ശബരിമലയിൽ‍ മികച്ച സേവനം നൽ‍കി കെഎസ്‌ഇബി

ശബരിമല പമ്പ പ്രദേശത്ത് വൈദ്യുതി വിതരണം നടത്തുന്നത് പമ്പ-ത്രിവേണി 66 കെ.വി സബ്സ്റ്റേഷനില്‍ നിന്നാണ്. ടി സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത് നിബിഡ വനത്തിലൂടെ ശബരിഗിരി വൈദ്യുതി നിലയത്തില്‍ നിന്നും, മുണ്ടക്കയം സബ്സ്റ്റേഷനില്‍ നിന്നും, കൊച്ചുപമ്പ സബ്സ്റ്റേഷന്‍ വഴി നിര്‍മ്മിച്ചിട്ടുള്ള 66കെ.വി. ലൈന്‍ വഴിയാണ് വൈദ്യുതി എത്തിക്കുന്നത്.

ത്രിവേണി 66കെ.വി. സബ്സ്റ്റേഷന്റെ സ്ഥാപിതശേഷി 8എം.വി.എ. ആയിരുന്നത് 14 എം.വി.എ. ആക്കി വര്‍ദ്ധിപ്പിച്ചു.ത്രിവേണി സബ്സ്റ്റേഷന്‍, 66കെ.വി. ലൈനുകള്‍ തുടങ്ങിയവയുടെ സീസണ്‍ പൂര്‍വ്വ അറ്റകുറ്റപണികള്‍ കാര്യക്ഷമമായി പൂര്‍ത്തീകരിച്ചു.

ശബരിമല-പമ്പ മേഖലയില്‍ വൈദ്യുതി വിതരണത്തിനായി 15 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ (11 കെ.വി.) ലൈനും 17.5 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനും 38 ട്രാന്‍സ്ഫോര്‍മറുകളും നിലവിലുണ്ട്. കേരളത്തില്‍ നിലവിലുള്ള പൂര്‍ണ്ണമായും കവചിതമായ (Insulated) ആയ ഏക വൈദ്യുതി വിതരണ സംവിധാനമാണ് ശബരിമലയില്‍ ഉള്ളത്.

ഇവിടെ നിലവിലുള്ള എല്ലാ ലൈനുകളും (ഹൈ ടെന്‍ഷന്‍ ലൈനുകളും ലോ ടെന്‍ഷന്‍ ലൈനുകളും) ഏരിയല്‍ ബഞ്ച്ഡ് കേബിളുകള്‍ (ABC) ഉപയോഗിച്ചുള്ളതാണ്. ശബരിമല-പമ്പ മേഖലയില്‍ യാതൊരു തടസ്സങ്ങളുമില്ലാതെ പരാതിരഹിതമായി വൈദ്യുതി നല്‍കിവരുന്നുണ്ട്.

വൈദ്യുതി വിതരണം കൂടാതെ ശബരിമല-പമ്പാ മേഖലയിലെ ലൈറ്റുകളുടെ (Public Lights) പരിപാലനവും കെ.എസ്.ഇ.ബി.യാണ് നിര്‍വ്വഹിക്കുന്നത്. ഈ മേഖലയില്‍ 2486 എല്‍.ഇ.ഡി. ലൈറ്റുകളും 511 ട്യൂബ് ലൈറ്റുകളും, സോഡിയം ലാമ്പുകളും ഉള്ള ഒരു സ്ഥിരം ലൈറ്റിംഗ് സംവിധാനം കെ.എസ്.ഇ.ബി. സ്ഥാപിച്ച് പരിപാലിച്ച് വരുന്നുണ്ട്.

ഇതിന് പുറമേ 515 എല്‍.ഇ.ഡി. ലൈറ്റുകളും, 625 ട്യൂബ് ലൈറ്റുകളും, – 27 സോഡിയം വേപ്പര്‍ ലാമ്പുകളും താല്‍കാലികമായും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ദേവസ്വം ബോര്‍ഡ്, പോലീസ് തുടങ്ങിയ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ലൈറ്റുകള്‍ സ്ഥാപിച്ച് നല്‍കി വരുന്നുണ്ട്.

സീസണ്‍ സമയത്ത് കാര്യക്ഷമമായ വൈദ്യുതി വിതരണവും ലൈറ്റുകളുടെ പരിപാലനവും ഉറപ്പുവരുത്തുന്നതിനായി ഒരു അസിസ്റ്റന്റ് എന്‍ഞ്ചിനിയറുടെ നേതൃത്വത്തില്‍ 24 പേരുടെ പ്രത്യേക സംഘത്തെ നിയോഗിക്കുന്നുമുണ്ട്.

നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ വൈദ്യുതി വിതരണം നിര്‍വ്വപിക്കുന്നതിനായി 6.8 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും 28.2 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്.കക്കാട് 110 കെ.വി സബ്സ്റ്റേഷനില്‍ നിന്നും എരുമേലി 110 കെ.വി. സബ്സ്റ്റേഷനില്‍ നിന്നുമാണ് 11 കെ.വി. ഫീഡറുകള്‍ വഴി വൈദ്യുതി എത്തുന്നത്.

കക്കാട് സബ്സ്റ്റേഷനില്‍ നിന്നും നിലയ്ക്കല്‍, പ്ലാപ്പള്ളി എന്നീ ഫീഡറുകളിലൂടെയും, എരുമേലി സബ്സ്റ്റേഷനില്‍ നിന്നുള്ള നാറാണംതോട് ഫീഡറുകളുടെ വനാതിര്‍ത്തി മുതലുള്ള ഭാഗങ്ങള്‍ ഭൂഗര്‍ഭ കേബിളുകള്‍ ആണ്.

നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ ശബരിമല പോലെ തന്നെ പൊതു ലൈറ്റുകളുടെ സ്ഥാപനവും പരിപാലനവും കെ.എസ്.ഇ.ബി.യാണ് ചെയ്യുന്നത്. ആയതിനായി 952 ട്യൂബുകളും 78 എല്‍.ഇ.ഡി. ലൈറ്റുകളും, 74 സോഡിയം വേപ്പര്‍ ലാമ്പുകളും സ്ഥാപിച്ച് പരിപാലിച്ച് പോകുന്നുണ്ട്.

നിലയ്ക്കല്‍ ബേസ് ക്യാമ്പിലുള്ള എല്ലാ ലൈനുകളും സമഗ്രമായ അറ്റകുറ്റപണികള്‍ നടത്തി തടസ്സ രഹിതമായി വൈദ്യുതി വിതരണം നടത്തുന്നുണ്ട്. ലൈനുകള്‍ പൊട്ടി വീഴാതിരിക്കാനും ലോ ടെന്‍ഷന്‍ ലൈനുകളില്‍ 1700 സ്പേസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇതിനു പുറമേ 68 താല്‍ക്കാലിക കണക്ഷനുകള്‍ അവിടെ നല്‍കിയിട്ടുണ്ട്.
വൈദ്യുതി തടസ്സമില്ലാതെ നല്‍കുന്നതിനും ലൈറ്റുകള്‍ പരിപാലിക്കുന്നതിനും ഒരു സബ് എന്‍ഞ്ചിനിയറുടെ നേതൃത്വത്തില്‍ ആറു പേരടങ്ങുന്ന ഒരു സംഘത്തെ അവിടെ നിയോഗിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News