സമസ്ത കൈയോടെ പിടികൂടിയത് ലീഗിന്‍റെ കള്ളക്കളികള്‍: ഐ.എന്‍.എല്‍

വാർത്തകൾ വളച്ചൊടിച്ചും ഇല്ലാ കഥകൾ മെനഞ്ഞെടുത്തും സുന്നി പ്രസ്ഥാനത്തിന്മേൽ പാർട്ടിക്കുള്ള ആധിപത്യം സ്ഥാപിക്കാനും സമസ്ത പ്രസിഡൻറ് ജിഫ്രി തങ്ങളുടെ മേൽ കടിഞ്ഞാണിടാനുമുള്ള മുസ്ലിം ലീഗും അവരുടെ മുഖപത്രവും നടത്തുന്ന കള്ളക്കളികൾ പണ്ഡിതസഭ കൈയോടെ പിടികൂടിയിരിക്കയാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

ബുധനാഴ്ച ചേർന്ന സമസ്ത മുശാവറ യോഗത്തിൻെറ തീരുമാനം വ്യക്തമായ ഭാഷയിൽ പത്രക്കുറിപ്പിലുടെ പുറത്തുവിട്ടതാണ്. സമസ്തയുടെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല എന്ന് വ്യക്തമാക്കിയതിനെ ലീഗുമായുള്ള ബന്ധം തുടരുമെന്ന് ഉന്നതാധികാര സമിതി തീരുമാനിച്ചുവെന്ന രീതിയിൽ ലീഗ് മുഖപത്രം വ്യാജ വാർത്ത നൽകിയത് ആസൂത്രിതമാണ്.

ഇത്തരം തെറ്റായ വാർത്തകളിൽ വഞ്ചിതരാവരുത് എന്നാണ് സമസ്ത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സമസ്ത എന്നാൽ മുസ്ലിം ലീഗ് ആണ് എന്ന ചിലരുടെ വിധേയത്വപരമായ നിലപാട് മുശാവറ തള്ളിക്കളഞ്ഞിട്ടുണ്ട്. കൂടിയാലോചന കൂടാതെ ആരും നിലപാട് പരസ്യമായി പറയരുതെന്ന് ശൂറയിൽ തീരുമാനമെടുത്തെന്നും വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിൽ പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശത്തിലാണീ തീരുമാനമെന്നുമാണ് ലീഗ് കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്.

സോഷ്യൽ മീഡിയയിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചർച്ചകൾ പ്രവർത്തകരിൽനിന്ന് ഉണ്ടാവാൻ പാടില്ലെന്നും അത്തരക്കാർക്കെതിരെ ശക്തമായ അച്ചടക്ക നടപടി ഉണ്ടാവുമെന്നും താക്കീത് നൽകിയതിനെയാണ് ജിഫ്രി തങ്ങളുടെ കഴുത്തിന് പിടിക്കാൻ ലീഗുകാർ ഉപയോഗിച്ചിരിക്കുന്നത്.

സംഘടനയെ ലീഗിൻെറ പോഷക ഘടകമാക്കി വരുതിയിൽ നിർത്തുന്ന കാലം അവസാനിച്ചിരിക്കയാണെന്ന സമസ്തയുടെ മുന്നറിയിപ്പാണ് ലീഗിനെ ഇമ്മട്ടിൽ സംഭ്രാന്തരാക്കിയിരിക്കുന്നതെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News