സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടി; രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം കുതിച്ചുയരുന്നു

രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായി രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം കുതിച്ചുയരുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പടെ ഉള്ള വസ്തുക്കള്‍ക്ക് വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് ഡിസംബറില്‍ രേഖപ്പെടുത്തിയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍, തുണിത്തരങ്ങള്‍, പാദരക്ഷകള്‍ തുടങ്ങി അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധനവ് ആണ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് പുതിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് ആണ് ഡിസംബറിലേത്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി ആണ് എന്‍ എസ് ഒ പഠനം നടത്തിയിരിക്കുന്നത്.

ഗ്രാമീണ മേഖലയില്‍ 5.4%വും നഗര മേഖലയില്‍ 5.8% വും ആണ് ഡിസംബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം. നവംബറില്‍ ശരാശരി ഈ മേഖലയിലെ പണപ്പെരുപ്പ നിരക്ക് 4.9% ആയിരുന്നു. വ്യാവസായിക ഉത്പാദനം മന്ദഗതിയിലായതായും എന്‍ എസ് ഒ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഒക്ടോബറില്‍4% ഉണ്ടായിരുന്ന ഉത്പാദന നിരക്ക് ഡിസംബറില്‍ 1.4% ആയി കുറഞ്ഞു. ഭക്ഷ്യ ഉല്‍പന്ന മേഖലയില്‍ ആണ് റീട്ടെയില്‍ പണപ്പെരുപ്പം ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്.

നവംബറില്‍ 1.9% ഉണ്ടായിരുന്ന പണപ്പെരുപ്പം ഡിസംബറില്‍ 4.1% ആയാണ് ഉയര്‍ന്നത്. ഇന്ധന മേഖലയിലും പണപ്പെരുപ്പം ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. കോവിഡ് മൂന്നാം തരംഗ ഭീഷണി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക നയ രൂപീകരണ സമിതി അടുത്ത മാസം യോഗം ചേരും. സാമ്പത്തിക രംഗത്ത് നിലവില്‍ ഉയര്‍ന്ന വെല്ലുവിളി കൂടി കണക്കിലെടുത്ത് ആകും സമിതി യോഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here