർത്തകൻ പ്രേംലാൽ  പോരാട്ട ദിനങ്ങളുടെ  നാൾവഴികൾ അടയാളപ്പെടുത്തി.

ചടങ്ങിൽ ഡോ ബിജോയ് കുട്ടി, ഡോ ശ്രീജിത്ത് പണിക്കർ, എം കെ നവാസ്, ടി എൻ ഹരിഹരൻ, പ്രിയ വർഗീസ്, ഡോ ഉമ്മൻ ഡേവിഡ്, ഡോ റോയ് ജോൺ മാത്യു,  ഇ പി വാസു, പി കെ ലാലി, എസ് കുമാർ, ബോംബെ കേരള മുസ്ലിം ജമാ അത്, ഹീരാ നന്ദാനി കേരളൈറ്റ്സ് അസോസിയേഷൻ, ഗിരീഷ് കുമാർ, ഡിംപിൾ ഗിരീഷ്, റെനി ഫിലിപ്പോസ്, ഗിരിജ ഉദയൻ  തുടങ്ങിയവരെ പുരസ്‌കാരം നൽകി മന്ത്രി അഹമ്മദ് ദേവർകോവിൽ ആദരിച്ചു.

സർക്കാർ ഉദ്യോഗസ്ഥരായ കേരള ഹൌസ് മാനേജർ രാജീവ്‌, നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ശ്യാംകുമാർ എന്നിവരുടെ മികച്ച സേവനത്തിനും മന്ത്രി പുരസ്‌കാരം നൽകി.  കേരള ഹൌസ് മുംബൈ മലയാളികളുടെ സാംസ്കാരിക കേന്ദ്രമായി ഉയർത്താനും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നണിയിൽ നിന്ന് പ്രവർത്തിക്കാനും രാജീവ് വഹിച്ച പങ്കിനെ യോഗം പ്രകീർത്തിച്ചു.

കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ മുംബൈ മലയാളികൾക്ക് പ്രയോജനപ്പെടുത്തുന്നതിൽ നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ എസ് ശ്യാംകുമാർ വഹിച്ച പങ്ക് ശ്ലാഘനീയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News