‘നമ്മളീ കോഫിയുടെ കഥ തലമുറകൾ ഓർത്തിരിക്കുന്ന അഭിമാനത്തിൻ്റേയും പോരാട്ടത്തിൻ്റേയും കഥയാക്കി മാറ്റും.’ ആത്മവിശ്വാസത്തിന്റെ, ദൃഢനിശ്ചയത്തിന്റെ വാക്കുകളാണിവ. 5500 കോടി രൂപയുടെ കടം രണ്ട് വര്‍ഷം കൊണ്ട് ഒരാൾക്ക് നികത്താന്‍ പറ്റുമോ? സംശയം തോന്നാം നമുക്ക്. എന്നാൽ പറ്റുമെന്ന് തെളിയിക്കുകയാണ് കഫെ കോഫി ഡേയുടെ(സി.സി.ഡി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാളവിക ഹെഗ്‌ഡെ.
2019 ജൂലായ് 31നാണ് കഫെ കോഫി ഡേ ഉടമ വി.ജി സിദ്ധാർത്ഥ നേത്രാവതി പുഴയിലേക്ക് ചാടിആത്മഹത്യ ചെയ്തത്. ആ വാർത്ത കേട്ട് നടുങ്ങിയവരാണ് നമ്മളെല്ലാം. കടം കയറിയതിനെ തുടര്‍ന്നാണ് സിദ്ധാർത്ഥ ആത്മഹത്യ ചെയ്തത്. അതോടെ 1996 മുതൽ ഇന്ത്യ അനുഭവിച്ച ആ കോഫീ മണത്തിന് അന്ത്യമായെന്ന് ഏവരും വിധിയെഴുതി.
2019 മാർച്ചിൽ സ്ഥാപനത്തിന്റെ ബാധ്യത 7200 കോടി രൂപയായിരുന്നു. ഒരു രക്ഷയുമില്ലെന്ന തോന്നാലാവാം സിദ്ധാര്‍ത്ഥയെ മരണത്തിലേക്ക് തള്ളിവിട്ടത്. തുടര്‍ന്നാണ് മാളവിക ഹെഗ്‌ഡെ തലപ്പത്തേക്ക് എത്തുന്നത്. മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകൾ, രണ്ടാൺകുട്ടികളുടെ അമ്മ, സിദ്ധാർഥ യുടെ പത്നി..
കുറച്ച് കഴിഞ്ഞാല്‍ കമ്പനി തന്നെ പൂട്ടിപ്പോകും എന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷേ അതിനെയൊക്കെ കാറ്റില്‍ പറത്തി 5500 കോടി രൂപയോളം കടം നികത്തിയ സൂപ്പർ വുമൺ ആണിന്ന് മാളവിക. 25000 ഓളം വരുന്ന സിസിഡി ജോലിക്കാർക്ക് എഴുതിയ കത്തിൽ അവരിങ്ങനെ കുറിച്ചു… ‘നമ്മളീ കോഫിയുടെ കഥ തലമുറകൾ ഓർത്തിരിക്കുന്ന അഭിമാനത്തിൻ്റേയും പോരാട്ടത്തിൻ്റേയും കഥയാക്കി മാറ്റും.’
ബംഗളൂരു ആസ്ഥാനമായുള്ള കഫെ കോഫി ഡേ ഇന്ത്യയിലുടനീളം നൂറുകണക്കിന് കോഫി ഷോപ്പുകൾ നടത്തുന്നുണ്ട്. 1996 ജൂലായ് 11ന് ബംഗളൂരുവിലാണ് കഫേ കോഫി ഡേയുടെ ജനനം. സിസിഡിയിലെ കാപ്പിച്ചിനോ, ലേറ്റ്സ് എന്നിവ വളരെ ജനപ്രിയമാണ്. സ്റ്റാർബക്സ് കോർപ്പ്, ബാരിസ്റ്റ, കൊക്കകോളയുടെ ഉടമസ്ഥതയിലുള്ള കോസ്റ്റ കോഫി എന്നിവയാണ് സിസിഡിയുടെ പ്രധാന എതിരാളികൾ.
ചായ വളരെയധികം ഇഷ്ടപ്പെടുന്ന രാജ്യമായ ഇന്ത്യയിലേക്ക് സിദ്ധാർത്ഥയുടെ കോഫി ഷോപ്പ് സംസ്കാരം വൻ തോതിൽ അംഗീകരിക്കപ്പെട്ടു. ഒപ്പം ഇന്ത്യയുടെ ആദ്യകാല സംരംഭ മൂലധന നിക്ഷേപകരിൽ ഒരാളായി അദ്ദേഹം പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാൽ സിദ്ധാർഥയുടെ മരണം കമ്പനി അനിശ്ചിതത്വത്തിലായി. ഈ സംഭവത്തിനു ശേഷം വീണ്ടും പല ഔട്ട്‌ലെറ്റുകൾക്കും പൂട്ട് വീണു. ഇങ്ങനെ വളരെ സങ്കീർണമായ, തകർച്ച ഉറപ്പിച്ച ഒരു പ്രസ്ഥാനത്തെയാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ മാളവിക രക്ഷപ്പെടുത്തിയെടുത്തത്.
2019ലെ 7200 കോടി രൂപയുടെ ബാധ്യത അടുത്ത വർഷം 3100 ആയി കുറഞ്ഞു. 2021ൽ അത് 1731ലേക്ക് താഴ്ന്നു. കൊവിഡ് മഹാമാരിക്കാലത്ത് പോലും കഫേ കോഫി ഡേക്ക് വളരാൻ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. സിസിഡിയുടെ പുതിയ സിഇഒ, ബ്രാൻഡിന്റെ മൂല്യം നിലനിർത്തുകയും നിരവധി പുതിയ നിക്ഷേപകരെ കണ്ടെത്തിയുമൊക്കെയാണ് കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിയത്.
ഇന്ന് സിസിഡിയ്ക്ക് 572 ഔട്ട്‌ലെറ്റുകളാണ് രാജ്യത്തുള്ളത്. ഏഷ്യയിൽ അറബിക്ക കാപ്പിക്കുരുവിൻ്റെ ഏറ്റവും വലിയ ഉത്പാദകർ. 20,000 ഏക്കറിലാണ് കൃഷി. അമേരിക്കയും യൂറോപ്പുമടക്കമുള്ള വൻകരകളിലെ രാജ്യങ്ങളിലേക്ക് അവർ ഇത് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. കരുത്തയായ ഒരു സ്ത്രീയുടെ ആത്മവിശ്വാസത്തിൻ്റെ കഥ കൂടി ഓർത്തുകൊണ്ട് ആ കാപ്പി നുണയാൻ ഏവർക്കും കഴിയട്ടെ…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.