മികവുറ്റ നേതൃ സങ്കല്‍പത്തിന്റെ പ്രതീകമായിരുന്നു കവി എസ്.രമേശന്‍; നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി പി.രാജീവ്

പ്രശസ്ത കവിയും സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ നേതൃസാന്നിധ്യവുമായിരുന്ന എസ് രമേശന്റെ വിയോഗത്തില്‍ വ്യവസായ മന്ത്രി പി.രാജീവ് അനുശോചനം രേഖപ്പെടുത്തി. തന്റെ വിദ്യാര്‍ത്ഥി സംഘടനാ കാലം മുതല്‍ ആഴത്തിലുള്ള ബന്ധം സൂക്ഷിച്ചിരുന്ന ഒരാളായിരുന്നു എസ്. രമേശന്‍. മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐയെ നയിക്കുന്ന കാലം മുതല്‍ മികവുറ്റ നേതൃ സങ്കല്‍പത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. സര്‍ഗാത്മക വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ മാതൃകകള്‍ സൃഷ്ടിച്ചതായിരുന്നു അദ്ദേഹം ചെയര്‍മാന്‍ ആയ കോളേജ് യൂണിയന്‍.

പുരോഗമന കലാസാഹിത്യസംഘം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, എറണാകുളം പബ്ലിക് ലൈബ്രറി, കേരള ഗ്രന്ഥശാലാ സംഘം എന്നിവയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ സ്വാധീനിക്കുന്ന ഇടപെടലുകള്‍ അദ്ദേഹം നടത്തി. കൊച്ചിയിലെ കൃതി ഫെസ്റ്റിവല്‍ കേരളത്തിലെ ഏറ്റവും വലിയ പുസ്തകമേളയാക്കി മാറ്റുന്നതിലും അദ്ദേഹത്തിന്റെ പങ്ക് അദ്വിതീയമാണ്.
ഗ്രന്ഥാലോകത്തിന്റെ മുഖ്യ പത്രാധിപര്‍, സാംസ്‌കാരിക മന്തിയായിരുന്ന ടി കെ രാമകൃഷ്ണന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളിലും സാംസ്‌കാരിക മേഖലക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി.

എസ്. രമേശന്റെ വിയോഗം എറണാകുളത്തിന് വലിയ നഷ്ടമാണ്. നഗരത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരിക്കേ അദ്ദേഹവുമായി കൂടുതല്‍ ഇടപഴകി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതായും പി.രാജീവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News